രചന : മോഹൻദാസ് എവർഷൈൻ ✍️
ഉച്ചവെയിൽ ഉമ്മറതിണ്ണയോളം എത്തിയിട്ടും അയാൾ അകത്ത് പോകാതെ വഴിയിലേക്ക് നോക്കി അവിടെ തന്നെ ഇരുന്നു.
വായിച്ച് അരികിൽ മടക്കി വെച്ച പത്രം കാറ്റിൽ പറന്ന് പല കഷണങ്ങളായി മുറ്റത്ത് ചിതറി കിടന്നു.അയാൾ അതൊന്നും അറിഞ്ഞത് കൂടിയില്ല, മറ്റേതോ ലോകത്ത്, അയാളുടെ മനസ്സും, ചിന്തകളും ചൂണ്ടകൊളുത്തിലെന്ന പോലെ കുടുങ്ങി കിടക്കുകയാണ്, രക്ഷപ്പെടാൻ കഴിയാത്ത മത്സ്യത്തെപ്പോലെ അയാളും.
“നീ എന്തിനാ ഉണ്ണീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്,എല്ലാം വിധിയെന്ന് കരുതി സമാധാനിക്കുക “.
പിന്നിൽ അമ്മയുടെ സംസാരം കേട്ടപ്പോൾ അയാൾ അവിടെ നിന്നും എഴുന്നേറ്റു.
“നീ എന്തിനാ ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത്?. നമ്മൾ വിചാരിച്ചാൽ കൂടുന്ന കാര്യങ്ങൾ അല്ലല്ലോ ഇതെല്ലാം, വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതുക, അല്ലാതെന്താ?”.
അമ്മ അയാളെ സമാധാനിപ്പിക്കുവാൻ പിന്നെയും എന്തൊക്കെയോ പറഞ്ഞത് അശരീരിപോലെ അയാൾക്ക് ചുറ്റും മുഴങ്ങി കൊണ്ടിരുന്നു.
പ്രതീക്ഷകൾ ചീട്ട്കൊട്ടാരം പോലെ തകർന്ന്, തളർന്നിരിക്കുന്ന മകനെ കണ്ടപ്പോൾ ഭവാനിയമ്മ കൈയിൽകിടന്ന വളകൾ ഊരി മകന് നേരെ നീട്ടി,
“നീ ഇത് കൊണ്ട് പണയം വെച്ചോ, വിറ്റിട്ടോ ട്രൂപ്പിലുള്ളവർക്ക് അത്യാവശ്യം ചിലവിനുള്ള കാശ് കൊടുക്ക്, നിന്റെ ബുദ്ധിമുട്ട് കണ്ടിട്ട്, അവരുടെ ബുദ്ധിമുട്ട് അവർ മറച്ച് പിടിക്കുന്നതാണ്, ബാക്കി വല്ലതും ഉണ്ടെങ്കിൽ ഇവിടുത്തേക്ക് അരിയും, പലവ്യഞ്ജനവും കൂടി വാങ്ങിച്ചോ “.
അയാളോർത്തു,അടുക്കളയിൽ പല പാത്രങ്ങൾക്കും പണിയില്ലാതായി തുടങ്ങി, തീയെരിക്കുവാൻ വിറകില്ലെന്നുള്ള അമ്മയുടെ പരാതിപോലും ഇപ്പോൾ കേൾക്കാറില്ല.ഇപ്പോൾ കൂടുതലും എരിയുന്നത് മനസ്സാണ്.
ഈ സീസണെങ്കിലും കിട്ടുമെന്ന് കരുതിയാണ് ഇല്ലാത്ത കാശ് നാല് – ദിക്കിൽനിന്നും കടം വാങ്ങി ഇത്തവണ നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ് തട്ടിക്കൂട്ടിയത്, നാടകം തട്ടിൽക്കയറുമ്പോൾ എല്ലാകടങ്ങളും തീർക്കാം, അതായിരുന്നു പ്രതീക്ഷ.അതിപ്പോൾ കട്ടപ്പുറത്തിരിക്കുന്ന അവസ്ഥയിലുമായി.
