രചന : സാബു കൃഷ്ണൻ ✍️
പല്ലനയെനിക്കു പുണ്യഭൂമി
മഹാപ്രതിഭനുറങ്ങുന്ന ഭൂമി
സ്നേഹപ്പൂക്കൾ വിടരുന്ന ഭൂമി
എന്റെ ചിത്തത്തിന്നൂഷര ഭൂമി.
പല്ലന മനസ്സിനെന്നും വേദന
ഇരുളിൽ തൂകിയ കവിഭാവന
അന്തമില്ലാത്തൊരാഴക്കയത്തിൽ
മുങ്ങി മറഞ്ഞു പ്രിയഗായകൻ.
വീണ പൂവിന്റെ നക്ഷത്ര ഗീതം
മലയാളഭാഷയ്ക്കമര ഗീതം
മാറാത്ത ചട്ടങ്ങൾ മാറ്റി മറിക്കുവാൻ
രോഷാഗ്നി ചിതറി മഹാനുഭാവൻ.
സ്വാതന്ത്ര്യ ഗാഥകളാലപിച്ചു
സ്നേഹമന്ത്രങ്ങളുരുക്കഴിച്ചു
മങ്ങാത്ത മായാത്ത സ്നേഹ കാവ്യം
മലയാള ഭാഷയ്ക്കമൃത വർഷം.
നല്ല ഹൈമവത ഭൂവിൽ നിന്നു
നളിന കാവ്യങ്ങളാലപിച്ചു
കുന്നിൻ മുകളിലെ സൂര്യ ശോഭ
താമര കാന്തി പകർന്നു തന്നു.
തഥാഗതൻ ബുദ്ധ മുനിയുടെ മാർഗ്ഗം
ജീവിത ദർശനമായിരുന്നു
ബുദ്ധന്റെ ജീവിത പാതകളിൽ
കാവ്യ വിളക്കു കോളുത്തി വെച്ചു.
സീതയേക്കാട്ടിലുപേക്ഷിച്ച രാമൻ
സീത തൻ ദുഃഖക്കനവിൽ മുങ്ങി.
സീത തന്നാത്മ രോഷം തുളുമ്പും
സീതാ കാവ്യമനശ്വര രത്നം.
രാത്രീഞ്ചരനായ ദുഷ്ട മൂർത്തേ
എന്റെ കവിയെ നീ കൊണ്ടുപോയോ
റെഡീമറിനുള്ളിലൊളിച്ചിരുന്നു
ആഴത്തിലേക്ക് നീ കൊണ്ടു പോയോ?
മലയാള ഭാഷ മറക്കില്ല നിന്നെ
ഹൃദയത്തിനുള്ളിൽ നീ വസിക്കും
പ്രേമ ഗായകാ, സ്നേഹ ഗായകാ.
അമര പ്രഭുവായ്,വാഴുന്നു നീ…..