കഥ : കെ. ആർ. രാജേഷ് ✍️
ഫുഡ് ഡെലിവറിക്കായി ഇറങ്ങിയ നേരത്താണ് ലാലിയോടായി മോൾ പിൻവിളിപോലെ പറഞ്ഞത്.
“പേഴ്സിലൊരു കുറിപ്പുണ്ട് നോക്കണം”
സൂക്ഷ്മാണുക്കളുടെ അതിപ്രസരത്തിൽ ലോകമാകെ വിറങ്ങലിച്ചപ്പോൾ തൊഴിൽ നഷ്ടമായ അനേകരിൽ ഒരാളാണ് ലാലിയും, കോവിഡ്കാല നിയന്ത്രണങ്ങളുടെ കടുംക്കെട്ടിൽ മൈക്ക് ഓപ്പറേറ്റർ ജോലിയുടെ സാധ്യതകൾ കുറഞ്ഞതോടെ, താത്കാലിക ആശ്വാസമെന്ന നിലയിലാണ് നഗരത്തിലെ പ്രമുഖ ഭക്ഷണശാലയിലെ ഡെലിവറി ബോയിയുടെ കുപ്പായത്തിലേക്ക് വൈകുന്നേരങ്ങളിൽ ലാലി കുടിയേറിയത്.
പതിവുപോലെ അന്നും ഭക്ഷണശാലക്ക് മുന്നിൽ ലാലിയുടെ കാത്തിരിപ്പ് നീണ്ടു, മറ്റ് ഡെലിവറി ബോയ്സ് നാല് ദിശകളിലേക്കും ഇരുചക്ര വാഹനങ്ങളിൽ പറന്നതിനു ശേഷം ഏറ്റവും ഒടുവിലായാണ് ലാലിക്ക് വിതരണം ചെയ്യുവാനുള്ള ഭക്ഷണപ്പൊതികൾ ലഭിച്ചത്,ആകെ നാലു സെറ്റ് മാത്രം, അതാകട്ടെ നഗരത്തിന്റെ നാലു കോണിലായി,
അനുവദിച്ചിരിക്കുന്ന സമയം മുപ്പത് മിനിറ്റ് മാത്രവും.
“നാൽപ്പത് വീടുകളിൽ ഡെലിവറി ചെയ്യേണ്ട സമയമെടുക്കും സാറെ, ഈ നാലെണ്ണം കൊടുത്തു തീർക്കുവാൻ”.
ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങുന്നതിനിടയിൽ മാനേജരോടായി പരാതിയുടെ ഭാഷയിൽ ലാലി പറഞ്ഞു :
“പറയുന്നതിലും അഞ്ചു മിനിറ്റ് മുമ്പ് കസ്റ്റമറിന് സാധനമെത്തണം,പെർഫോമൻസ് മോശമായവന് എന്നും ഇതുപോലെ കാത്തിരിക്കേണ്ടിവരും”
മാനേജരുടെ താക്കീതിന്റെ സ്വരമുള്ള നിർദേശം കേട്ടപ്പോൾ,ലാലിയുടെ ഓർമ്മകൾ ഏതാനും മാസങ്ങൾക്ക് മുമ്പൊരു രാത്രിയിലെ ആശുപത്രിവരാന്തയിലേക്ക് നീണ്ടു,
മരവിച്ചുകിടന്ന കെട്ടിയോളെ സാക്ഷിയാക്കി അന്ന് ഡോക്ട്ടർ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു,
“അല്പം മുമ്പെത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു”
അത് ശരിയാണ് അല്പം മുമ്പായിരുന്നെങ്കിൽ, അത് അവളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ മാത്രമല്ല, അഞ്ച് മിനിറ്റ് മുമ്പ് അന്ന് ഞാൻ വീട്ടിലെത്തിയിരുന്നെങ്കിൽ, അവൾ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയാടില്ലായിരുന്നു.
