മാഹിൻ കൊച്ചി ✍
തീവ്രമായി വിയോജിക്കുമ്പോഴും, തീവ്രമായി സ്നേഹവും ആദരവും തോന്നിക്കൊണ്ടേയിരിക്കുന്ന ഒരേയൊരു മനുഷ്യനേയുള്ളൂ എന്റെ ജീവിതത്തിൽ… അത് ദാസേട്ടനാണ്, സാക്ഷാൽ ഡോ. കെ ജെ യേശുദാസ്. വിയോജിപ്പുകൾ രൂക്ഷമാകുമ്പോൾ യൂട്യൂബിൽപോയി #പ്രമദവനം കേൾക്കും. എന്നിട്ട് സ്വയം തോൽക്കും… വർഷങ്ങൾ ഒരുപാടായി ഈ കള്ളനും പോലീസും കളി… സ്നേഹിക്കാനും, ആദരിക്കാനും, ആരാധിക്കാനും, ചിലപ്പോഴൊക്കെ വെറുക്കാനും കാരണങ്ങളുള്ള അപൂർവ്വ മനുഷ്യന് ഹൃദയോഷ്മളമായ 82 ആം ജന്മദിനാശംസകൾ…❤🌹🙏
അവനവന്റെ സ്വന്തം സ്വരത്തേക്കാൾ വേഗത്തിൽ മലയാളിക്ക് തിരിച്ചറിയാൻ കഴിയുന്ന സ്വരത്തിന്റെ ഉടമ ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉള്ളൂ. അത്
കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസാണ്. അഗ്നി പോലെ പടരുന്ന ,മഞ്ഞു തുള്ളി പോലെ കുളിർ പകരുന്ന ,സാഗരം പോലെ ഇരമ്പുന്ന ദല മർമ്മരം പോലെ ഹൃദയത്തിൽ ആമന്ത്രണം ചെയ്യുന്ന ആ മധുര ശബ്ദം ആദ്യമായി സിനിമയിലെത്തുന്നത് വെറും നാലു വരി ശ്ലോകത്തിലൂടെയായിരുന്നു…. ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശത്തെ ആസ്പദമാക്കി നമ്പിയത്ത് നിർമ്മിച്ച് കെ എസ് ആന്റണി സംവിധാനം ചെയ്ത “കാൽ പാടുകൾ” എന്ന ചിത്രത്തിൽ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ഗുരുവിന്റെ നാലു വരി യേശുദാസിന്റെ വശ്യമായ ശബ്ദത്തിൽ ആദ്യമായി റെക്കോഡ് ചെയ്തപ്പോൾ ആ മഹാഗായകൻ മലയാളികളുടെ ജീവന്റെ സംഗീതവും ആത്മാവിന്റെ തുടിപ്പുമായിമാറി. ആ ഹൃദയത്തുടുപ്പിനെയാണു ലോകമെങ്ങും ഉള്ള മലയാളികൾ ഗാന ഗന്ധർവ്വൻ എന്നു സ്നേഹാദര പൂർവ്വം സംബോധന ചെയ്യുന്നത്.
1940 ജനുവരി 10-ന് ഫോർട്ടു കൊച്ചിയിലെ റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ് യേശുദാസ് ജനിച്ചത്.
അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി…. ശാസ്ത്രീയ സംഗീതത്തോട് അതും കർണ്ണാടക വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. ബാല്യകാലത്ത് താൻ അനുഭവിച്ച ദുരിതങ്ങളെ പറ്റി യേശുദാസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ ജോസഫ് എന്ന അച്ഛൻ….
അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ് 1949-ല്‍ ഒമ്ബതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാര്‍ ദാസപ്പന്‍ എന്ന ഓമനപ്പേരില്‍ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളജ് എന്നിവിടങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കർണ്ണാടകസംഗീത രംഗത്തും ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു….
പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ല്‍ ഭാഗവതരുടെ മരണം വരെ ഇതു തുടര്‍ന്നു പോന്നു.
