ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസിൽ എല്ലാ സാക്ഷികളും നൽകിയത് കൃത്യമായ മൊഴിയാണെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി സുഭാഷ്. കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കിയുള്ള കോടതി വിധിക്ക് പിന്നാലെയാണ് ഡി.വൈ.എസ്.പിയുടെ പ്രതികരണം.

അംഗീകരിക്കാനാവാത്ത വിധിയെന്നാണ് കോട്ടയം മുൻ എസ്.പി എസ്.ഹരിശങ്കർ പ്രതികരിച്ചത്. അപ്പീൽ പോകുമെന്നാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ജിതേഷ് ബാബു പ്രതികരിച്ചത്.2018 ജൂൺ 29-ന് രജിസ്റ്റർ ചെയ്ത കേസിൽ വിധി പ്രസ്താവിക്കാൻ മൂന്ന് വർഷത്തിലധികം വേണ്ടി വന്നു.  2014- മുതൽ 16 വരെ 13 തവണയാണ് ഇര ലൈംഗീക പീഢനത്തിന് വിധേയ ആവേണ്ടി വന്നതെന്നാണ് പോലീസ് റിപ്പോർട്ട്.

25 കന്യാസ്ത്രീകൾ, 11 വൈദീകർ എന്നിവരടക്കം 80 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.വിസ്തരിച്ച 39 സാക്ഷികളും കൂറുമാറിയതുമില്ല, അല്ലാതെ തന്നെ സാക്ഷി മൊഴികൾ കള്ളമാണെന്ന് തെളിഞ്ഞെന്നുമാണ് അഭിഭാഷകൻ പറയുന്നത്. ശാസ്ത്രീയ തെളിവുകളുടെ അഭാവം കോടതിയിൽ വിനയായെന്നാണ് സൂചന. മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ കേസിൽ ഹജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയില്‍ നടപ്പായിരിക്കുന്നു എന്നാണ് അദ്ദേഹം കുര്‍ബാനയ്ക്ക് ശേഷം പ്രതികരിച്ചത്. ഒപ്പം നിന്ന എല്ലാ വിശ്വാസികള്‍ക്കും നന്ദി അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. കോടതി വിധി വന്നയുടന്‍ അദ്ദേഹം അഭിഭാഷകരെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

സത്യം ജയിച്ചുവെന്നായിരുന്നു ജലന്ധര്‍ രൂപതയുടെ പ്രതികരണം. അതേസമയം വിചാരണ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാനാണ് കന്യാസ്ത്രീകളുടെ തീരുമാനം. കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് സിസ്റ്റര്‍ അനുപമ വിധി പ്രസ്താവത്തിന് ശേഷം പ്രതികരിച്ചു. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാം എന്ന അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് സമാനതകളില്ലാതെ കേരളം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന ആരോപണം. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പുമായി ഫ്രാങ്കോ മുളക്കല്‍.

By ivayana