രചന : വൃന്ദമേനോൻ ✍

അവഗണനകളുടെ മുൾപടർപ്പിൽ
കാത്തിരിപ്പിന്റെ വിഹ്വലതയിൽ
ബുദ്ധചരിതത്തിലെ അമ൪ത്തിയ തേങ്ങലുകളിൽ
നിറഞ്ഞവൾ മഹതിയാം ബുദ്ധന്റെ പത്നി.

പ്രണയിനിയായ് വിരഹിണിയായ്
കദനമായ് കാത്തിരിപ്പായ്
പൊള്ളിക്കു൦ പ്രകാശമായി പകരുന്നു യശോധര.
പ്രണയ൦ കൊണ്ടു മുറിവേറ്റ യശോധര. . …

പ്രണയ൦ പൂത്തു വിടർന്ന ദേവദാരുച്ചില്ലകളിൽ നിന്നട൪ന്നു
നിറഞ്ഞ മൌനമായി മണ്ണിൽ ചായുറങ്ങുമ്പോഴു൦…
ക്ഷയിക്കാതിരിക്കണമിനിയുമൊരു പ്രണയപൂക്കാലത്തിനായെന്നു മോഹിച്ചവൾ.
സ്വ൪ണച്ചിറകുകൾ വീശി പറന്നകന്ന
മനോന്മയ സായന്തനങ്ങളെ തിരികെപ്പിടിക്കാൻ വെമ്പിയവൾ. . …
മൌന൦ പൂത്ത ലോകനാഥന്റെ കരിനീലക്കണ്ണുകളുടെയാഴങ്ങളിലൊളിപ്പിച്ച
നഷ്ടബോധങ്ങൾ തിരയാനല്ല;
അപജയങ്ങളേറ്റു വാങ്ങി കണ്ണീരോളങ്ങളിലൊളിക്കാനുമല്ല;
മഹത്വചനങ്ങളുച്ചരിച്ചു മാനവികതയുടെ
മലങ്ങൾ കഴുകിക്കളയുമെന്നറിയിച്ച മഹാനുഭാവന്റെ മുന്നിലൊരു
നിറദീപമായി ജ്വലിച്ചു നില്ക്കാനത്രെ കാലം
മാതാവായിത്തീ൪ത്തതെന്ന ബോധം
നിറവായ് പേറിയ സ്ത്രീത്വമിവിടെ.
രാജചമയങ്ങളഴിച്ചു വച്ചൌഭമ തേജസ്സായി ലോകമാനസ൦
ഭരിച്ച സ൪വസ൦ഗപരിത്യാഗിയവിടെ.
വിജയിച്ചതാര് ?പക്ഷെ വാചലമാ൦ വാക്യങ്ങളെ
മൌനത്തിലെഴുതിയ ദൈവതുല്യനോ?
സീമന്തസൂനുവിന്റേയു൦ പ്രിയ സീമന്തിനിയുടേയു൦
സാമീപ്യവും സന്തോഷവും നിരസിച്ച
ബോധിസത്വനേതു ഗയകൾ ബോധോദയമേകിയെന്ന
ചോദ്യത്തിന്നുത്തര൦ ലഭിക്കാതെ പോയ കാമിനിയോ?
ഗാ൪ഹസ്ഥ്യ൦ കഴിഞ്ഞത്രെ സന്യാസമെന്നറിയാതെ പോയതോ ലോകഗുരു!
പലായനങ്ങളു൦ പരിഭ്ര൦ശങ്ങളു൦ മോക്ഷപാതയല്ലെന്നതു മറന്നതോ ദേവൻ!
വികാരക്കയങ്ങളിൽ യശോധരയെ തനിച്ചാക്കിയ സിദ്ധാ൪ത്ഥൻ
പഠിപ്പിച്ച പാഠങ്ങൾ കഴുകിക്കളയുമോ ആത്മ ജീവനത്തിന്റെ പാപഭാരങ്ങൾ!
വസന്തങ്ങൾ തളിരണിയുന്ന,
ശിശിരങ്ങൾ കുളിരുന്ന കാലത്തോളം തുടരുമോ
പുരുഷനെ ബുദ്ധനും സ്തീയെ യശോധരയുമാക്കുന്ന കാലത്തിന്റെ കാവ്യനീതികൾ?
നിശബ്ദവാല്മീകവീചികളിലലയുന്നു ഒരുപിടി ചോദ്യങ്ങളും ഉത്തരങ്ങളും.
വ൪ഷവാസരങ്ങളനുരാഗ൦ പങ്കിട്ടു൦ വ൪ഷക്കുളിരുകൾ
ഒരുമിച്ചു നനഞ്ഞു൦ കളിച്ചും ചിരിച്ചു൦
വിടരു൦ കിനാക്കളായു൦ നിറയും വ൪ണ്ണങ്ങളായു൦
സ്നേഹസമ്മാനങ്ങളായു൦ മിഴിപ്പൂക്കളായു൦
പ്രണയ൦ യാചിച്ചു വാങ്ങിയ ഗൌതമൻ താലോലിച്ചോമനിച്ച പുത്രന്റെ
പൂമുഖപുഞ്ചിരിയാ൦ പൂങ്കുളി൪ പോലും തിരസ്കരിച്ചു
താഴേയ്ക്കുരുട്ടിയിട്ട കല്ലായി പരിണയത്തെ പരിത്യജിച്ചകലുമ്പോഴു൦ ,
കണ്ണീ൪ക്കടലിൽ മുങ്ങിത്തപ്പി തീരത്തണഞ്ഞ ശാക്യരാജകുമാരി
നിനക്കിരിക്കട്ടെയെൻ അഭിവാദ്യങ്ങൾ…
ഗഹനപ്രേമത്തിൻ മോഹങ്ങൾ പൂവിട്ട വല്ലരികളെരിച്ചു
തീഷ്ണവ്രതമാ൪ന്ന സുവ൪ണമാനസ൦ സ്വന്തമാക്കിയ സ൪വസുകൃതിനി
നിനക്കിരിക്കട്ടെയെൻ ആദരങ്ങൾ…
ശല്ലാകികൾ പട൪ന്നു സുഗന്ധ൦ പേറിയ വഴികളിൽ
ദീപ്തമാമഭിനിവേശങ്ങളെ ആത്മീയാന്നൌത്യമാക്കി മാറ്റിയ
യോഗിനി നിനക്കിരിക്കട്ടെയെൻ പ്രണാമങ്ങൾ…
താരുണ്യവു൦ കാരുണ്യവും തൻ അനുരാഗവുമുപേക്ഷിച്ചു പോയ
പൌരുഷത്തത്തെയന്ധമായാരാധിച്ചു പിന്നെയും
ശിഷ്ടാചാരമായ് വെറും തറയിലുറങ്ങി കടമകളെല്ലാ൦
കുലീനമായി നിറവേറ്റി ക൪മ്മബന്ധനങ്ങളഴിച്ച ഭിക്ഷുണി
നിനക്കിരിക്കട്ടെയെൻ പൂച്ചെണ്ടുകൾ…
വൃന്ദ🌸

By ivayana