ചന്ദ്രൻ തലപ്പിള്ളി ✍️
ഇന്ന് ജനുവരി 16.
1924ഇന്നേ ദിവസമാണ്, മഹാകവി കുമാരനാശാൻ
പല്ലനയാറ്റിൽ വച്ചുണ്ടായ ബോട്ടപകടത്തിൽപ്പെട്ടു ഇഹലോക വാസം വെടിയുന്നത്.അദ്ദേഹത്തിന്റെ സ്മരണകൾ മുൻനിർത്തി, കവി
ശ്രീ ഷാജി നായരമ്പലം ഇന്ന് ഫേസ്ബുക്കിൽ ആശാന്റെ ‘ഗ്രാമ വൃക്ഷത്തിലെ കുയിൽ ‘എന്ന കവിതയിലെ കുറച്ചു വരികൾ
രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാളകവിതാ സാഹിത്യത്തിൽ
‘കാല്പനികത ‘യുടെ നറുനിലാവെളിച്ചം പടർത്തിയ കവിതയായിരുന്നു ആശാന്റെ ‘വീണപൂവ് ‘.ആ കവിതയിൽ,
മസിലുംപെരുപ്പിച്ചു ഉടവാളുമേന്തി അന്യ
ഗൃഹങ്ങളിൽ അന്തിപാർക്കാൻ അന്തം
വിട്ടോടുന്ന നായകൻമാരില്ല. സവർണ്ണ
മേധാവിത്വത്തിന്റെ കുടുമ്മയുംകെട്ടി രാജകൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലും
അവർണ്ണരുടെ ചെറ്റക്കുടിലുകളിലും, എല്ലാം ദൈവത്തിനു സമർപ്പിച്ചു ജീവിതം
നയിക്കുന്ന ദേവദാസികളുടെ കിടപ്പറയിലും കടന്നു ചെന്നു അവരെ
ബലമായി പ്രാപിക്കുന്ന വൈദികരുമില്ല!
കവിതയെകേവലം നേരമ്പോക്കായി
കണ്ടു ശബ്ദാലങ്കാരങ്ങളും ഭാഷാപ്രയോഗവൈചിത്ര്യങ്ങളും കൊണ്ട് അനുവാചകരെ അമ്പരിക്കുക എന്നതാണ് കവിതായെന്ന അന്നുവരെ യുള്ള മിഥ്യാധാരണ ആശാൻ തിരുത്തി.
ആശാൻ, വള്ളത്തോളിന്റെ ചിത്രയോഗം
മഹാകാവ്യത്തിനു നിരൂപണം എഴുതിക്കൊണ്ട് പറഞ്ഞു
‘ഈ വക കാവ്യങ്ങൾ കാണുമ്പോൾ ചില
പഴയ ക്ഷേത്രങ്ങളിൽ ഇപ്പോഴും നടന്നു
വരാറുള്ള ‘നെടുങ്കുതിര ‘കെട്ടി എടുപ്പാണ്
ഓർമ്മയിൽ വരുന്നത്. മുളയും കമുകും
കൊണ്ട് മുപ്പതും നൽപ്പതും അടി ഉയരത്തിൽ ഗോപുരം പോലെ കെട്ടി
ഉണ്ടാക്കി വെള്ളയും ചുമപ്പുംകൊണ്ടു
പൊതിഞ്ഞു ജാലരുകുകൾ തൂക്കി
അലങ്കരിച്ചു വമ്പിച്ച ചട്ടക്കൂടുകളിൽ
ഉറപ്പിച്ച് താഴെ രണ്ടു വശത്തായി ഒരു
കുതിരയുടെ വാലിന്റെയും തലയുടെയും
ആകൃതിയും കാണിച്ചു, കൃഷികൂടി തൊഴിലില്ലാതെ അലഞ്ഞുതിരിയുന്ന
കരക്കാർ ചെറുപ്പക്കാർചേർന്നു ചുമലിലെടുത്തു വിഗ്രഹത്തിന്റെപിറകെ
എഴുന്നെള്ളിച്ചുകൊണ്ടുപോകുന്ന ഒരു
ബ്രഹ്‌മാണ്ഡമായ വാഹനമാണ്
നെടുങ്കുതിരയെന്നു വായനക്കാർ
ഓർക്കുമല്ലോ. നമ്മുടെ മഹാകാവ്യങ്ങളോട് ഇതിനു വളരെ
സാദൃശ്യമുണ്ടെന്ന് അല്പം ആലോചിച്ചു
നോക്കിയാൽ ആർക്കും അറിയാവുന്നതാണ് “
ആശാന്റെ ഈ നിരൂപണത്തിനു ശേഷമാണ് മഹാകവി വള്ളത്തോൾ
കാര്യഗൗരവത്തോടെ കവിതകൾ,’സാഹിത്യ മഞ്ജരി ‘രചിക്കാൻ തുടങ്ങിയത്. ചിത്രയോഗം, മഹാകാവ്യം
ഇന്ന് അധികമാരും വായിക്കുന്നില്ല, പ്രസക്തിയില്ല. എന്നാൽ സാഹിത്യമഞ്ജരിയിലെ കവിതകൾ ഇന്നും ചർച്ചചെയ്യപ്പെടുന്നു.
ആശാൻ മഹാകാവ്യം ഒന്നും എഴുതിയിട്ടില്ല. ആ പദവി മദ്രാസ് യൂണിവേഴ്സിറ്റി നൽകിയതാണ്.
കൂടുതൽ എഴുതുന്നില്ല.വീണപൂവിൽനിന്നും
നാലു വരി
“വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ
വൈരിക്കുമുമ്പുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി –
യാരാകിലെന്തു?-മിഴിയുള്ളവർ നിന്നിരിക്കാം!”
ഇതിലെ അവസാന രണ്ടു വാക്കുകൾ
‘മിഴിയുള്ളവർ നിന്നിരിക്കാം.
കണ്ണുണ്ടായാൽപോരാ, കാണണം.
തന്റെവീണപൂവിനെ അന്നത്തെ സാഹിത്യതമ്പുരാക്കന്മാർ
അംഗീകരിക്കില്ലായെന്നു ആശാന് അറിയാമായിരുന്നു.അവരോടായി ആശാൻ പറഞ്ഞ വാക്കുകളാണത്,
കണ്ണുണ്ടായാൽ പോരാ, കാണണം, ഭംഗ്യ ന്തരേണ, പറഞ്ഞു വെന്നു മാത്രം!
താൻ തുടങ്ങിവച്ചകാൽപ്പനിക കവിതാ
പ്രസ്ഥാനം കേരളം കീഴടക്കുമെന്നും ആശാന് ഉറച്ച ആത്മവിശ്വാസവും
ഉണ്ടായിരുന്നു.
വയലാർ എഴുതിയതുകൂടിഎഴുതിയാലേ
ഈ കുറിപ്പ് പൂർത്തിയാവുകയുള്ളൂ.
“വീണപൂവേ, വീണപൂവേ
വിശ്വദർശനചക്രവാളത്തിലെ
നക്ഷത്രമല്ലേ, നീയൊരു
നക്ഷതമല്ലേ “