രചന : ചാക്കോ ഡി അന്തിക്കാട് ✍️

പുലർച്ചെ
അവർ പ്രാർത്ഥിച്ചു.
യേശുവിന്റെ രൂപത്തിന്
പതിവില്ലാത്ത പ്രസരിപ്പ്!
ചുമരിലെ
എൽ.ഈ.ഡി.
കെടുത്തിയപ്പോൾ
പ്രതീക്ഷയുടെ
വെള്ളിവെളിച്ചം
കുരിശ്ശിൽ
നെടുകെയും
കുറുകെയും
വീണു.
ലോകരക്ഷകന്
ഇടിമിന്നലിന്റെ വീര്യം!
രക്ഷകൻ,
എല്ലാ ശിക്ഷകരെയും
വെറുതെ വിടില്ല,
എന്ന ആത്മവിശ്വാസം,
എല്ലാവരും നിലനിർത്തി.
നാവിലൂറിയ
അൽപ്പം കൈയ്പ്പ്,
ഭയത്തിന്റെതാണെന്ന് പല്ലുതേയ്ക്കുമ്പോൾ
അറിഞ്ഞു.
നാവ് വടിക്കുമ്പോൾ
ചോര കിനിഞ്ഞത്,
ഭൂമിയിൽ എവിടെയോ
നടക്കുന്ന പീഡനത്തിന്റെ
സൂചനത്തന്നെ!
രാവിലെ അവർ
അൽപ്പം
കഞ്ഞിവെള്ളം കുടിച്ചു…
ആരും ഒന്നും മിണ്ടിയില്ല…
പരസ്പ്പരം കണ്ണുകളിൽ
നോക്കിയില്ല.
ഉച്ചയ്ക്ക്
തൈരുകൂട്ടി
ചോറു കഴിക്കുമ്പോൾ
കൈവെള്ളയിലെ
ഉരുളയിൽ തുറിച്ചു
നോക്കിയിരുന്നു.
ശരീരത്തിന്റെ
ഏതു ഭാഗത്താണ്
ആ ദ്രോഹി കൂടുതൽ
ഞെരിച്ചു,
കുഴച്ചു മറിച്ചതെന്ന്
ആർക്കും കൃത്യമായി
ഓർക്കാൻ കഴിയുന്നില്ല.
വെട്ടുകിളിയെപ്പോലെ,
മേലങ്കി ചുഴറ്റി,
ഒരാഞ്ഞു
കൊത്തലായിരുന്നല്ലോ!
ബോധംവരുമ്പോൾ
കാലുകൾക്കിടയിൽ
ആരോ ചൂലിന്റെ
കടകൊണ്ട്
മുറ്റമടിച്ചപോലെ…
കൈയ്യിലെ
ചോറുരുളയ്ക്ക്
ഒരു പുല്ലിംഗപദവി
ലഭിച്ചുവോ?
ഊണ്
പൂർത്തിയാക്കാതെ
എല്ലാവരും
ടി.വി.യ്ക്ക് മുൻപിൽ… തലയുയർത്തിത്തന്നെയിരുന്നു.
വിധി വന്നപ്പോൾ
വെട്ടുകിളികൾ
നിരപരാധികൾ!
വിളകൾ
അപരാധികൾ!
ഉണ്ടതെല്ലാം
സിങ്കിൽ ഛർദ്ദിച്ചു.
ചുളിഞ്ഞ
വെളുത്ത
വിരിപ്പുകളിന്മേൽ
തളർന്നു വീണു!
എൽ.ഈ.ഡി.
വെളിച്ചങ്ങൾക്ക്
കറുപ്പ് നിറം!…
ഇരുട്ടെന്നാൽ
വെളിച്ചമില്ലാത്ത
അവസ്ഥ മാത്രമല്ല,
നീതി നിഷേധിക്കപ്പെടുന്ന
അവസ്ഥ കൂടിയാണ്!
എല്ലാവരും
ശവക്കോട്ടയിലേക്കുള്ള