മരവിച്ച ഓർമ്മകളിൽ നിന്ന് ഉറവപൊട്ടിയ തണുത്തൊരു ചിരിയുമായി ലാലി ആദ്യ ലക്ഷ്യത്തിലേക്ക് ബൈക്കോടിച്ചു തുടങ്ങി,
നഗരമധ്യത്തിലെ ട്രാഫിക്ക് സിഗ്നലിൽ പച്ച തെളിയുന്നതും കാത്തുകിടക്കുമ്പോഴാണ് ആദ്യ കസ്റ്റമറായ കൊമ്പൻമീശക്കാരന്റെ ഫോൺകാൾ ലാലിയെത്തേടിയെത്തിയത്,
ഇതിന് മുമ്പും നിരവധിത്തവണ ലാലി കൊമ്പൻമീശക്കാരന് ഭക്ഷണം വിതരണം ചെയ്തിട്ടുള്ളതിനാൽ ആ പരിചയവും, സ്വാതന്ത്ര്യവും കൊമ്പൻമീശക്കാരനോട് ലാലിക്കുണ്ട്.
“ആ സാറെ അഞ്ചു
മിനിറ്റിനുള്ളിലെത്തും “
കൊമ്പൻമീശക്കാരന്റെ ഫോൺകട്ടാകും മുമ്പേ, ട്രാഫിക്ക് സിഗ്നലിൽ പച്ചതെളിഞ്ഞതോടെ പിന്നിലുള്ള വാഹനങ്ങളുടെ നിലക്കാത്ത ഹോണടിശബ്ദങ്ങളുയരുമ്പോൾ, ധരിച്ചിരിക്കുന്ന പോക്കറ്റില്ലാത്ത ബനിയന്റെ പരിമിതികളെ പഴിച്ചുകൊണ്ട്, ഫോൺ വായിൽ കടിച്ചുപിടിച്ചു സിഗ്നൽ മറികടന്ന ലാലി, തിരക്ക് കുറഞ്ഞ പാതയോരത്തേക്ക് ബൈക്കൊതുക്കി, പാന്റിന്റെ പോക്കറ്റിലേക്ക് പൂഴ്ത്തുമ്പോൾ ഫോണിന്റെ ചില്ലിൽ പൊട്ടലിന്റെ ചിലന്തിവലകൾ പടർന്നിരുന്നു.
“സാറിന്റെ ഒരൊറ്റ ഫോൺകോളിൽ പൊട്ടിയത് എന്റെ ഫോണിന്റെ
മുഖമാണ് “
ഷവർമ്മക്കൊപ്പം പരാതിയും കൈമാറി ലാലി അടുത്ത ലക്ഷ്യത്തിലേക്ക് ബൈക്ക് തിരിക്കുമ്പോഴാണ് നാളെമുതൽ താനിവിടെ കാണില്ലെന്ന് കൊമ്പൻമീശക്കാരൻ ലാലിയെ അറിയിച്ചത്,
“സാറെവിടെ പോകുന്നു?”
“അങ്ങോട്ട് ചെല്ലാൻ അവൾ പോയ നാളുതൊട്ട് പിള്ളേര് വിളിക്കുന്നു, ഒടുവിൽ ഞാനും കരുതി ഒന്ന് കറങ്ങിയിട്ട് വരാമെന്ന്, വെളുപ്പിനാണ് ഫ്ലൈറ്റ്”.
“വളരെ നല്ല കാര്യമാണ്, സാറിവിടിങ്ങനെ ഒറ്റക്ക് നില്ക്കാതെ മുമ്പേ പോകണ്ടതായിരുന്നു , എന്തായാലും ഇനി നാട്ടിൽ വരുമ്പോൾ കാണാം”
കൊമ്പൻമീശക്കാരനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ തന്റെ പ്രിയപ്പെട്ടവരാരോ വിടപറയുന്നൊരു വിങ്ങൽ ലാലിയുടെ മനസിൽ ഉടലെടുത്തിരുന്നു.
