രചന : ജയേഷ് പണിക്കർ ✍️

ഏതോ കിനാവിൻ്റെ താഴ്വാരമെൻ
മനം മേയുന്ന സായാഹ്ന നേരം
ജാലക വാതിലിൽ വന്നങ്ങു കൊഞ്ചുന്നു
പേരറിയാത്തൊരാ പക്ഷിയിന്നും
ഏറെ പ്രിയമായി ഞാനുമവൾ മൊഴി
ഞ്ഞോരോന്നു മെല്ലെ ചിറകടിച്ചും
വാർത്തകളോരോന്നു കേട്ടു മറു
മൊഴി തീർത്തും അപരിചിതമീ ഭാഷ്യവും
കൂട്ടുകാരൊറ്റപ്പെടുത്തിയെന്നോ, കൂടു
വിട്ടെ വിടേയ്ക്കു പോകുമെന്നോ
കൂട്ടുകാരനങ്ങകലെയെന്നോ
കാത്തിരുന്നേറെ നാളായതെന്നോ
എന്തു നിൻ പരിഭവ.മെന്നറിയാതെ
ഞാൻ ചിന്തിച്ചിരിപ്പൂ തനിയെ
കൈയ്യെത്തി നിന്നെ തലോടുവാനായി
നീ കൺമിഴിച്ചങ്ങനെ ഓടിയകലുന്നു
ആശ്വസിപ്പിക്കുവാനല്ലാതെ മറ്റൊന്നു
മാവില്ലെനിയ്ക്ക ഗ്രാഹ്യമേ നിൻ ഭാഷ

ജയേഷ് പണിക്കർ

By ivayana