വഴിയിലെ
കരിയിലകളുടെ
അനക്കം…ഞരക്കം
കാതോർത്തു കിടന്നു.
വെളിച്ചമണച്ചു…
ആശ്വാസത്തിനായി
വിശുദ്ധ കുരിശിനെ
പതിവിലും കൂടുതലായി,
മുറുകെപ്പിടിച്ചപ്പോൾ
ചൂണ്ടുവിരലിൽ
ചോര പൊടിഞ്ഞു!
പീഡിപ്പിക്കപ്പെട്ടവർ
മാറിമാറി
കുരിശുരൂപത്തിൽ
സ്വയം തൂങ്ങിക്കിടന്നു…
തേങ്ങിക്കരഞ്ഞു!
പൂന്തോട്ടത്തിലെ
ഗ്രോട്ടയിൽനിന്നുള്ള
വെളിച്ചമുണ്ടാക്കിയ
നിഴലുകൾ,
കഴുകന്മാരെപ്പോലെ,
വെട്ടുകിളികളെപ്പോലെ,
കുറുനരികളെപ്പോലെ, ചെന്നായ്ക്കളെപ്പോലെ, തേളുകളെപ്പോലെ
അവരുടെ
കിടപ്പുമുറിയിലേയ്ക്ക്
പതുങ്ങിവരുന്നതായി
തോന്നി!
എല്ലാവരും
ഒന്നിച്ചു നിലവിളിച്ചു!
കമഴ്ന്നു കിടന്നു,
തലയണയെ
ശ്വാസം മുട്ടിച്ചു!
കുരിശ്ശിൽ തൂങ്ങുന്ന
യേശുവിന്റെ
ഇടതു കരം,
തുരുമ്പുപിടിച്ച
ആണിയിൽ
നിന്നിളകി,
വായുവിൽ,
ആരുടെയോ മുഖത്ത് ആഞ്ഞടിക്കുന്നപോലെ
ഇളകിയാടി!
അവർ വെളുത്ത
പുതപ്പുകൾക്കൊണ്ട്
ശിരസ്സുമൂടി
നീണ്ടുനിവർന്നു കിടന്നു!
സ്വന്തമായി ഒരു
പ്രാർത്ഥനയുണ്ടാക്കി :
“സ്വർഗസ്ഥനായ
ഞങ്ങളുടെ പിതാവേ…
നന്മനിറഞ്ഞ മറിയമേ…
ഭൂമിയിലെ
കോടതിയിലെപ്പോലെ…
ഭൂമിയിൽ മാത്രമേ നടക്കൂ! ആകാശത്തിലെ
മഴമേഘങ്ങളിലെ
കോടതിയെത്ര ഭേദം!
പേമാരിയില്ലെങ്കിലും, മഴത്തുള്ളികളെങ്കിലും
സമ്മാനിക്കുമല്ലോ!
എന്തു ചെയ്യാം?…
കറുപ്പും വെളുപ്പും
വസ്ത്രങ്ങൾക്ക്
ചിറകുകളാവാൻ
കഴിയില്ലല്ലോ!
അപ്പോൾ…
കാത്തുകിടക്കുകതന്നെ…
ആദ്യം വരുന്നത്
വെട്ടുകിളികളോ…
അതോ മരണമോ?
മരക്കുരിശുമായോ?
അന്ത്യകൂദാശയ്ക്കുള്ള
കുന്തിരിക്കപ്പുകയുമായോ?
കർത്താവേ,
പാപം ചെയ്യുന്നവർ
അവഹേളനത്തിന്റെ
പീഡനങ്ങളുടെ
പാറച്ചീളുകൾ
പെറുക്കുന്ന
തിരക്കിലാണല്ലോ!
ഇനി ഞങ്ങളെന്തു ചെയ്യും?
💓✍️💓

ചാക്കോ ഡി അന്തിക്കാട്

By ivayana