രചന : സതി സതീഷ്✍️
ഉദയകിരണങ്ങൾ
പൊഴിയുന്നുവല്ലോ
ഉണർവോടെയൊന്ന-
ങ്ങെത്തിനോക്കി
ഉതിരുന്നു നീളെ
മാമ്പൂക്കളെല്ലാം
വർഷ മേഘങ്ങൾ
പെയ്തതാകാം
മൂളുന്നു വണ്ടുകൾ
പൂങ്കാവനത്തിൽ
മധുവൂറും പൂക്കൾ
പൊലിഞ്ഞതാകാം
ഉമ്മറപ്പടിയിലെ
നിലവിളക്കെന്തേ
കരിന്തിരി
കത്തിയെരിഞ്ഞിടുന്നു
കനവിൽ വിടർന്ന
കർണ്ണികാരമെന്തേ
ഞെട്ടറ്റു വീണു
നിലം പതിക്കുന്നു
ഉരുകുന്നുവുള്ളം
വാടുന്നു വദനം
പുലരിയും
നോക്കിയിരിക്കുന്നുവിന്നും
പുലരിത്തുടിപ്പിൽ
പൊതിഞ്ഞീടുമെന്നെ
മധുര പ്രതീക്ഷ തൻ
വർണ്ണസ്വപ്നങ്ങൾ
പടി കടന്നെത്തുന്ന
പദനിസ്വരങ്ങൾ
അവിരാമമെന്നെ
വിട്ടകലുന്നു
ഏതോ വിദൂരമാം
മൗനാനുരാഗം
മൂകാഭിലാഷമായ്
തീർന്നുവെന്നിൽ…
✍️