രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍
നീയെൻ പ്രണയസൗഗന്ധിക പുഷ്പമായ്,
മായാതെ നിൽക്കയാണിന്നുമുള്ളിൽ!
നീയെൻ കിനാവുകൾക്കൂർജ്ജം പകർന്നാതി-
ഥേയത്വമാർന്നിടു,ന്നിന്നുമുള്ളിൽ!
വാരിളംകാറ്റുവന്നെൻ മെയ് തലോടവേ-
യോരുകയാണ,പ്രണയഭാവം!
പാരമാത്മാവിൽ നിന്നായതിൻ മാറ്റൊലി,
നേരിൻ വെളിച്ചമായുദ്ഗമിപ്പൂ!
ഈ വിശ്വവിജ്ഞാനകോശമായ് ജീവനിൽ,
മേവുകയല്ലിയ,പ്രേമസൂക്തം!
കാലഭേദങ്ങ,ളേതേതുമറിയാതെ-
യാലോലനൃത്തം ചവിട്ടിയീ ഞാൻ,
കാലെയ,ച്ചിന്താപ്രവാഹത്തിലാണ്ടുറ്റ;
ശീലുകളെത്ര രചിച്ചുചാലേ !
ഇന്നിൻ വെളിച്ചത്തിലായതിൻ മാഹാത്മ്യ-
മൊന്നറിഞ്ഞീടാൻമുതിർന്നിടൂനാം
ഈ ലോകഗോളം പുലർന്നോരു നാൾമുതൽ,
നീലോൽപലംപോൽ വിടർന്നുനീളെ,
പാലഞ്ചുമാ,നറുപുഞ്ചിരിതൂകിനീ,
പീലികൾ നീർത്തിയാടുന്നിതാർദ്രം!
കേവലാനന്ദത്തിനപ്പുറം പ്രാണനിൽ,
തൂവമൃതായ് തെളിഞ്ഞെത്തിയേവം;
സാവേരി രാഗങ്ങൾ മീട്ടിയുദ്ദീപ്തമാർ –
ന്നാവോ,മൽപ്രേമമേ,ലാലസിപ്പൂ.