രചന :സുബി വാസു ✍

പുറത്തു ഡിസംബർ മാസത്തിലെ വരണ്ട കാറ്റ് വീശി കൊണ്ടിരിക്കുന്നു ദൂരെയെവിടെയോ ക്രിസ്മസ് കരോളിൻറെ നേർത്ത അലകൾ കാതിൽ ഒഴുകിയെത്തി മെർലിൻ കാറ്റിലാടുന്ന
മെഴുകുതിരി വെട്ടം തീർക്കുന്ന നിഴൽരൂപങ്ങൾ നോക്കിയിരുന്നു.കാറ്റിൽ ചലിക്കുന്ന നിഴൽ രൂപങ്ങൾ നോക്കി നിൽക്കുമ്പോൾ പണ്ടെങ്ങോ കണ്ട നിഴൽക്കൂത്തു ഓർമ്മ വന്നു.
റിച്ചുവിന്റെ കൂടെ അവന്റെ കൈപിടിച്ച് നാടോടികൾ നടത്തുന്ന കൊട്ടകയിൽ നിഴൽകൂത്തു കണ്ടു ഉറങ്ങിയ ആ രാത്രി.മഞ്ഞു വീണു കുളിർന്ന രാവിൽ അവന്റെ കോട്ടു പുതച്ചു ആ മടിയിൽ ഉറങ്ങി എത്രയോ ശാന്തമായി.

റിച്ചുവിന് ഓരോന്നും കൗതകമായിരുന്നു അവന്റെ കൗതുകത്തിനു പുറത്താണ് അന്നു പോയത്.
മുഴുവൻ ഇരുട്ടുനിറഞ്ഞ ആ സ്റ്റേജിൽ പതിയെ മങ്ങിയ പ്രകാശം പരന്നു വെളുത്ത തുണിയിൽ പതിയെ നിഴലുകൾ ചലിച്ചു തുടങ്ങി. കണ്ടപ്പോൾ ആ നിഴൽചിത്രങ്ങൾക്ക് വല്ലാത്ത വശ്യ ഭംഗി തോന്നി. അവനതിലേക്കു സസൂക്ഷ്മമം നോക്കിയിരുന്നു. അവന്റെ ക്യാമറ കണ്ണുകളിൽ അത് ഒപ്പിയെടുത്തു.പതിയെ എന്റെ കണ്ണുകളിൽ ഉറക്കം തളം കെട്ടിയപ്പോൾ റിച്ചുവിനെ വിളിച്ചു.
റിച്ചു..

അവനെന്നെ നോക്കി.
ഉറക്കം വരുന്നോ?
അവൻ നിലത്തു കാലുകൾ നീട്ടി. അവന്റെ കോട്ടൂരി എന്നെ പുതപ്പിച്ചു. കരുതൽ ആയിരുന്നു അവനെന്നോട് തള്ളപ്പക്ഷി ചിറകിലൊളിപ്പിച്ച കുഞ്ഞി പക്ഷിയായിരുന്നു അവനു ഞാൻ.
അവന്റെ കുറുമ്പുകൾ എന്റെ വാശികൾ എന്നും അവനാണ് ജയം. അവന്റെ കരുതലിൽ പ്രണയത്തിൽ ഞാൻ തോൽക്കുകയായിരുന്നു.
ഇന്നു ഈ നിഴൾരൂപങ്ങൾ മാത്രമായി കൂട്ടിനു. അവന്റെ ഓർമ്മകൾ ഉറങ്ങുന്ന ഈ മണ്ണ് വിട്ടു പോകാൻ മനസനുവദിക്കുന്നില്ല. അല്ലെങ്കിലും തന്നെ ആർക്കും വേണ്ടല്ലോ… അമ്മച്ചിയും പോയതോടെ എല്ലാം അന്യമായി.

റിച്ചുവിന്റ ഓർമ്മകൾ..അതിൽനിന്നൊരു മോചനമില്ല. എവിടെ പോയി അവൻ? എന്നോട് പറയാതെ,എന്നെ പിരിയാതെ ഇരിക്കാത്തവൻ…
ഒടുവിൽ ഈ അക്ഷരങ്ങൾ മാത്രമാണ് തനിക്ക് കിട്ടിയത്.അവൾ ആ കടലാസ് ചുരുൾ നിവർത്തി. പഴക്കം ചെന്നു പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാലും അതിനു ജീവനുണ്ട്.
റിച്ചുവിന്റ അക്ഷരങ്ങളുടെ ജീവൻ…

