രചന : ഷബ്‌നഅബൂബക്കർ ✍

നരവീണ മുടിയും മറവീണ മിഴിയുമായ്,
കോലായിലെ ചാരുപടിയിലിരിക്കവേ.
ചുളിയാത്ത മനസോടെ ചുളിവീണ ഗാത്രത്തെ,
തഴുകിത്തലോടി ഞാനോർത്തീടവേ.

കുസൃതിയാലോടുന്ന ബാല്യം മുതലിന്നു,
മടിയോടിരിക്കുമീ ക്ഷയകാലത്തിലും.
കാലമെത്ര കൊഴിഞ്ഞൂ ദ്രുതമോടെ,
കാറ്റു വന്നിലകൾ കൊഴിയുന്നതു പോലെ.

അമ്മതൻ മടിയിലിരുന്നു ഞാനന്നെത്ര,
അതിശയമേറും കഥകൾ ശ്രവിച്ചതും.
ഇന്നെന്റെ പേരകിടാങ്ങളെൻ കഥകൾക്കായ്,
എൻ മടിത്തട്ടിൽ സ്ഥാനം പിടിക്കയായ്.

കല്ലെറിഞ്ഞു വീഴ്ത്തിയാ മാമ്പഴത്തിൻ രുചി,
കാശെറിഞ്ഞു വാങ്ങുവാനൊക്കുമോ?
മുട്ടികുടിക്കവേ മാറുന്ന മധുരത്തിൽ,
പുളിനിറയുന്നതോ അത്ഭുതമല്ലയോ!

നിറമുള്ള കുപ്പിയിൽ നുണയുന്ന ദ്രാവക-
മധുരം പുളിയായി മാറ്റിടാനൊക്കുമോ?
ദൈവത്തിൻ കയ്യൊപ്പ്‌ മാറ്റിയെഴുതുവാൻ
പടപ്പിനാലാവുമോ പടച്ചോൻ കനിയാതെ?

പഠിക്കാൻ മടിച്ചു ഞാൻ പറ്റിച്ച പണികളിൽ,
പാളിച്ചയായ്, അമ്മ കോമരമായല്ലോ.
പേരമരത്തിന്റെ കൊമ്പൊന്നൊടിച്ചപ്പോൾ,
പേടിയാലോടി ഞാൻ തട്ടിമറിഞ്ഞന്ന്.

മുട്ടുമുറിഞ്ഞന്ന് ചോരയൊലിച്ചപ്പോൾ,
അമ്മേയെന്നാർത്തുകരഞ്ഞീടവേ.
കണ്ണുനിറച്ചെന്നെ വാരിയെടുത്തമ്മ,
നിറയെ മുത്തങ്ങൾ തന്നിടവേ.

അമ്മതൻ കണ്ണീരിൽ ശങ്കയുദിച്ചെന്നിൽ,
വേദനയമ്മയ്ക്കോ വീണതു ഞാനല്ലേ.
ഋതുകൾ മാറവേ ഞാനുമൊരമ്മയായ്,
കാലമെനിക്കിന്നുത്തരവും നൽകി.

കൈപ്പത്തി വലുപ്പത്തിലുള്ളൊരു യന്ത്രത്തിൽ,
നിറയുന്നു ബന്ധവും ബന്ധുക്കളുമിന്ന്.
യന്ത്ര ദൃശ്യങ്ങളായ് പാഠങ്ങളും പാഠശാലയും
സൗഹൃദത്തിനോ ഭംഗിയുമറ്റു പോയ്‌.

തിരക്കിടാനല്പവും സമയമില്ലിന്നു മനുഷ്യന്,
തിരക്കിലാണവർ തിരിയുന്ന ഭൂമിയിൽ.
തീരെവയ്യെന്നാകിലോ നിൻ കൂട്ടിനായെത്തിടും,
ഇന്നലെകൾ തൻ നെടുവീർപ്പുകൾ..

By ivayana