രചന : രാജശേഖരൻ✍

പൂക്കുന്നു കായ്ക്കുന്നു മാമരച്ചില്ലകൾ
ഒരുക്കുന്നു കാലം മറക്കാതെ മധുരക്കനികൾ.
മൃഗത്തിനും മർത്ത്യനുമുരഗത്തിനും
ചെറുപറവയ്ക്കുമണുവൊത്ത കീടാദി ജീവിക്കും.
പ്രത്യുപകാരപ്രതീക്ഷകൂടാതവർ
പുഞ്ചിരിച്ചേകും മധുരക്കനികൾ പുച്ഛിക്കുവോർക്കും.
വെള്ളവും വളവും നൽകാത്തൊരുവനും
പള്ള തുരന്നതിൽ പാർപ്പിടം കെട്ടി പാർക്കുന്നവനും.
അടിവേരിനടിയിൽ മാളമുള്ളോനും
അലസമായല്പം തണലത്തുറങ്ങും സമീരനും.
സർവ്വ ചരാചര ഭേദമേയില്ലാതെ
സർവ്വർക്കുമേകുന്നു തൻ ജീവസാഫല്യ –
ഹർഷപുണ്യം!
എത്ര പേരുണ്ടാകും മർത്ത്യരിലീവിധം
തത്ര തൻ ജീവിത നേട്ടങ്ങൾ മടിയൊട്ടുമില്ലാതെ,
ക്രയവിക്രയത്തിൻ ലാഭേച്ഛകൂടാതെ –
യപരനുദാനമായ് നൽകാൻ തയ്യാറുള്ള നിസ്വാർത്ഥർ?
മനുഷ്യൻ്റെ ദുർഗന്ധമാലിന്യപിണ്ഡം
അമൃതേത്തുപോലുണ്ടു സന്തുഷ്ടരാകും നൽമരങ്ങൾ,
മനുഷ്യനുതകു,മിലഫലമൂലാ-
ദികളേകുന്നചരദേവഗണങ്ങളെന്ന പോലെ!

By ivayana