അവൾ വിറക്കുന്ന കൈകളോടെ ശ്രദ്ധയോടെ നിവർത്തി. മെഴുകുതിരി വെട്ടത്തിലേക്കു നീട്ടി വച്ചു. കണ്ണുകൾ കൂർപ്പിച്ചു അതിലേക്കു നോക്കി.
മങ്ങിയ കാഴ്ച്ചയാണെങ്കിലും നീല അക്ഷരങ്ങൾ കാണാം. വായിക്കാൻ വ്യക്തമല്ല പക്ഷേ അതിലെ ഓരോ വരിയും തനിക്ക് ഹൃദിസ്ഥമാണ്.
അവൾ ഒന്നുകൂടെ മങ്ങിയ അക്ഷരങ്ങളിലൂടെ വിരലോടിച്ചു.
മനസിലൂടെ ആ വാക്കുകൾ തെളിഞ്ഞു വന്നു.

സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ മൂർത്തിയായി ദൈവപുത്രൻ ഈ ഭൂമിയിൽ പിറക്കുന്ന തിരുപ്പിറവി ദിനത്തിൽ ഞാനെത്തും എന്റെ മാലാഖയെ കാണാൻ. നമ്മുടെ സ്നേഹ സംഗമത്തിനായി പുൽക്കൂടുകൾ ഒരുക്കി ആകാശത്തിലെ മാലാഖമാർ നിലാവ് പൊഴിക്കും, നക്ഷത്രങ്ങൾ നമ്മൾക്ക് ചുറ്റും നൃത്തം വയ്ക്കും, സ്വർഗീയ സംഗീതം പശ്ചാതലമൊരുക്കിയ ക്രിസ്മസ് ഗാനങ്ങൾ കൊണ്ട് സംഗീതസാന്ദ്രമായ ആ പാതിരാവിൽ ഞാനും നീയുമൊന്നായി ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷിക്കും…..വീണ്ടും നമ്മുടെ പ്രണയം ഒഴുകും കാത്തിരിക്കൂ…

എനിക്കായി ഒരുക്കുന്ന പുൽകൂടിൽ നീ നിന്റെ സ്നേഹത്തിന്റെ മെഴുകുതിരികൾ കത്തിക്കുക. അലങ്കാരങ്ങൾ ഇല്ലാതെ ഒരൊറ്റ നക്ഷത്രം മാത്രം. നിഴലുകൾ ചിത്രംവരയ്ക്കുന്ന ആ വീഥിയിൽ ഒരു നിഴലായി ഞാൻ വരും. തണുത്ത കാറ്റിന്റെ കൈകൾ കൊണ്ട് ഞാൻ നിന്നെ ഇറുകെ പുണരും, എന്റെ ചുംമ്പനത്തിൽ തിളങ്ങുന്ന നിന്റെ കണ്ണിൽ പ്രണയത്തിന്റെ നക്ഷത്രങ്ങൾ കാണണം….

അപ്പോഴും നീയാ വെളുത്ത വസ്ത്രം ധരിക്കണം. അതാണ് എന്റെ മാലാഖ യുടെ അടയാളം…എന്റെ മാലാഖയെ മനോഹരിയാക്കുന്ന വസ്ത്രമതാണ്..
അവൾ വെറുതെ ഒന്നു കണ്ണോടിച്ചു നോക്കി.എങ്ങും അലങ്കാര ദീപങ്ങൾ, നക്ഷത്രവിളക്കുകൾ, പ്രകാശം പരത്തി നിൽക്കുന്നു.

പക്ഷേ തന്റെ വില്ലയിൽ ഒറ്റ നക്ഷത്രം കൂടുതൽ തെളിമയോടെ നിൽക്കുന്നു. കത്തിച്ചു വെച്ച മെഴുകുതിരിയുടെ വെട്ടത്തിൽ കാഴ്ചകൾ മനോഹരം.
എന്നും ഈ ലാളിത്യവും മനോഹാരിതയുമായിരുന്നു റിചാർഡ് ഇഷ്ടപെട്ടിരുന്നത്.
എപ്പോഴും എന്റെ നഴ്സിംഗ് യൂണിഫോം ആണ് അവനിഷ്ടം.
മേരി you look so cute…
തന്നെ കാണുമ്പൊൾ ഒക്കെ പറയും.
ഈ ഡ്രസ്സിൽ നീ ശരിക്കുമൊരു മാലാഖയാണു.
മഞ്ഞു തുള്ളികൾ കരിയിലയിലേക്ക് വീഴുന്ന ശബ്ദം, ആരുടെയോ പാദസ്പർശം പോലെ….
അവനാകുമൊ?

