രചന : വിദ്യാ രാജീവ് ✍
രാവിന്റെ മടിത്തട്ടിലുണരും നിശാപുഷ്പങ്ങളും,
നീലവാനിലെ വെണ്മപൂത്തൊരു അമ്പിളിപ്പൂവും മഹിയെ സുന്ദരിയാക്കീടുന്നു.
രാഗാർദ്ര ഗീതം പാടും ചീവീടിൻ
ശബ്ദഘോഷവും
ഇണതേടുന്നമണ്ഡൂകങ്ങൾ
ഉതിർക്കും നാദവീചിയും
മഴതോർന്നൊരു രാവിന്റെ
അഴൽ മാറ്റിയെടുക്കുന്നു.
അപ്പോഴും തെരുവുകൾ തോറും
സന്താപം പടരുകയല്ലോ.
കനലെരിയും ഇടനാഴികളിൽ
കണ്ണീർമഴ പൊഴിയുന്നു.
തെരുവോരം നായകൾ ചേർന്ന്
തേർവാഴ്ച്ച നടത്തുന്നു,
കൊതുക് ആർത്തുമദിക്കും രാവിൽ
നിദ്രയ്ക്കായ് കേഴുന്നിവിടെ,
അഭയാർത്ഥികളായലയുന്ന
തലചായ്ക്കാൻ ഇടമില്ലാത്തോർ.
എരിയുന്ന ശവത്തിൻ ഗന്ധം
പുകയായിട്ടൊഴുകുന്നിവിടെ.
തെരുവിന്റെ വിളക്കുകൾതോറും
ഈയലുകൾ പാറി രസിപ്പൂ!
യാമിനിതൻ കരവലയത്തിൽ
മേദിനി, നീ സുഖനിദ്രയിലല്ലോ!