Shaharban P E✍️
ചില സന്ദർഭങ്ങളിൽ ഒന്നും മിണ്ടാതെ മനസ്സ് വിറങ്ങലിച്ച് കണ്ണ് തളളി നിന്ന് പോയിട്ടുണ്ട്.
അങ്ങിനെ ഒരു സന്ദർഭമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എൻറെ തോട്ട അയൽപക്കത്ത് നടന്ന ഒരു മരണം വഴി ഉണ്ടായത്. എൻറെ കല്ല്യാണം കഴിഞ്ഞ അതേ വർഷം തന്നെ ആയിരുന്നു എൻറെ ഭർത്താവിൻറെ അയൽപക്കകാരനായ പ്രവാസി, ഹാജറ എന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കൊണ്ട് വന്നത്.
ഞങ്ങൾ അയൽവാസികളും സമപ്രായക്കാരും ഒക്കെ ആയത് കാരണം നല്ല അടുപ്പവും ആയിരുന്നൂ. അവരുടെ കുട്ടികളും എൻറെ കുട്ടികളൂം ഒരുമിച്ച് വീട്ടിലൊക്കെ കളിച്ച് നടക്കുകയും ചെയ്യൂം. 3 വർഷമായി ഞങ്ങൾ തറവാട്ടിൽ നിന്നും വേറെ വീട്ടിൽ താമസമാക്കിയതിന് ശേഷം കാണൽ കുറവാണ്.
ഹാജറയുടെ ഭർത്താവ് പറഞ്ഞപോലെ ഒരു പ്രവാസി ആണ്. വീട്ടിലെ ചെറിയമകൻ. ഉപ്പയും ഉമ്മയും നേരത്തെ മരിച്ചു. ജേഷ്ടൻമാരൊക്കെ വേറെ വീട് എടുത്ത് താമസമാക്കി. പിന്നീട് തറവാട്ടിൽ ഇവളും ഇവനും മൂന്ന് ചെറിയ പെൺകുട്ടികളൂം മാത്രമാണ്. തറവാട് അഞ്ച് സെൻറ് സ്ഥലത്ത് പഴയ ചെറിയ ഒരുവീട് ആണ്. അതിൽ പെങ്ങൻമാർക്കും സഹോദരങ്ങൾക്കും അവകാശം ഉളളതിനാലും ഓഹരി തീരുമാനമാകാത്തതിനാലൂം ഇവൻ അതിനടുത്ത് 5 സെൻറ് സ്ഥലം വാങ്ങി ചെറിയ ഒരു വീട് എടുത്ത് താമസമാക്കി. കുറച്ച് പണികൾ ബാക്കി ഉണ്ടായിരുന്നു. അതിന് ശേഷം ഗൾഫിൽ പോവുകയൂം കൊറോണ കാലത്ത് ലീവിന് വരുകയൂം ഇനി ഒരു തിരിച്ച്പോക്കില്ല നാട്ടിൽ എന്തേലും ജോലി ചെയ്ത്ജീവിക്കാം എന്ന് തീരൂമാനിക്കൂകയൂം ചെയ്തിരുന്നു.
അവന് ഹോട്ടൽ പണികൾ ആയിരുന്നു ഗൾഫിൽ.
ആ പണി തന്നെ നാട്ടിലും ചെയ്ത് നോക്കി. കേരളത്തിന് പുറത്തും ആ മേഖലയിൽ തന്നെ ചില പരിപാടികൾ ഒക്കെ നോക്കി. ഒന്നും ശെരിയായി വന്നില്ല. അവസാനം ഗൾഫിലോട്ട് രണ്ട് മാസംമുന്നെ മനം മടുത്ത്കൊണ്ട് വീണ്ടൂം പോയി. ഒരു മാസം കഴിഞ്ഞതിന്ശേഷം ഒരു ദിവസം വൈകുന്നേരം അറിയുന്നത് അന്ന് ഉച്ചവരെ ഭാര്യക്കും മക്കൾക്കും വീഡിയൊകോൾ ചെയ്ത് സംസാരിച്ച 35 വയസ്സ് മാത്രം ഉളള ആൾ ഹൃദയാഘാതം മൂലം മരിച്ചു എന്നാണ്.
നാട്ടിൽ എല്ലാ രംഗത്തും സജീവമായ ഒരാൾ പൊടുന്നനെ മരിച്ചപോൾ നാടിന് താങ്ങാവുന്ന ഒന്നായിരുന്നില്ല ആ മരണം.
എന്നാൽ അതിലേറെ വിഷമിപ്പിച്ചത് മരണം നടന്ന് 16 ദിവസം കഴിഞ്ഞു ആ മയ്യിത്ത് മോർച്ചറിയിൽ നിന്നും ബന്ധപെട്ടവർക്ക് അവിടെ തന്നെ മറചെയ്യാൻ കിട്ടുമ്പൊ. റൂമിൽ നിന്ന് മരിച്ചത് കാരണവും പോലീസ് പ്രൊസീചർ കാരണവും ആണ് അത്രയും നീളാൻ കാരണം എന്ന് പറയുന്നു.