എഴുനേറ്റു ചെന്നു നോക്കി. പുറത്തു ബോഗൻവില്ലയും ഓർക്കിടും തലയാട്ടി നിൽക്കുന്നു. മരങ്ങളുടെ നിഴലുകൾ പല രൂപങ്ങൾ വരച്ചു. അതിലൊന്ന് ആ രൂപമായിരുന്നെങ്കിൽ…. മനസ് വല്ലാതെ കൊതിച്ചു പോയി.
നെടു വീർപ്പോടെ തിരിഞ്ഞു നടന്നു. പതിയെ ബെഡിൽ ഇരുന്നു. ഭംഗിയായി മടക്കിവച്ച കോട്ടെടുത്തു നിവർത്തി. പഴക്കം അതിനെയും നന്നായി ബാധിച്ചിരിക്കുന്നു.തുന്നലുകൾ അകന്നു തുടങ്ങി, കുഞ്ഞു കുഞ്ഞു തുളകൾ. വീണിരിക്കുന്നു. എന്നാലും റിച്ചുവിന്റെ മണം എവിടെയോ തങ്ങി നിൽക്കുന്നു. കൂടെ അവനുണ്ടെന്നു തോന്നി.
റിച്ചു അവനൊരു അത്ഭുതമായിരുന്നു. Bsc നഴ്സിംഗ് കഴിഞ്ഞു നേരെ ജോലിക്ക് കയറിയത് മാഹിയിലെ അതി പ്രശസ്ത ഹോസ്പിറ്റലിൽ ആണ്’ മദർcare ഹോസ്പിറ്റൽ.’
അവിടെ മിക്കവാറും ആംഗ്ലോ ഇന്ത്യൻ ഡോക്ടർസ് ആയിരുന്നു. കാണുമ്പൊൾ എല്ലാവരും ഒരേ പോലെ തോന്നും അതിൽ തികചും വത്യാസം തോന്നി dr റിചാർഡ്‌ ഫ്രാങ്ക്‌ളിനെ പരിജയപെട്ടപ്പോൾ.

കടും കാപ്പി മിഴികളും ചെമ്പൻ നിറമുള്ള മീശയും, മുടിയും, നല്ല ശരീരഭംഗിയും. ആ പുഞ്ചിരി.. ഏതോ ഹോളിവുഡ് നടനെ അനുസ്മരിപ്പിക്കും. പെൺകുട്ടികളുടെ ആരാധനാപാത്രം.
ആദ്യം കണ്ടപ്പോൾ തന്നെ എന്റെ പേര് മാറ്റി.
മെർലിൻ.. അത് ശരിയാവില്ല, മേരി that name is good for you.
ഞാൻ ചിരിച്ചുകൊണ്ട് സമ്മതിച്ചു.വളരെ മൃദുവായ സംസാരം.ആ പുഞ്ചിരി ആരെയും ആകർഷിക്കും.

പിന്നീട് അടുത്തപ്പോൾ അറിഞ്ഞു അത് റിച്ചുവിന്റെ അമ്മയുടെ പേരാണ്ന്നു. കുഞ്ഞിലേ നഷ്ടപെട്ട അമ്മയെ തേടിയത് എന്നിലായിരുന്നു. ആ കുട്ടിത്തവും കുസൃതിയും അതു പ്രണയത്തോടെ ആസ്വദിച്ചു…
സാർ..
എന്നു വിളിച്ചപ്പോൾ ആവശ്യപ്പെട്ടത് റിച്ചു ന്നു വിളിക്കാൻ ആയിരുന്നു.കുഞ്ഞിലേ അമ്മ വിളിച്ചത് അങ്ങനെ ആയിരുന്നു.

