കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒരാഴ്ചയായി നടന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍..പൂര്‍ണമായും ശ്രദ്ധിക്കുകയും അനുബന്ധമായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ ഇടപെലുകള്‍ കൃത്യമായി കണ്ടു മനസിലാക്കുകയും അവരോട് പ്രതികരിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ പറയുന്നു…
.ഞങ്ങളുടെ സ്കൂളില്‍ (കരിപ്പൂര് ഗവ.ഹൈസ്കൂള്‍)ഓണ്‍ലൈന്‍ ക്ലാസിനു മുന്നേതന്നെ എല്‍ പി മുതല്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ തയ്യാറക്കിയിരുന്നു.രക്ഷകര്‍ത്താക്കളും കുട്ടികളുമായി അധ്യാപകര്‍ ആശയവിനിമയംനടത്തിയിരുന്നു. ഒരാഴ്ചയായി 8,9,10 ക്ലാസുകാര്‍ക്കുള്ള ക്ലാസുകള്‍ക്കൊപ്പമിരിക്കുകയായിരുന്നു .ഇരിക്കുക എന്നാല്‍ തികച്ചും ജൈവീകമായി വാട്സാപ്പ് ഗ്രൂപ്പുകളില്‍ അവരെ ഓണ്‍ലൈന്‍ ക്ലാസ് കാണുന്നതിനു വേണ്ടി മാനസികമായും ,സാങ്കേതികമായും ഒരുക്കി.അതാതുസമയത്തെ ക്ലാസിനെ കുറിച്ച് ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു.ആദ്യതവണതന്നെ കണ്ടവരുടെ അഭിപ്രായങ്ങള്‍ തേടി.അവര്‍ കണ്ട ക്ലാസുകളെ കുറിച്ച് കൃത്യമായ അഭിപ്രായങ്ങള്‍ ഗ്രൂപ്പിലെഴുതി.സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ ക്ലാസിനെ കുറിച്ച് ഫോണില്‍ വിളിച്ചു പറഞ്ഞു.ക്ലാസില്‍ കൊടുത്ത ഹോംവര്‍ക്കുകള്‍ ചെയ്ത് പോസ്റ്റു ചെയ്തു.അതാതു വിഷയങ്ങളിലെ അധ്യാപകര്‍ അതു നോക്കുകയും സംശയങ്ങള്‍ക്കു മറുപടി പറയുകയും ചെയ്തു.ലിങ്കുകള്‍ അപ്പപ്പോള്‍ പോസ്റ്റ് ചെയ്തു ആവര്‍ത്തിച്ചു കാണാന്‍ അവസരമുണ്ടാക്കി.ആദ്യം കാണാന്‍ പറ്റിയില്ലെന്നു പറഞ്ഞ് കരഞ്ഞവളെ സമാധാനിപ്പിച്ചു.എല്ലാവരേയും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിച്ചു.പുതിയൊരു കാര്യം എന്ന നിലയിലായിരിക്കാം.ആവേശമുണ്ടവര്‍ക്ക്.
സൗകര്യങ്ങളുണ്ടെങ്കിലും ഇതിലൊന്നും പെടാതെ ചര്‍ച്ചയ്ക്കു വരാതെ ചില കുറുമ്പുകളുമുണ്ട്.നമ്മുടെ ക്ലാസ് റൂം പോലെതന്നെ.അവരെയം മുന്നോട്ടുകൊണ്ടുവരണം.മറ്റൊന്ന് നമ്മുടെ രക്ഷകര്‍ത്താക്കള്‍ എത്ര ബോധവാന്മാരാണ് ഈ ക്ലാസുകളെ കുറിച്ച്.പ്രത്യേകിച്ചും അമ്മമാര്‍.അവര്‍ വേവലാതിപ്പെടുന്നുണ്ട്.മക്കള്‍ നന്നായി പ്രവര്‍ത്തനങ്ങളിലിടപെടുന്നുണ്ടോന്ന്.പുതിയ അഡ്മിഷനായാലുടനെ വാട്സാപ്പ് നമ്പര്‍ കൈമാറുകയാണധ്യാപകര്‍ക്ക്.ഗ്രൂപ്പില്‍ ആഡു ചെയ്യാന്‍.ഗ്രാമപ്രദേശത്തെ 99 ശതമാനവും സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് ഞങ്ങളുടേത്.15 ശതമാനം കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സൗകര്യമോ റ്റി വിയോ ഇല്ല.(ഞങ്ങളത് കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ടുണ്ട്.അതിനൊരു പരിഹാരം ഉണ്ടാകുമെന്നുതന്നെ കരുതുന്നു.സ്കൂളില്‍ വരുത്തി സുരക്ഷിതരായി ക്ലാസ് കാണാന്‍ സൗകര്യമൊരുക്കാനുള്ള അനുവാദം കിട്ടിയാലതു ചെയ്യാനും തയ്യാറാണ്..ഇന്നുള്ള മഹത്തായ സംവിധാനങ്ങളൊന്നും തന്നെ എല്ലാം മുന്‍കൂട്ടികണ്ട് ഒരുക്കിവച്ചിട്ട് നടന്നതല്ല.പതിയെ പതിയെ തിരുത്തലുകളലൂടെ പുരോഗതി പ്രാപിച്ചതാണ്.തീര്‍ച്ചയായും ഇതും ഒരു തുടക്കമാണ്.വലിയ ഒന്നിന്റെ.
ഇതാണ് വിദ്യാഭ്യാസം എന്നൊന്നും പറഞ്ഞുവരികയല്ല.ഈ കാലത്ത് ഇത്രയെങ്കിലും വേണം.സ്കൂളു തുറക്കാന്‍ കാത്തിരിക്കുന്നു.