രചന : ഒ. കെ. ശൈലജ ടീച്ചർ ✍

അവൾ എന്നും എന്റെ സുഖമുള്ള ഓർമയാണ്. മധുരസ്വപ്നമാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാൾ അവളായിരുന്നു. കിലുക്കാംപെട്ടിപോലെ പൊട്ടിചിരിക്കുമ്പോൾ അവളുടെ നുണകുഴിയിൽ വിരിയുന്ന നാണം.. ചെമ്പനീർപൂവ് പോലെ തുടുത്ത മുഖം ഒരുപാട് ഇഷ്ടമായിരുന്നു. നെറ്റിയിലെ ചന്ദനകുറിയും, കാർകൂന്തലിൻ തുമ്പിൽ തിരുകിയ തുളസിക്കതിരും ഇല്ലെങ്കിലും അവൾ ശാലീനസുന്ദരിയായി വളരുന്നത് കൺകുളിർക്കെ നോക്കി നിൽകുമ്പോൾ ഞാനറിയാതെ എന്നിലൊരു മോഹം നാമ്പെടുക്കുന്നുണ്ടായിരുന്നു.
ഒന്നിച്ചു കളിക്കുമ്പോഴും, സ്കൂളിൽ പോകുമ്പോഴും ചിലപ്പോഴൊക്കെ അവൾ എന്നോട് പിണങ്ങുമ്പോൾ അവളുടെ കുറുമ്പ് കാണാൻ എനിക്കൊരു രസമായിരുന്നു.. പിണങ്ങിയാൽ വേഗം തന്നെ പിണക്കം മാറി ഓടിവരും.
നാട്ടിലെ പേരും പ്രശസ്തിയുമുള്ള സമ്പന്നകുടുംബങ്ങൾ ആയിരുന്നു ഞങ്ങളുടേത്‌.. അതുകൊണ്ട് തന്നെ നാട്ടുകാർക്കു പ്രിയപ്പെട്ട കുട്ടികൾ ആയിരുന്നു. പഠനത്തിലും ഞങ്ങൾ മുന്നിൽ തന്നെ ആയത് കൊണ്ടു സ്കൂളിലും എല്ലാവർക്കും പ്രിയപ്പെട്ട വിദ്യാർത്ഥികൾ ആയിരുന്നു.
മറ്റു കുട്ടികളോടൊപ്പം ചേർന്നു അവൾ കളിക്കുമ്പോൾ എനിക്ക് എന്തോ ഒരു പ്രയാസം ആയിരുന്നു.. അതിനായിരുന്നു ഞങ്ങൾ അധികവും പിണങ്ങുക
ഒരു ദിവസം അവൾ സ്കൂളിൽ പോകാനായി വരാത്തത് കണ്ടപ്പോൾ ഞാൻ അവളുടെ വീട്ടിൽ ചെന്നു..
“സീതമ്മേ.. വിദ്യ സ്കൂളിൽ വരുന്നില്ലേ.. സമയം വൈകിയല്ലോ “
“മോൻ പൊയ്ക്കോളൂ.. വിദ്യ കുറച്ചു ദിവസം സ്കൂളിൽ വരില്ല.”
“എന്തേ അവൾക്കെന്തു പറ്റി”
അതു പറഞ്ഞു കൊണ്ടു ഞാൻ അകത്തേക്ക് കയറാൻ നോക്കിയപ്പോൾ എന്റെ അമ്മയുടെ വിളി കേട്ടു
“ദീപൂ… ഇങ്ങു വാ… വിദ്യയ്ക് സുഖമില്ലാ…”
“എന്താ അമ്മേ.. വിദ്യയ്ക്കു എന്താ പറ്റിയത്?”
‘ഒന്നുമില്ല അവൾ വലിയ കുട്ടിയായി. ഇനി നീ ഒറ്റയ്ക്കു പോയാൽ മതി “
“അതെന്താ.. ഞങ്ങൾ ഇതുവരെ ഒന്നിച്ചല്ലേ പോയത്?”
‘ഇനി അങ്ങനെ അല്ല.. അവൾ വലുതായി ”
“ഓ… അമ്മയോട് ഞാൻ മിണ്ടില്ല “
അന്ന് സങ്കടവും ദേഷ്യവും കൊണ്ടു ഞാനും സ്കൂളിൽ പോയില്ല.
