രചന : രഘുനാഥൻ കണ്ടോത്ത് ✍

ദീപപ്രഭാനാളങ്ങൾ നർത്തനമാടും
ദീപ്തദേവാലയാങ്കണങ്ങളിലും
കത്തും കരിന്തിരികൾ പുകമറകളുയർത്തും
സത്യനേർച്ചിത്രങ്ങൾ വികലമാക്കീടുവാൻ!

ജനായത്തത്തിനായലറിക്കരയും
ജനായത്തവിരുദ്ധശക്തികളെങ്ങുമേ
കാശിനായ് തീറ്റിക്കൊഴുപ്പിച്ചു കോഴിയെ
കാക്കും കശാപ്പുകാരന്റെ കൗശലംപോലവേ

കേവലം അടവുനയം പലർക്കും മതതേരത്വം
കനവുകാണ്മതോ, നരാധമമതാധിപത്യം
സഹജദർശനമസഹ്യമാം ഭ്രാന്തചിന്തനം
സഹവർത്തിത്ത്വത്തിനിത് നിദർശനമാകുമോ?

ജനായത്തസാമ്പ്രദായികസത്തകൾ
അനായാസമത്രയുമൂറ്റിക്കൊഴുത്തിടും!
മേൽക്കൂരക്കുടചൂടി പോറ്റിയപ്രിയനാടിനെ
തൽക്ഷണമഗ്നിഗോളമാക്കുന്നു വഞ്ചകർ!

ഹൃദ്യസംഗീതസഭാതലേ,പലപ്പോഴും
ശപ്തകണ്ഠങ്ങളപശ്രുതിമീട്ടിമേവിടും
പുകഞ്ഞു കരിമ്പുകക്കാടുകൾ തീർക്കും
പകലിലും പ്രജ്ഞ
യിരുട്ടിൽ തപ്പിത്തടഞ്ഞിടും!

കളകളാണവർ പുകയുന്നകൊള്ളികൾ
കപടകുടിലതയാർന്ന മാനവവൈരികൾ
കളകളഞ്ഞു വിളകാപ്പതാവണമരചദൗത്യം
കൊതുകുഹത്യ മഹിതമാനവസേവയല്ലോ

രഘുനാഥൻ കണ്ടോത്ത്

By ivayana