ലേഖനം : മായ അനൂപ്….✍️

നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ അപൂർവ്വമായി മാത്രം ചിലരെ കാണാം…..
അവരെ നമ്മൾ എത്ര തന്നെ അവഗണിച്ചാലും നമ്മളിൽ നിന്നും
അകന്നു പോകാതെ പിന്നെയും പിന്നെയും നമ്മളോട് കൂടെ തന്നെ ചേർന്ന് നിൽക്കുന്നവർ…..
നമ്മൾ അവരെ എത്രത്തോളം വേദനിപ്പിച്ചാലും, കബളിപ്പിച്ചാലുമൊക്കെ വീണ്ടും വീണ്ടും അവർ നമ്മളെ തേടി വരാറില്ലേ…പിന്നെയും നമ്മളോടുള്ള സ്നേഹം ലേശം പോലും കുറയാതെ നമ്മളെ സ്നേഹിക്കാറില്ലേ….

നമുക്ക് ചിലപ്പോൾ തോന്നിയേക്കാം
നമ്മുടെ എന്തെങ്കിലും മേന്മ കൊണ്ടാണ്
നമുക്ക് അവരെ വീണ്ടും വീണ്ടും കളിപ്പിക്കാൻ കഴിയുന്നത് എന്ന്….
എന്നാൽ, അതൊന്നും തന്നെ നമുക്ക് കൂടുതൽ ബുദ്ധി സാമർദ്ധ്യം ഉള്ളത് കൊണ്ടോ ….നമ്മുടെ അവഗണനകൾ തിരിച്ചറിയാൻ കഴിയാത്തത്രയും ബുദ്ധി അവർക്ക് ഇല്ലാതെ പോയത് കൊണ്ടോ ഒന്നുമല്ല എന്നതാണ് സത്യം…..

മറിച്ച്, അവർക്ക് നമ്മളോടുള്ള ആ നിഷ്കളങ്ക സ്നേഹത്തിന് മുൻപിൽ, അവരുടെ ബുദ്ധിയും അവരുടെ ആത്മാഭിമാനവും പോലും അവർ അടിയറവ് വെച്ചിരിക്കുന്നത് കൊണ്ട് മാത്രമാണ്. അതായത് നമ്മളെ അവർ അത്രയധികം വിശ്വസിച്ചു പോയത് കൊണ്ടാണ്, നമ്മളെ അത്രയധികം സ്നേഹിച്ചു പോയത് കൊണ്ട് മാത്രമാണ്… അവരുടെ ജീവിതമാകുന്ന ചങ്ങലയിലെ ഒരിക്കലും അവരെക്കൊണ്ട് പൊട്ടിച്ചു മാറ്റാനാവാത്തത്ര ബലമുള്ള കണ്ണികളായി നമ്മൾ മാറിപ്പോയത്
കൊണ്ട് മാത്രമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും, എന്നെങ്കിലും ഒരിക്കൽ, നമ്മുടെ അവഗണനകൾ അതിന്റ പരിധിയ്ക്കുമപ്പുറം ആകുമ്പോൾ, അവരുടെ സാമീപ്യം നമ്മെ അലോസരപ്പെടുത്തുന്നു എന്നും
നമുക്ക് അവർ ഒരു ബാധ്യതയാകുന്നു
എന്നും നമ്മൾ നമ്മുടെ പെരുമാറ്റത്തിലൂടെ അവരോട് പറയാതെ പറയുമ്പോൾ,
എല്ലാ ക്ഷമയ്ക്കും ഒരു പരിധി ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ, അവരും
ഒരു നാൾ നമ്മിൽ നിന്നും തിരിഞ്ഞു നടക്കാൻ ചിലപ്പോൾ നിർബന്ധിതരായേക്കാം…..
നമുക്കൊരു ബുദ്ധിമുട്ടാകാനായി ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയരുതേ എന്ന് മാത്രം ആഗ്രഹിച്ചു കൊണ്ടുള്ള, നമ്മുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ട്,നമ്മിൽ നിന്നും എന്നെന്നേക്കുമായുള്ള ഒരു മടക്കയാത്ര….