പിന്നെ വിദ്യ എന്റെ ഒപ്പം സ്കൂളിൽ വരുകയോ, കളിക്കുകയോ ചെയ്തില്ല. എങ്കിലും അവളെ കാണാതിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. ഞാൻ അവളെ കാണാൻ വേണ്ടി അവളുടെ വീടിന്റെ അടുത്ത് പോയി നിൽക്കും.
കാലം ഞങ്ങളിൽ യൗവ്വനത്തുടിപ്പുകൾ കൊണ്ടു മനോഹരമാക്കിയപ്പോൾ എന്റെ മനസ്സിൽ അവളെന്റെ രാജകുമാരിയായി.. എന്റെ സ്വപ്നങ്ങളിലെ റാണിയായി… എന്നിലെ മോഹം എന്നോടൊപ്പം വളർന്നു വന്നത് ഞാൻ അറിഞ്ഞപ്പോൾ എന്റെ മനസ്സ് അമ്മയോട് തുറന്നു പറഞ്ഞു.
ഈ കാര്യം കേൾക്കാൻ കൊതിച്ചത് പോലെ അമ്മ സന്തോഷത്തോടെ വിവരം അച്ഛനോട് പറഞ്ഞു.
‘നല്ല കാര്യം… കുട്ടികൾ തമ്മിൽ ഇഷ്ടം ആണെങ്കിൽ വീട്ടുകാരുമായി സംസാരിക്കാം “
അച്ഛന്റെ മറുപടി കേട്ടപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു.
അതിനിടയിൽ അച്ഛന്റെ ബിസിനസിൽ ഞാനും പങ്കാളി ആയിരുന്നു.. നന്നായി നോക്കിനടത്താൻ പറ്റിയത് കൊണ്ടു ഞങ്ങളുടെ ബിസിനസ് നന്നായി വന്നിരുന്നു.
അതോടൊപ്പം തന്നെ അടുത്തുള്ള സ്കൂളിൽ അധ്യാപകൻ ആയി ജോലിയും കിട്ടിയപ്പോൾ എന്റെ വിവാഹം വേഗം നടത്താൻ അച്ഛൻ തീരുമാനിച്ചു.
“ദീപു… കാര്യം നിങ്ങൾ തമ്മിൽ ഇഷ്ടം ആണെങ്കിലും അവളുടെ വീട്ടിൽ പെണ്ണ് കാണാൻ പോകണം “
‘ശെരി ഞാൻ വിവേകിനെയും കൂട്ടി നാളെ പോകാം “
പിറ്റേന്ന് നേരം വെളുത്ത ഉടനെ വിവേകിനെ വിളിച്ചു കാര്യം പറഞ്ഞു.
ഞങ്ങൾ വിദ്യയുടെ വീട്ടിൽ പെണ്ണ് കാണാൻ പോയി
അവിടെ അവളുടെ അച്ഛനും അമ്മയും ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു
വിവേക് ഞങ്ങൾ വന്ന കാര്യം അച്ഛനുമായി സംസാരിച്ചപ്പോൾ അദ്ദേഹം അകത്തു പോയി വിദ്യയോടും അവളുടെ അമ്മയോടും ഈ കാര്യം സംസാരിച്ചു..
പക്ഷേ….. വിദ്യയുടെ മറുപടി ഒരിയ്ക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.. ഞെട്ടിപ്പോയി.. അവൾ പറഞ്ഞത് കേട്ടപ്പോൾ..
“അച്ഛാ ഞാൻ ദീപുവേട്ടനെ സഹോദരനെ പോലെയേ കണ്ടിട്ടുള്ളൂ. മാത്രവുമല്ല ദീപൂവേട്ടന് ശെരിക്ക് സംസാരിക്കാൻ കഴിയുന്നുണ്ടോ? കൊഞ്ഞല്ലേ… കൊഞ്ഞുള്ള ഒരാളെ വിവാഹം കഴിക്കണോ.. എനിക്ക് വേണ്ട”
പറയാൻ മാത്രം കൊഞ്ഞ് ഉണ്ടോ എനിക്ക്? “
ചിലപ്പോൾ മാത്രം അല്ലേ അങ്ങനെ ഒരു ചെറിയ വിക്ക് വരാറുള്ളൂ.. അപ്പോൾ അവൾ എന്നോട് വളരെ സ്നേഹം കാണിച്ചിരുന്നതോ?
