സതീശൻ നായർ ✍

പിള്ളേ ആരാ ആ പോണത്..
ചോദ്യം ഇടവഴിയുടെ കയ്യാലക്കപ്പുറമുളള തെങ്ങിൻ കുഴിയിൽ നിന്നാണ്..
ഞാൻ തന്നെ ആശാനേ..
ങാ നീ ആ കോവാലൻറെ മോനല്ലേ..
നിൻറെ തൗപ്പന് സുഖം തന്നെ അല്ലേടാ..
തന്നാശാനേ..
അച്ഛന് സുഖം തന്നെ ആശാനേ..
ങും അവനൊക്കെ വലിയ ആളായിപ്പോയില്ലേ..
വഴിയിൽ കാണുമ്പോ ഒരു ചായക്കുളള വക പോലും തരൂല..
ആശാൻ..
എല്ലാവരും അയാളെ ആശാനെന്നാണ് വിളിക്കുന്നത്..
ചിലർ മേശിരിയെന്നും..
നാട്ടിലുളള പല ചെറുപ്പക്കാരെയും മേസൻ പണി പഠിപ്പിച്ചത് അയ്യപ്പൻ എന്ന ഈ ആശാനാണ്..
ജീവിത യാത്രയിൽ സമ്പാദിച്ചത് എല്ലാം ഒന്നും ബാക്കിയില്ലാതെ ..
കിട്ടുന്ന കാശ് മൊത്തം കൂട്ടത്തിൽ കൂടിയ ഭാര്യയുടെ ആങ്ങളക്കും ശിഷ്യൻമാരുടെ കുടുംബത്തിലെയും പട്ടിണി മാറ്റാൻ നല്കിയിരുന്ന ആൾ..
ആശാന് കുട്ടികളില്ലാത്തതിനാൽ
ആങ്ങളയുടെ കുട്ടികളെ സ്വന്തം കുട്ടികളായി കണ്ട് എല്ലാം നൽകി..
ഇടക്കാലത്ത് ഭാര്യ കൂടി നഷ്ടപ്പെട്ടപ്പോൾ അവിടെ പോകുന്നത് അപൂർവ്വമാക്കി..
സ്വന്തം വീട്ടിലും അന്യനായി എന്ന തോന്നൽ വന്നപ്പോൾ പിന്നെ അളിയന് ശല്യമാകാൻ ആശാൻ പിന്നങ്ങോട്ടു പോയില്ല..
പിന്നെ സ്വന്തം കൂരയിൽ കാത്തിരിക്കാൻ ആളില്ലല്ലോ..?
പിന്നെ ആഹാരം കഴിക്കുന്നത് കള്ളുഷാപ്പിലും..
അതുകാരണം ജീവിതത്തിൽ എപ്പോഴും പോക്കറ്റ് കാലി..
ചിന്തക്ക് വിരാമമിട്ടത് ആശാന്റെ ശബ്ദമാണ്..
നീ എവിടെ പോയതാ..?
റേഷൻ കടയിലാ ആശാനേ മണ്ണെണ്ണയും അരിയും വാങ്ങാൻ പോയതാ..
മണ്ണെണ്ണയുണ്ടോ നിൻറെ കയ്യിൽ..?
ഉണ്ടാശാനേ ദേ പാട്ടേലുണ്ട്..
നീ കുറച്ചു തന്നിട്ടു പോ..
ആശാനേ അത്..
കുഴപ്പമില്ല നിൻറെ അച്ചനോട് പറഞ്ഞാ മതി ഞാൻ വാങ്ങിച്ചന്ന്..
കയ്യാലക്കപ്പുറം ചാടിക്കടന്ന് ചൃന്നപ്പോൾ തന്നെ മനം പുരട്ടുന്ന ദുർഗന്ധം അന്തരീക്ഷത്തിൽ പടർന്നത് അലോസരമുളവാക്കി..
കറപിടിച്ച പല്ലുകൾ കാട്ടി അയാൾ പ്രതീക്ഷ സ്പുരിക്കുന്ന മിഴികളോടെ എന്നെയും നോക്കിയിരിക്കുന്നു..
വെളുപ്പും കറുപ്പും കലർന്ന താടി ചളിയും ആഹാരത്തിൻറെ അംശങ്ങളും ചേർന്ന് കുറച്ചു കൂടി അയാളെ വികൃതനാക്കി..
