രചന : പള്ളിയിൽ മണികണ്ഠൻ ✍

നിർമ്മലേ നീയൊരു നീലോല്പലം
ഞാനൊരു നിറസൂര്യപ്രേമോദയം
തരളജലാശയനീലിമയിൽ നീ….
അതിദൂരെനീലാംബരം, ഞാനതി-
ലുണരുന്ന സങ്കീർത്തനം.
നീയനുരാഗവിലോചനയായി
രാധാഹൃദയവുമായി
ഞാനാം മോഹവിപഞ്ചികമീട്ടി
രാവിലിരിക്കുമ്പോൾ….
തവ വേദനയുടെയാഴം മൃദുലേ
ഞാനറിയുന്നുണ്ടല്ലോ…
ഞാനീവൃന്ദാവനവീഥികളിൽ
നിന്നെ തിരയുകയല്ലോ…
കരയരുതേ നീ കവിതേ നാമിരു-
കരകളിലാണെന്നാലും
ചിരമാണീപ്രണയാമൃതഗീതം
നമ്മളനശ്വരരല്ലോ….നമ്മുടെ
പ്രണയമനശ്വരമല്ലോ…
നായകനായ് ഞാൻ നായികയായ് നീ
തുടരുകയാണെന്നാലും
വിധിയുടെ കൈകളിലുലയും നാം വെറും
വിഭാതവേളകളല്ലേ… നമ്മൾ
നിശ്ശബ്ദവേദനയല്ലേ..

പള്ളിയിൽ മണികണ്ഠൻ

By ivayana