രചന : പ്രകാശ് പോളശ്ശേരി.✍
ഇന്നു ഞാനെഴുതിയ വരികളിലൊന്നുമേ
നിന്നുള്ളിലെത്തിയില്ലെന്നുണ്ടാകുമോ
ഞാനന്നു കണ്ടയാകാശ ചോപ്പുകൾ
വെന്തമനസ്സിൻ്റെ ലക്ഷണമാകുമോ
ഉഷ്ണകാലങ്ങളിലൊരു കുളിർ തെന്നലായ്
വർഷമേഘങ്ങൾ പെയ്യാത്തതെന്താണ്
വേച്ചു വീഴും വരെ കാത്തിരിക്കേണമോ
ഇറ്റു ദാഹജലമിറ്റിച്ചു തന്നിടാൻ
ഒറ്റ വാക്കുത്തരം തന്നിടാനായിട്ടു
ഒറ്റക്കിരിക്കണോചിന്തിച്ചു കൂട്ടണോ
തട്ടുതട്ടായി കെട്ടിയൊരുക്കിയ മലഞ്ചെരു
വൊത്തിരികാത്തിരിക്കുന്നുണ്ടൊരുവസന്തവും
വിത്തെറിഞ്ഞു ഞാനെൻ്റെ തിട്ടയിലെ
ന്നാലൊട്ടും കിളിർത്തില്ല സുഗന്ധച്ചെടികളും,
പകരമേതോ കാറ്റു കൊണ്ടുവന്നിട്ടേറെ
തൊട്ടാവാടി ചെടികൾ തൻ വിത്തുകൾ
ഒന്നു തലോടാൻ ആഞ്ഞു തുടങ്ങുമ്പോ
കൈകൾ കൂപ്പി നീ പിന്തിരിപ്പിക്കുന്നു
പിന്നെയുമെന്നാഗ്രഹം പൂവിട്ടാൽ
കൂർത്ത മുള്ളിനാൽ മറുപടി തന്നിടും
കാലം കഴിയവേ നീ നിൻ്റെ പൂക്കളെ
കാറ്റിൽ പറത്തുന്നു വേറാർക്കു വേണ്ടിയും,
ഇല്ല വരില്ല ഞാൻ അങ്ങകലെയാക്കുഴി
മാടത്തിനുള്ളിൽ വിശ്രമിച്ചീടവെ,
നീയെൻ ചാരത്തു വന്നിരിക്കുമറിയാം
അന്നു ഞാനില്ല എന്നാത്മാവുമന്നില്ല
ഏതോ ജന്മത്തിലെ പ്രണയത്തിനായി ഞാൻ
സരയൂതടത്തിൽ കാത്തിരിക്കുന്നുണ്ടാം