മരണ വിവരം അറിഞ്ഞതിന് ശേഷം ഹാജറയെ കാണാൻ ഞാൻ പോയി. അപ്പോൾ അവൾ അവിടെ ഇല്ല. രണ്ട് ദിവസം ഭക്ഷണം ഒന്നും കഴിക്കാതെ അവശയായത് കാരണം ആശുപത്രിയിൽ കൊണ്ട് പോയതാണ്. കുറച്ച് സമയം കഴിഞ്ഞപ്പൊ തിരിച്ച് വന്നു. അവൾ വന്ന് കയറിയപ്പൊ മിഠായിക്ക് വേണ്ടി കരയുന്ന അവളുടെ കൊച്ച് മക്കളേയാണ് ഞാൻ കണ്ടത്. മൂത്ത കുട്ടി പറഞ്ഞു ഉമ്മ മിഠായി വാങ്ങാൻപോയതല്ല നിങ്ങൾ കരയല്ലീ എന്ന്. അപ്പൊ ചെറിയ രണ്ട് കുട്ടികൾ പറയുകയാണ് ഉമ്മച്ചീ എവിടെന്ന് വന്നാലും ഞങ്ങക്ക് മിഠായി കൊണ്ട് വരാറുണ്ട് അതോണ്ട് വേണം എന്ന് പറഞ്ഞാണ്,കരയുന്നത്. ഇത് കേട്ട് ഹജറയുടെ ആങ്ങള മിഠായി വാങ്ങി കൊണ്ട് വരാം എന്ന് പറഞ്ഞ് കടയിലേക്ക് പോയി. അപ്പോ കുട്ടികൾ കരച്ചിൽ നിർത്തിയത്.
റൂമിലേക്ക് കയറിപോയ ഹജറയുടെ അടുത്തേക്ക് മനസ്സ് മരവിച്ച ഞാൻ മെല്ലെ ചെന്നു. നീ ഭക്ഷണം വല്ലതും കഴിക്ക് അല്ലാതിരുന്നാൽ എന്താവും കഥ എന്ന് മാത്രമെ ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചൊളളൂ. പിന്നീട് എൻറെ മേലിലോട്ട് ഒരു വീഴ്ച ആയിരുന്നു. ബാനു എനിക്ക് ഇനി ആരുണ്ട് ഇനി പോണില്ല എന്ന് പറഞ്ഞ് വന്ന ആളായിരുന്നു. ഒട്ടും ഇഷ്ടമില്ലാതെയാണ് പോയത്. കുട്ടികളെ എന്ന് വെച്ചാ ജീവനാ. എവിടെപോയി വന്നാലും മിഠായി വാങ്ങി കൊടുക്കണം എന്നാണ് അത് പറയാറ് ഒറ്റ ശ്വാസത്തിൽ ഇതല്ലാം പറഞ്ഞ് പിന്നീട് കരച്ചിൽ മാത്രമായിരുന്നു. ഇടക്ക് പറയുന്നുണ്ടായിരുന്നു ആ മുഖം പോലും അവസാനമായി ഒന്ന് കാണാനുളള ഭാഗ്യം എനിക്കുണ്ടായില്ലല്ലൊ എന്ന്.
ഇത്ര ഭാഗ്യമില്ലാത്തവളായിപ്പോയല്ലൊ ബാനു ഞാൻ എന്നൊക്കെ,
ജീവിതത്തിൽ ഒന്നും പറയാനാകാതെ ഞാൻ ഇങ്ങിനെനിശ്ചലമായി നിന്ന ഒരു സന്ദർഭം അടുത്തൊന്നും ഉണ്ടായിട്ടില്ല. ആ ഹാജറയുടെയും പറക്കമറ്റാത്ത ആ മൂന്ന് പെൺക്കുട്ടികളുടേയും ഇനിയുളള ജീവിതമാണ് എന്നെ കൂടുതൽ വിഷമിപ്പിച്ചത്. അവൾക്ക് വിദ്യാഭ്യാസമൊ സ്വയം തൊഴിൽ ചെയ്യാനുളള മനോ ബലമൊ ഉളളവളും അല്ല. എൻറെ ഉപ്പയും ഗൾഫിലായപ്പൊ എൻറെ പതിമൂന്നാം വയസസ്സിൽ ഇങ്ങിനെ മരിച്ചതാണ്.
സ്വത്തും മുതലും കുടുംബവും ആവോളം ഉണ്ടായിട്ടും വാപ്പയില്ലാത്ത അവസ്ഥ ശെരിക്കും അനുഭവിച്ചതാണ്. അപ്പൊ സാമ്പത്തികമായി ഒന്നും ഇല്ലങ്കിൽ പിന്നെ പറയണൊ.
ഇങ്ങിനെ ഉളള സന്ദർഭങ്ങളിലാണ് സ്ത്രീ വിദ്യഭ്യാസത്തിൻറേയും ശാക്തീകരണത്തിൻറേയും ജോലി നേടുന്നതിൻറേയും എല്ലാം പ്രസക്തി.
ജീവിതം അങ്ങിനെയാണ് നമ്മൾ കാണുന്നതല്ല പഠിപ്പിക്കുക.