അവരുടെ ആത്മാർഥത ലേശമെങ്കിലും മനസ്സിലാക്കാൻ, എന്നെങ്കിലും നമ്മൾ ശ്രെമിച്ചിരുന്നു എങ്കിൽ, അന്ന് മാത്രമേ നമ്മൾ അറിയൂ, അവർ നമ്മോട് ചേർന്ന് നിന്നിരുന്ന ആ ഭാഗത്തെ, ശൂന്യതയുടെ ആഴം, അവർ നമുക്ക് വെളിച്ചം പകർന്നു തന്നിരുന്ന ഭാഗത്തെ ഇരുളിമയുടെ കാഠിന്യം. അവർ നമുക്കേകിയിരുന്ന സ്നേഹത്തിന്റെയാ തണലും.അന്ന് നമ്മൾ അറിയും നമ്മുടെ നഷ്ടം എത്ര വിലപ്പെട്ടതായിരുന്നു എന്ന്. അന്ന് നമ്മൾ ചിലപ്പോൾ അദമ്യമായി ആഗ്രഹിച്ചു പോയേക്കാം, വീണ്ടും ഒരിക്കൽക്കൂടി മാത്രം അവർ നമ്മുടെ ജീവിതത്തിലേയ്ക്ക് ഒന്ന് തിരികെ വന്നിരുന്നു എങ്കിൽ എന്ന്… എന്നാൽ അപ്പോഴേക്കും അവർ, നമ്മൾ എത്ര തന്നെ തിരികെ വിളിച്ചാലും ഒരിക്കലും കേൾക്കാൻ കഴിയാത്ത അത്രയും അകലത്തിൽ എത്തിയിട്ടുണ്ടാവും….
അന്നേ നമ്മൾ മനസ്സിലാക്കൂ യഥാർത്ഥ സ്നേഹത്തിന്റെ വില….അന്ന് നമ്മൾ,
അന്ന് വരെയുള്ള നമ്മുടെ ജീവിതകാലം മുഴുവൻ തിരഞ്ഞു നോക്കിയാൽ പോലും, അത്രയും നമ്മളെ സ്നേഹിച്ച, അത്രയും നമ്മളോട് ചേർന്ന് നിൽക്കാൻ ആഗ്രഹിച്ച വേറെ ഒരാളെ കൂടി പോലും നമുക്ക് കണ്ടെത്താൻ ചിലപ്പോൾ കഴിഞ്ഞു എന്ന് വരില്ല… കാരണം…
നമുക്ക് ആരെ വേണമെങ്കിലും,

എപ്പോൾ വേണമെങ്കിലും സ്നേഹിക്കാൻ കഴിഞ്ഞെന്നിരിക്കാം. കാരണം അത് നമ്മുടെ സ്വാതന്ത്ര്യം ആണ്… എന്നാൽ അവരൊന്നും തന്നെ നമ്മളെ തിരിച്ചു സ്നേഹിക്കണം എന്നില്ല…..എന്നാൽ, നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന, മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ കിട്ടുക എന്നത് ഒരു പക്ഷേ നമ്മൾ എത്ര തന്നെ ആഗ്രഹിച്ചാൽ പോലും പലപ്പോഴും കിട്ടണമെന്നില്ല….

സ്നേഹം കൊടുക്കാൻ കഴിയുക എന്നത് നമ്മുടെ സ്വന്തം കഴിവാണ്….എന്നാൽ, മറ്റൊരാളുടെ സ്നേഹം നമുക്ക് കിട്ടാൻ കഴിയുക എന്നതോ, അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു ഭാഗ്യവും….

അതിനാൽ, നമുക്ക് ആവോളം
സ്നേഹവും സന്തോഷവും മാത്രം തന്നവരെ…..
നമ്മളെ ആത്മാർത്ഥമായി സ്നേഹിച്ചവരെ, ഒരു നാളും നമുക്ക് നഷ്ടമാകാതിരിക്കാൻ…..
നമ്മൾ എന്നെങ്കിലും ഒരിക്കൽ
അവർക്ക് കൊടുത്ത ലേശം സ്നേഹം കൊണ്ട് മാത്രമാവാം, അന്ന് മുതൽ നമ്മളെ വിശ്വസിച്ചു നമ്മുടെ കൂടെ വന്നവരെ…..

അന്ന് മുതൽ നമ്മളോട് ചേർന്ന്, നമ്മുടെ സന്തോഷവും ദുഖവും പങ്കിട്ട് കുറെ ദൂരമെങ്കിലും നമ്മുടെ കൂടെ നടന്നവരെ…..
അവരുടെ മരണം വരെ നമ്മൾ കൂടെ
വേണമെന്ന് ആഗ്രഹിക്കുന്നവരെ…..

നമ്മൾ ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിച്ചു പോകാതിരിക്കുക…..
ഒരിക്കലും നമ്മൾ നമ്മുടെ വാക്കുകൾ കൊണ്ടോ, പ്രവൃത്തികൾ കൊണ്ടോ അവരെ വേദനിപ്പിക്കാതിരിക്കുക, അവഗണിക്കാതിരിക്കുക,
അവരുടെ കണ്ണുകൾ നിറയാൻ നമ്മൾ കാരണമാവാതിരിക്കുക….
അവർക്ക് നമ്മോടുള്ള സ്നേഹത്തിന് നമ്മൾ വില കൽപ്പിക്കുക…
അങ്ങനെ അവരെ ഒരു നാളും നമ്മൾ നഷ്ടപ്പെടുത്താതിരിക്കുക….
കാരണം നമ്മുടെ കൈയ്യിൽ കിട്ടിയ ഒരു നിധി തന്നെയാണവർ….
ഒരിക്കൽ കൈയ്യിൽ കിട്ടിയ സ്നേഹം നഷ്ടമാകുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം…
നമ്മളെ ജീവന് തുല്യം സ്നേഹിച്ചവരെ നമുക്ക് നഷ്ടപ്പെടുക എന്നതോ നമ്മുടെ മരണതുല്യവും….

മായ അനൂപ്

By ivayana