ഒരു നല്ല സുഹൃത്താകാനാണു കൊതിച്ചത് പക്ഷേ….അതിലേറെ എന്തൊക്കെയോ ആയിരുന്നു അവൻ.അച്ഛന്റെ കരുതലും, അമ്മയുടെ വാത്സല്യവും, എനിക്കായി നീട്ടിയ പ്രണയവും, അതിലേറെ എന്നെ അത്ഭുതപെടുത്തിയത് അവന്റെ സമീപനവും, സ്നേഹമായിരുന്നു. കുറുമ്പുള്ള, വാശിയുള്ള, എന്തിനും പിണങ്ങി സ്നേഹിക്കുന്ന അവൻ..
ഒരു മെഴുകുതിരിയായി സ്വയം എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട എന്റെ ജന്മത്തിൽ പ്രകാശം പരത്തികൊണ്ട് കടന്നു വന്നവൻ.പെട്ടന്ന് ഇരുട്ടിൽ തനിച്ചാക്കി കടന്നു പോയി പിന്നെ പ്രതീക്ഷകളുടെ, കാത്തിരിപ്പിന്റെ നോവുകൾ സമ്മാനിച്ച് ഇന്നും….
അപ്പനും അമ്മയും ചേച്ചിമാരും അനിയത്തിമാരും അതായിരുന്നു ലോകം. അച്ഛന്റെ കുടുംബം കുടിയേറ്റകർഷകരായി രുന്നു.പാരമ്പര്യമായി കിട്ടിയ കുറച്ചു ഭൂമിയും കൈയേറിയതായി കിട്ടിയ കുറച്ചു ഭൂമിയുമായി 4ഏക്കർ ഭൂമി.അതിൽ വിവിധ തരത്തിലുള്ള കൃഷികൾ. ജാതി,ഇഞ്ചി, മഞ്ഞൾ,കുരുമുളക് എല്ലാമുണ്ട്.

മുകളിൽ രണ്ടു ചേച്ചിമാർ താഴെ രണ്ടു അനിയത്തിമാർ താൻ നടക്കു പെട്ടുപോയി ശരിക്കും നടുമുറി.അതാണല്ലോ എല്ലാവരും ഒഴിവാക്കി വിട്ടത്.അതോർത്തപ്പോൾ കണ്ണു നിറഞ്ഞു. എത്ര പെട്ടെന്നാണ് അവർക്കന്യയായതു. എല്ലാം കഴിഞ്ഞപ്പോൾ ലിൻസികൊച്ചും…
താൻ പഠിക്കാൻ മിടുക്കി ആയതുകൊണ്ട് തന്നെ പ്ലസ് ടു കഴിഞ്ഞ് ജനറൽ നേഴ്സിങ് അഡ്മിഷൻ കിട്ടി ഗവൺമെൻറ് ഹോസ്പിറ്റൽ കിട്ടിയതുകൊണ്ട് അതൊരു സൗകര്യമായി രണ്ടാം വർഷത്തിലാണ് അപ്പച്ചൻ പക്ഷാഘാതം വന്ന് തളർന്നത് അതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞു. ഉള്ള സ്ഥലം വിറ്റു ചികിത്സചെയ്തു .കുറച്ചൊക്കെ എഴുന്നേറ്റ് നടക്കുന്ന അത്രയും ആയി അത്രയേ ഉള്ളൂ ആശ്വാസം. പതിയെ അമ്മച്ചിയും ചേച്ചിമാരും കുടുംബം നോക്കാൻ വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ടു മേഴ്സി ചേച്ചി എൽസ ചേച്ചിയും അവരായിരുന്നു വീടിൻറെ വിളക്കുകൾ ഞങ്ങൾ മൂന്നു പേരെയും കഷ്ടപ്പെട്ട് പഠിപ്പിച്ചു.

മേഴ്സി ചേച്ചി തയ്ച്ചു ണ്ടാക്കുന്ന പണം, എൽസ ചേച്ചി അമ്മച്ചിയുടെ കൂടെ പശുവിനെ നോക്കിയും കൃഷിചെയ്തു അങ്ങനെയുണ്ടാകുന്ന പണം എന്നാലും അതൊരു ആശ്വാസമായിരുന്നു.ആൻസിയും ഞാനും ലിൻസികൊച്ചും പഠനം തുടർന്നു അതിനിടയിൽ മേഴ്സിചേച്ചിയെ കല്യാണം ആലോചിച്ചു വന്നു കുറച്ച് സ്ഥലം വിറ്റ് കെട്ടിച്ചയച്ചു സാമുവൽ നല്ല മനുഷ്യനായിരുന്നു ഞങ്ങൾക്ക് ഒരു മൂത്ത ജേഷ്ഠൻ സ്ഥാനത്ത് എല്ലാത്തിനും കൂടെ നിന്നു.പക്ഷേ ഒരു സാധാരണ കുടുമ്പത്തിന്റെ കഷ്ടപാടിലായിരുന്നു അവർ.