ഇതുവരെ ഭക്ഷണം വിതരണം ചെയ്ത കസ്റ്റമേഴ്‌സിൽ തന്നോട് അനുഭാവപൂർവ്വം പെരുമാറിയ ഏകവ്യക്തി സാർ മാത്രമായിരുന്നു, തന്റെ സുനിത പോയ ഏതാണ്ട് അതേ സമയത്ത് തന്നെയാണ് സാറിന്റെ ഭാര്യയും പോയത്, സുനിതയെപ്പോലെ സാറിന്റെ ഭാര്യയും ജീവനൊടുക്കിയതാണ്, രണ്ടുപേരും വിഷാദത്തിന്റെ കളിക്കൂട്ടുകാരായിരുന്നു.
“കെട്ടിയോൾ പോയിക്കഴിഞ്ഞാൽ, ചിറകറ്റ കിളിയുടെ അവസ്ഥയിലാകും,നമ്മളോരോരുത്തരുംഅത് ഞാൻ തന്നോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ?”.
ഭാര്യപോയിക്കഴിഞ്ഞുള്ള ഒറ്റപ്പെടലിന്റെ വേദന, പലപ്പോഴും സാർ പങ്കുവെച്ചിരുന്നു.
ട്രാഫിക്ക് കുരുക്കിനെയും, അടഞ്ഞു കിടന്ന റെയിൽവേ ക്രോസിനെയും അതിജീവിച്ച് മൂന്ന് വീടുകളിലെ ഡെലിവറി കഴിഞ്ഞപ്പോൾ ലാലിക്ക് അനുവദിക്കപ്പെട്ട മുപ്പതു മിനിറ്റുകൾ പിന്നിട്ടിരുന്നു,അപ്പോഴും ലാലിയുടെ ചിന്തകളിൽ പിടിവിടാതെ കൊമ്പൻമീശക്കാരനായിരുന്നു.
നാലാമത്തെ വീട് ലക്ഷ്യമാക്കിയുള്ള ലാലിയുടെ ഓട്ടം മൂന്നാമത്തെ വളവിൽ വെച്ച് വഴി തെറ്റിയതോടെ, കസ്റ്റമറിലേക്ക് ലാലിയുടെ ഫോൺകാൾ ,
വൈകുന്നതിന്റെ അസഹിഷ്ണുത നിറഞ്ഞ ഇംഗ്ലീഷിൽ മറുവശത്തെ സ്ത്രീശബ്ദം പറഞ്ഞ വഴിയിലൂടെ
നാലോളം വളവുകൾ വീണ്ടും ചുറ്റിക്കറങ്ങി നാലാമത്തെ വീട്ടിലെത്തുമ്പോൾ പതിമൂന്ന് മിനിറ്റ് ലേറ്റ്,
“തനിക്കെന്താടോ ഇത്തിരി മുമ്പേ കൊണ്ടുവന്നാൽ, ഇറെസ്പോൺസിബിൽ ഇഡിയറ്റ്”
ഭക്ഷണപ്പൊതി ഏറ്റുവാങ്ങുമ്പോൾ കസ്റ്റമറായ നാടൻ മദാമ്മ ചാർത്തിയ വിശേഷണത്തിന് മറുപടിയായി പുഞ്ചിരി കൈമാറി , മടങ്ങാനൊരുങ്ങുമ്പോഴാണ് പേഴ്സിൽ നിന്ന് താഴെവീണ കടലാസ് ലാലി ശ്രദ്ധിക്കുന്നത്.
“ഞാൻ ഉറങ്ങും മുമ്പ് വരണം,വരുമ്പോൾ കപ്പലണ്ടി വാങ്ങുവാൻ മറക്കരുത്”.
‘കപ്പലണ്ടിക്കാരൻ പോകും മുമ്പ് കവലയിലെത്തണം , മോളുറങ്ങും മുമ്പ് വീട്ടിലും’
മടക്കയാത്രയിൽ ലാലിയുടെ കൈകൾ പതിവിലും കരുത്തോടെ ആക്സിലേറ്ററിലമരുമ്പോൾ,
മനസ്സിലെ കണക്കുകൂട്ടലുകളിൽ ഈ ഓട്ടത്തിലെങ്കിലും “മുമ്പ്” എത്തണമെന്ന ആഗ്രഹം ലാലിയിൽ നിറഞ്ഞിരുന്നു.