ശരീരം തണുപ്പിൽ നിന്നും രക്ഷിക്കാനായി മുഷിഞ്ഞ ഒന്നിലധികം ഉടുപ്പുകൾ അയാൾ ധരിച്ചിട്ടുണ്ടായിരുന്നു..
അയാളുടെ അടുത്തേക്ക് അടുക്കുംതോറും ദുർഗന്ധം കൂടി കൂടി വരുന്നു..
കാലിലും കയ്യിലും കെട്ടിയ തുണികൾക്കിടയിലൂടെ രക്തവും ചലവും നനഞ്ഞിരിക്കുന്നുണ്ടായിരുന്നു..
ഒരു ചളുങ്ങിയ അലുമിനിയം പാത്രം മണ്ണെണ്ണക്കു വേണ്ടി അയാൾ എനിക്ക് അരികിലേക്ക് നിരക്ി നീക്കി..
അതിലേക്ക് മണ്ണെണ്ണ ഒഴിച്ചു കൊടുത്തു കൊണ്ട് അവൻ ചോദിച്ചു..
ആശാനെ മണ്ണെണ്ണ എന്തിനാ..
അയാളുടെ ചുണ്ടുകളിൽ ക്രൂരമായൊരു ചിരി വിടർന്നു..
കൊല്ലാനാ..
പുഴുവിനെ…
അതെന്നെ ഒരുപാട് വേദനിപ്പിക്കുന്നു..
ഇതു പറഞ്ഞയാൾ കാലിലെ കെട്ടഴിച്ചു..
കാലിലുളള വലിയൊരു പുണ്ണിൽ നിന്നും രക്തവും ചലവും ഒഴുകുന്ന കൂട്ടത്തിൽ വെളുത്തു നീളമുളള മുത്തുകൾ പോലെന്തോ പുറത്തേക്ക് ചാടി തുളളിപ്പിടക്കുന്നു..
അവൻ നല്കിയ മണ്ണെണ്ണ കുറേശ്ശെ അയാൾ മുറിവിനുളളിലേക്ക് കുറേശ്ശെ ആശാൻ കോരിയൊഴിച്ചു..
മണ്ണെണ്ണ ഉള്ളിലേക്ക് ചെന്നതോടെ കൂടുതൽ പുഴുക്കൾ പുറത്ത് ചാടി..
ഒരു ചിരിയോടെ ഒരാശ്വാസത്തോടെ പുഴുക്കളെ എന്തൊക്കെയോ ചീത്ത പറഞ്ഞ് അയാൾ ആ മണ്ണിലേക്ക് തന്നെ തൻറെ ഭാണ്ടക്കെട്ട് തലയിൽ വച്ച് അയാൾ കിടന്നു..
ആശാനേ ആശുപത്രിയിൽ പോയില്ലേ..
കൊച്ചേ വാമനോരത്ത് ആശൂത്തിരി പോവാൻ ബസ്കാര് കേറ്റൂല ബസ്സില്..
പ്രെെവറ്റാശുത്രീല് ആര് കൊണ്ടോവാൻ..
അതു പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു..
അധികനേരം അവിടെ നില്ക്കാൻ മനസ്സ് സമ്മതിച്ചില്ല..
വീട്ടിൽ എത്തുമ്പോഴും ആശാന്റെ രൂപം തന്നെ ആയിരുന്നു മനസ്സിൽ..
ഉറങ്ങാൻ കണ്ണടക്കുമ്പോഴും കാലിലെ പുണ്ണുകളിൽ നിന്നു ചാടിക്കളിച്ചു നുളക്കുന്ന പുഴുക്കളായിരുന്നു മനസ്സിൽ..
രണ്ടു ദിവസം കഴിഞ്ഞ് പരിസരം ദുർഗന്ധം നിറഞ്ഞപ്പോൾ അന്വേഷിച്ചു ചെന്ന ആരോ കണ്ടു പുഴുക്കൾ അരിച്ച ശരീരവുമായി ആശാൻറെ ജഡം..
അപ്പോഴും ഭാണ്ഡക്കെട്ടിൽ ആശാനൊരിക്കലും ഉപയോഗിക്കാനാവാത്ത നോട്ടുകളും നാണയങ്ങളും അവശേഷിച്ച ബന്ധുക്കൾക്കൊരു തർക്ക വിഷയമായി ഭദ്രമായി പ്ളാസ്റ്റിക് കവറിൽ ഒളിപ്പിച്ച രീതിയിൽ വച്ചിട്ടുണ്ടായിരുന്നു..

By ivayana