അമ്പത് വര്‍ഷങ്ങള്‍ക്കു മുന്പ് , 1961 -ലെ ജൂണ്‍ മാസം ടക്‌സി ഡ്രൈവര്‍ മത്തായിച്ചേട്ടന്‍ നല്‍കിയ 16 രൂപയുമായി കൊച്ചിയിലെ ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നും മദ്രാസിലെ മൈലാപൂരിലേക്ക് തീവണ്ടി കയറുമ്പോള്‍ കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ് പോലും ചിന്തിച്ചിട്ടുണ്ടാകില്ല മലയാളം മരിക്കുവോളം അനശ്വരമാകുന്ന മഹത്തായ ഒരു സംഗീത നിര്‍വ്വഹണത്തിന്‍റെ തീര്‍ത്ഥാടനമായിരിക്കും അതെന്ന്…. ഒന്നും അനായാസമായിരുന്നില്ല യേശുദാസിന്. ദാരിദ്രം, പട്ടിണി, നിരുത്സാഹപ്പെടുത്തുന്ന എതിര്‍പ്പുകള്‍,..,
പക്ഷേ നിശ്ചയദാര്‍ഢ്യത്തോടെ യേസുദാസ് സംഗീത സാഗരങ്ങളെ പാടിയുണര്‍ത്തി. പാട്ടിന്‍റെ പാലാഴി തീര്‍ത്ത് ചലച്ചിത്ര സംഗീതത്തിന്‍റെ കനക സിംഹാസനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. കസ്തൂരി മണക്കുന്ന പാട്ടുകളിലൂടെ മലയാളിയുടെ ഗാനഗന്ധര്‍വ്വനായി. കശ്മീരി, ആസാമീസ് ഭാഷകളൊഴിച്ച് എല്ലാ ഇന്ത്യന്‍ ഭാഷകളെയും തന്‍റെ ശബ്‌ദ മാധുര്യം കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട് കെ ജെ യേശുദാസ്. കടല്‍ കടന്ന് അറബിയിലും ലത്തീനിലും ഇംഗ്ലീഷിലും റഷ്യനിലും യേശുദാസ് പാടി. 50 ൽ കൂടുതൽ വര്‍ഷങ്ങള്‍. ഏതാണ്ട് അര ലക്ഷത്തിലേറെ ഗാനങ്ങള്‍…!
നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തെ തിരഞ്ഞെത്തികൊണ്ടെ ഇരിക്കുന്നു. ദേശീയതലത്തില്‍ അദ്ദേഹത്തിനു ഏഴു തവണ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ഇരുപത്തിഅഞ്ചു തവണയാണ് ലഭിച്ചത് . അംഗീകാരങ്ങള്‍ കുന്നുകൂടുമ്പോഴും കൂടുതല്‍ വിനയാന്വിതനാകുന്ന അദ്ദേഹം തന്റെ സംഗീത സപര്യ ഇപ്പോഴും തുടരുന്നു. 1960 –ല്‍ തന്റെ ശബ്ദം പ്രക്ഷേപണ യോഗ്യമല്ല എന്ന് വിധിയെഴുതിയ ആകാശവാണി മാത്രമല്ല, ഇന്ത്യയിലെ എല്ലാ റേഡിയോ നിലയങ്ങളും യേശുദാസിന്റെ ഗാനങ്ങള്‍ ഇന്ന് ഇടതടവില്ലാതെ പ്രക്ഷേപണം ചെയ്യുന്നു.