എങ്ങനെയാണ് അവിടെനിന്നും ഇറങ്ങി വീട്ടിൽ എത്തിയതെന്ന് ഓർമയില്ല.
വിവേക് പറഞ്ഞു കാര്യങ്ങൾ അച്ഛനുമമ്മയും അറിഞ്ഞപ്പോൾ അവർക്കും സങ്കടം വന്നു. മാത്രമല്ല അതൊരു അപമാനം പോലെ തോന്നി.
പിറ്റേ ദിവസം തന്നെ അച്ഛൻ ബ്രോക്കറെ വിളിച്ചു ഏർപ്പാട് ആക്കി. നല്ല കുട്ടിയെ കണ്ടെത്തി കല്യാണം എത്രയും വേഗം നടത്തണം എന്ന് പറഞ്ഞു.
അച്ഛന്റെ പരിശ്രമം കൊണ്ടു വേഗം തന്നെ അനുയോജ്യയായ പെൺകുട്ടിയെ കണ്ടെത്തി വിവാഹം നടത്തി.. ആദ്യം നല്ല വിഷമം ഉണ്ടായിരുന്നു.. വിദ്യയെ മറന്നു ആ സ്ഥാനത്തു മറ്റൊരാളെ സങ്കൽപിക്കാൻ പറ്റിയില്ല. ക്രമേണ നീതു സ്നേഹം കൊണ്ടു എന്റെ മനസ്സിൽ കുടിയേറി…
പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു. ഞങ്ങളുടെ സ്നേഹവല്ലരിയിൽ മൂന്ന് പൂക്കൾ വിരിഞ്ഞു. അതോടൊപ്പം തന്നെ വിദ്യയും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു.
അവളുടെ സ്വപ്നം പോലെ സുന്ദരനും, സുമുഖനും, നല്ല ജോലിയും തറവാടിത്വവും ഉള്ള പയ്യനെ തന്നെ കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം ആയി. അവൾക് നന്മകൾ നേർന്നു..
പക്ഷേ പിന്നീട് കാലം കുറച്ചു കഴിഞ്ഞപ്പോൾ കേട്ട വാർത്ത വല്ലാതെ നൊമ്പരപ്പെടുത്തി.
അവളുടെ മൂന്നു മക്കൾ നല്ല സുന്ദരന്മാർ!നിർഭാഗ്യവശാൽ ബധിരരും, മൂകരും ആണെന്ന്!!
ഈശ്വരാ…..
എന്തേ ഇങ്ങനെ സംഭവിക്കാൻ!!
അവളുടെയോ, ഭർത്താവിന്റെയോ കുടുംബത്തിൽ ആർക്കും തന്നെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല.. പിന്നെ.. ഈ മക്കൾ ബധിരരും, മൂകരും ആയത് ഈശ്വരനിശ്ചയം ആയിരുന്നോ..
അവൾ എന്നോട് പറഞ്ഞ വാക്കുകൾക്ക് ദൈവം ഇങ്ങനെയൊരു ശിക്ഷ നൽകേണ്ടായിരുന്നു.
അന്ന് ആ വാക്കുകൾ കേട്ടപ്പോൾ ഹൃദയം തകർന്നു പോയെങ്കിലും ഞാൻ അവളെ വെറുത്തിരുന്നില്ല. എനിക്കതിന് കഴിയുമായിരുന്നില്ല. അത്രയ്ക്കും സ്നേഹം ആയിരുന്നു അവളോട്.. ഇന്നും അവളോട് ആ ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു വെയ്ക്കുന്നു..
പാവം വിദ്യ!
അവളെയൊന്ന് കണ്ടാലോ?
സമാധാനിപ്പിക്കാം
അവൾക്ക് ഇഷ്ടം ആകുമോ?
അല്ലെങ്കിൽ വേണ്ട… അവൾക്കും മക്കൾക്കും വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കാം..
എന്നെങ്കിലും ഒന്ന്b അവളെ നേരിട്ട് കാണാൻ കഴിയണേ….

By ivayana