മനസ്സിലെ കടലിരമ്പങ്ങൾ അമ്മ കേൾക്കാതെ അയാൾ നെടുവീർപ്പ് കൊണ്ട് ഉള്ളിലൊതുക്കി നിർത്തി.
“നീ ഇത് വാങ്ങിക്ക്, “വള അയാളുടെ കൈയിൽ വെച്ച് കൊടുത്തു.
“ഇതുവരെ പണയം വെച്ചതിനൊന്നും പലിശ അടയ്ക്കാൻ കൂടി വഴി കാണാതെ നില്കുമ്പോൾ ഇതും കൂടി?”.
അമ്മ ഊരി നല്കിയ വളകൾ അയാളുടെ ഉള്ളം കയ്യിലിരുന്ന് വിയർത്തു. വഴുതി താഴെ പോകാതിരിക്കാൻ കൈകൾ നന്നായി മുറുകെ പിടിക്കുമ്പോൾ വിയർപ്പ് തുള്ളികൾ വിരലുകൾക്കിടയിലൂടെ ഒഴുകിയിറങ്ങി നിലത്ത് വീണു.
അയാൾ നിരാശയോടെ അമ്മയെ നോക്കി.
“എല്ലാം ശരിയാവും നീ ധൈര്യമായിരിക്ക്, നായകനും, സംവിധായകനുമായ നീ ഇങ്ങനെ തളർന്നുപോയാൽ കൂടെ നില്കുന്ന വരുടെ കാര്യം പിന്നെ പറയണോ?”.
അമ്മയുടെ സ്വരത്തിൽ അല്പം നീരസം ഉണ്ടായിരുന്നോ എന്ന് തോന്നാതിരുന്നില്ല.
എത്രയെങ്കിലും സ്റ്റേജുകളിൽ അച്ഛനോടൊപ്പം മുഖത്ത് ചായം തേച്ച് എണ്ണമില്ലാത്ത കഥാപാത്രങ്ങളായി വേഷമിട്ടിട്ടുള്ള അമ്മയ്ക്ക് ഇതൊക്കെ മനസ്സിലാക്കുവാൻ ഒരു പ്രയാസവുമുണ്ടാവില്ല.
“ഓരോ ഉത്സവകാലവും ഇങ്ങനെ നഷ്ടപ്പെട്ടാൽ കലയെ ഉപാസിക്കുന്നവർക്ക് എങ്ങനെ പിടിച്ചു നില്കാൻ കഴിയും?”.
അങ്ങനെ ചോദിക്കുമ്പോൾ എന്താണ് മറുപടി പറയേണ്ടേതെന്ന് അമ്മ ഒരു നിമിഷം ആലോചിച്ചു.
മിന്നിമറയുന്ന വെളിച്ചത്തിനും, ആരവങ്ങൾക്കുമിടയിലൂടെ, ഓർമ്മകൾ തേരോട്ടം നടത്തി. നഷ്ടപ്രതാപത്തിന്റെ സ്മാരകങ്ങൾ മാത്രം എവിടെയും നിറഞ്ഞു നില്കുന്നു. പ്രതീക്ഷകൾക്ക് ഇപ്പോൾ അസ്തമയത്തിന്റെ നിറമായിരിക്കുന്നു.
“ഇതൊക്കെയങ്ങ് മാറി വീണ്ടും നല്ല കാലം വരും, അങ്ങനെ ചിന്തിക്കുന്നതാ നല്ലത് “
അമ്മ പറയുന്നത് കേട്ടപ്പോൾ ശരിക്കും ചിരിക്കാനാണ് അയാൾക്ക് തോന്നിയത്,
പടികളിറങ്ങി, മുറ്റത്തെ വെയിലിനെ മറികടന്ന് മുന്നോട്ട് നടക്കുമ്പോൾ അമ്മ പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞു.
“നീ എന്തായാലും കർട്ടൻ കെട്ടുന്ന കയർ ആരും എടുത്തോണ്ട് പോകാതെ അഴിച്ച് മാറ്റിവെയ്ക്കു “.
മുന്നോട്ട് നടക്കുമ്പോൾ അമ്മയുടെ ആ വാക്കുകൾ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു.