രചന : ഫത്താഹ് മുള്ളൂർക്കര ✍️
ഒറ്റയ്ക്കൊരാളൊരു ഭൂമി വരയ്ക്കുന്നു.
വരച്ച് വരച്ചയാൾ
ജീവിതം എവിടെ ചേർക്കണമെന്ന്
തെറ്റിപ്പോകുന്നു.
തെറ്റിപ്പോയ ജീവിത മൊക്കെയും
മായ്ച്ചിട്ടും മായാതെ അയാളിൽ പറ്റിപിടിക്കുന്നു.
പറ്റിപ്പിടിച്ച് കറുത്ത് പോയ ചിത്രങ്ങൾ
അയാളുടെ മുതുകിൽ കൂനെന്നൊരു
ചിത്രമാകുന്നു.
കുനിഞ്ഞ് കുനിഞ്ഞൊരു മുതുകുമായയാളൊരു
മുതുകാളയെ വരയ്ക്കുന്നു.
വരച്ച് വരച്ച് കനത്ത് പോയ ചിത്രങ്ങളെയെല്ലാം
വരച്ചെടുത്തൊരു നുകത്തിലേക്ക് ചേർത്ത് കെട്ടുന്നു.
വലിച്ചും വരഞ്ഞും അയാളുടെ ഭൂമി തീർന്ന് പോകുന്നു.
വെട്ടിയും തിരുത്തിയും പിന്നിപ്പോയ കാൻവാസിൽ
ജീവിതം വരയ്ക്കാൻ ഇടമില്ലാതായിപ്പോയൊരു ഭൂമി.