ഞാനെൻറെ പഠനം തുടർന്ന് അതിനിടയ്ക്ക് എൽസ ചേച്ചിയുടെ കല്യാണം കൂടെ കഴിഞ്ഞതോടുകൂടി ഒരു വിധം കുഴപ്പമില്ലാത്ത അവസ്ഥ. പിന്നെ എൻറെ ഊഴം ആയിരുന്നു എനിക്ക് അപ്പോഴേക്കും കോഴ്സ് തീർന്നു. ജില്ലാ ഹോസ്പിറ്റൽ തന്നെ ജോലി കിട്ടി ഒരു വർഷം NRHM പോസ്റ്റിൽ ഞാൻ ജോലി ചെയ്തു ആ പൈസ ഉപയോഗിച്ച് പിന്നെ ഞാൻ ബിഎസ്സി പഠിച്ചു. ആ സമയത്തു ആൻസി ഒരു പ്രണയത്തിൽ പെട്ടു. പിന്നെ ഒന്നും നോക്കിയില്ല ഉള്ളതൊക്കെ അരിച്ചു പെറുക്കി അവളെയും..

BSc നഴ്സിംഗ് മാഹിയിൽ ആയിരുന്നു പഠിച്ചതൊക്കെ. അതുകൊണ്ട് തന്നെ മാഹിയിൽ ഉള്ള മദർ കെയർ ഹോസ്പിറ്റലിൽ ജോലി കിട്ടി ഒരു ആംഗ്ലോ ഇന്ത്യക്കാരനായ ബെഞ്ചമിൻ ആയിരുന്നു അതിൻറെ എംഡി.
എൻറെ ശമ്പളത്തെ ആശ്രയിച്ചാണ് പിന്നീട് ലിസയുടെ പഠനം അപ്പച്ചൻ ചികിത്സ എല്ലാം നടന്നത്. ആ സമയത്തൊന്നും ഞാൻ കല്യാണത്തെ കുറിച്ചു ചിന്തിച്ചില്ല.അമ്മച്ചി ഓർമിപ്പിച്ചെങ്കിലും മനഃപൂർവം വിട്ടു.

മാഹിയും മയ്യഴിയും ഒക്കെ ഒത്തിരി ഇഷ്ടമായിരുന്നു മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചു അവിടെയൊക്കെ മുന്നേ ഞാൻ സഞ്ചരിച്ചിരുന്നു..
അധികം ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ എല്ലാം അവസാനിച്ചുന്നു കരുതിയിടത്തു നിന്നു എന്നിൽ

സ്വപ്നങ്ങൾ വളർത്തി,പ്രതീക്ഷകൾ
തന്നുകൊണ്ടു എവിടെയൊ മറഞ്ഞു…
മദർ കെയർ ഹോസ്പിറ്റൽ ജീവനക്കാർക്ക് താമസിക്കാൻ ഒരുപാട് കോർട്ടേഴ്‌സുകൾ ഉണ്ടായിരുന്നു.എനിക്കും ഒരു കോർടെഴ്സ് കിട്ടി. ബോഗൺവില്ലയും വിവിധ തരത്തിലുള്ള ഓർക്കിഡുകളും നിറഞ്ഞുനിന്നിരുന്ന ഒരു കൊച്ചു വീട്‌. ആശ്പത്രി കൊമ്പൗണ്ടിനോട് ചേർന്നു തന്നെ ആയിരുന്നു.

ഇന്നും എന്റെ വീട്‌.. പ്രണയിനിക്കായി റിച്ചുവിന്റെ സമ്മാനം.
അവന്റെ ഡാഡിയും രണ്ടാനമ്മയും പാരീസ്സിൽ ആയിരുന്നു. അവിടെ റിസേർച്ചിന് വേണ്ടിയാണു റിചാർഡ്‌ പോയത്.വല്ലാത്ത വേദന തോന്നി പിരിയാൻ രണ്ടാൾക്കും ഒത്തിരി വിഷമം.മുടങ്ങാതെ കത്തുകൾ ഉണ്ടാവും.മൂന്നു വർഷം മൂന്നു യുഗങ്ങൾ പോലെ കഴിഞ്ഞു. ഒടുവിൽ ആ വർഷത്തെ ക്രിസ്മസ് രാവിൽ എത്തുമെന്ന് അറിയിച്ചുകൊണ്ട് വന്ന കത്ത്…
എത്രയോ ക്രിസ്മസ് രാവുകൾ കഴിഞ്ഞു പക്ഷേ അവൻ മാത്രം??