ഏഷ്യ, മോസ്കോ റേഡിയോ, ബി ബി സി, വോയ്സ് ഓഫ് അമേരിക്ക, ശ്രീലങ്കാ പ്രക്ഷേപണ നിലയം തുടങ്ങിയുള്ള അന്താരാഷ്‌ട്ര നിലയങ്ങളിലൂടെയും ആ സുന്ദര നാദവീചികള്‍ അന്തരീക്ഷത്തിലൂടെ ഒഴുകി നടന്നു. ഇന്ന് ഇന്റര്‍നെറ്റ് വഴി ഇന്ത്യക്കാരുള്ള, മലയാളികളുള്ള, ലോകത്തിന്റെ ഓരോ കോണിലും മൂലയിലും യേശുദാസിന്റെ മധുരസ്വരം മുഴങ്ങുന്നു. ഏവരിലും ഗൃഹാതുരത്വം ഉണര്‍ത്തുന്നു.
ക്രിസ്തീയ, ഹൈന്ദവ, ഇസ്ലാം തുടങ്ങിയ എല്ലാ മതവിഭാഗങ്ങളും വിശ്വസിക്കുന്നത് ഒരേ ദൈവത്തില്‍ തന്നെയാണെന്ന് കരുതുന്ന യേശുദാസ് മതസൌഹാര്‍ദ്ദത്തിന്റെ ഒരു തികഞ്ഞ വക്താവാണ്. കലാകാരന്മാര്‍ക്ക് സാമൂഹിക ബോധം ആവശ്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് യേശുദാസ്. ആ വിശ്വാസം അദ്ദേഹം സ്വന്തം ജീവിതത്തില്‍ ദൈനംദിനം പ്രാവര്‍ത്തികമാക്കി വരുന്നു. 1971 -ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് പ്രധാനമന്ത്രിയുടെ പ്രതിരോധ ഫണ്ടിലേക്ക് ധനശേഖരണാര്‍ത്ഥം അദ്ദേഹം കേരളം ഉടനീളം ഗാനമേളകള്‍ നടത്തി. 1999 നവംബറില്‍ UNESCO അദ്ദേഹത്തിനു സംഗീതത്തിനും സമാധാനത്തിലും ഉണ്ടാക്കിയ നേട്ടങ്ങള്‍ക്കായി അവാര്‍ഡ് സമ്മാനിച്ചു. 2002 -ല്‍ തലശ്ശേരിയിലുണ്ടായ ലഹളയെ തുടര്‍ന്ന് അദ്ദേഹം സുഗതകുമാരിയോടൊപ്പം അവിടം സന്ദര്‍ശിക്കുകയും സമാധാന സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇന്ത്യയുടനീളം നടത്താനുദ്ദേശിക്കുന്ന തീവ്രവാദത്തിനെതിരെയുള്ള സംഗീതയജ്ഞത്തിനു 2009 -ല്‍ തിരുവനന്തപുരത്തു തുടക്കമിട്ടു…..
അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ നിറകണ്ണുകളോടെയുള്ള പ്രാര്‍ഥനയാകാം ആ സംഗീത ജൈത്രയാത്രയ്ക്കു പിന്നില്‍. അല്ലെങ്കില്‍ മുഴുവന്‍ മലയാളികളുടെയും ജന്മസുകൃതമാകാം. മലയാളിയുടെ സ്വപ്‌നങ്ങള്‍ക്കു, പ്രണയത്തിന്, സ്‌നേഹത്തിന്, വാത്സല്യത്തിന്, വേദനകള്‍ക്ക്, ഉണര്‍വിന്….
മെല്ലെ മെല്ലെ സ്വര്‍ണച്ചാമരം വീശിക്കൊണ്ട് നമ്മുടെ കാതിനരികെ, ഹൃദയത്തിനരികെ ആ അലൗകിക ശബ്ദം ചേര്‍ന്നു നില്‍ക്കുന്നു…!!
പ്രിയപ്പെട്ട ദാസേട്ടന് സ്നേഹോഷ്മളമായ ജന്മദിനാശംസകൾ… അങ്ങേയ്ക്ക് എന്നും സമാധാനവും സ്വാസ്ഥ്യവുമുള്ള ദീർഘായുസ്സിന് ശുഭാശംസകൾ..❤
അങ് ഇനിയും വാഴുക…
അനശ്വരനാവുക ദാസേട്ടാ…