ഒരുപാട് അന്വേഷിച്ചു. കത്തുകളിലെ വിലാസത്തിൽ എഴുത്തുകൾ എഴുതി. ഒന്നിനും മറുപടി ഇല്ല. ഹോസ്പിറ്റലിൽ സഹപ്രവർത്തകരും അന്വേഷണം നടത്തി.പാരീസിൽ നിന്നും പോന്നിട്ടുണ്ട് പക്ഷേ…
വരും ഒരിക്കൽ തന്നെ തേടി വരാതിരിക്കില്ല. ആ കാത്തിരിപ്പാണ് ഇന്നും.കൂട്ടിനു അവൻ സമ്മാനിച്ച മനോഹരമായ ഓർമ്മകളും ആ ഓർമ്മകളിൽ അവളിൽ പുതിയൊരു ഉണർവ് പകർന്നു.

അന്നു നക്ഷത്രങ്ങളെ സാക്ഷിയാക്കി, പുൽകൂടിന് മുന്നിൽ നിന്നു അവൻ അണിയിച്ച നീലകല്ലുള്ള മോതിരം ഓർമ്മകൾക്ക് മാറ്റുകൂട്ടി.അവൾ അതിൽ പതിയെ തലോടി.
അന്നു ഇതുപോലെ ക്രിസ്മസ് ആഘോഷം കഴിഞ്ഞു പുറത്തേക്കു നോക്കിയിരുന്നു. അവിടെ നിഴൽലുകൾ പരസ്പരം മുട്ടിയിരുമി നിഴൽകൂത്താടുന്നു. അവൻ കൗതുകത്തോടെ നോക്കിയിരുന്നു. ഞാൻ അവനോട് ചേർന്നിരുന്നു പിന്നെ എന്റെ കണ്ണിലേക്കു നോക്കി. പതിയെ കൈകൾ പിടിച്ചു തലോടി വിരലിൽ അണിയിച്ചു. കൂടെ ഒരു ചുംമ്പനവും…
നക്ഷത്രങ്ങൽ സാക്ഷിയായി, ഉണ്ണിയേശു സാക്ഷിയായി നീ എന്റെയാകുന്നു….
നെറ്റിയിൽ ആ ചുണ്ടുകളുടെ നനുത്ത സ്പർശം ആ വിരലുകളുടെ മാന്ത്രികതയിൽ ഉടൽ പൂത്തുലഞ്ഞു നാണം കൊണ്ടു മിഴികൾ കൂമ്പിയടഞ്ഞു.അരണ്ട വെളിച്ചത്തിലെ നിഴൽ രൂപങ്ങൾ പോലെ ഞാനും അവനും…

ഒടുവിൽ ഒരു തൂവൽപോലെ അവന്റെ നെഞ്ചിൽ കിടന്നു…
പുലരുമ്പോഴും ആ നെഞ്ചിലെ ചൂടിലാണ്. നാണത്തോടെ എഴുനേറ്റു…
അവൾ പുൽകൂടിനുള്ളിലേക്ക് നോക്കി അവിടെ ഉണ്ണിയേശു പുഞ്ചിരി തൂകി ഉറങ്ങി കിടക്കുന്നു.മെഴുകുതിരി ഉരുകി വീണനിലത്തെ പാടുകളിൽ നഖമുരസി മെർലിൻ പുഞ്ചിരിച്ചു…
ഏറ്റവും മനോഹരമായ പുഞ്ചിരി…
മേരി….
ഉം
സങ്കടമുണ്ടോ?
ഇല്ല സന്തോഷം മാത്രം. നിന്റേതായി തീർന്ന നിമിഷങ്ങൾ നിനക്കായി എല്ലാം സമർപ്പിച്ചവൾ… മതി ഇതുമതി കാത്തിരിക്കാം ഞാൻ..

ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ശുഷ്കിച വിരലുകൾ കൊണ്ടു വെറുതെ മുഖം തലോടി. മോതിരത്തിൽ ഒന്നൂടെ ചുംബിച്ചു.
ഓർമ്മകളുടെ പേജുകൾ പതിയെ മടക്കി. യഥാർഥ്യങ്ങളിലേക്ക് തിരിഞ്ഞു. അപ്പോഴും പുൽകൂടിൽ ഉണ്ണിയേശു പുഞ്ചിരി തൂകി ഉറങ്ങി കിടക്കുന്നു.
ഈ രാവും വെളുത്തു തുടങ്ങി. തന്റെ പ്രതീക്ഷകൾ അവസാനിക്കുന്നു. ഈ വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാം.
ഇനി അടുത്ത ഡിസംബറിൽ…

By ivayana