രചന :- സതീഷ് ഗോപി✍

ഒറ്റയ്ക്കാണ് നടത്തമെങ്കിലും
ഒരാൾക്കൂട്ടത്തിൻറെ തടവിലാണ്.
അവനവനു വേണ്ടിയല്ലാത്ത അലച്ചിലിന്
ചെറുചിരിയുടെ കൂലി പോലും അയാൾക്ക് വേണ്ട .
ചോര, വിയർപ്പ്, കണ്ണീര്
മൂന്ന് ഒഴുക്കിൻ്റെയും ഉപ്പ് .
അകം തെളിയുന്ന ചിരിയ്ക്ക്
കടലുതോൽക്കുന്ന ആഴം .
പങ്കിടാനരുതാത്ത വേദനകളോ
വീട്ടിത്തീരാത്ത കടമോ
അയാളുടെ വള്ളിച്ചെരുപ്പിൻ്റെ
വാറുലയ്ക്കുന്നില്ല.
ചോരുന്ന കൂരകൾ
അയാളുടെ വരവിൽ
അടുപ്പ് കത്തിക്കും.
ആശുപത്രിയിലെ പട്ടിണിയുച്ച
അയാളുടെ പൊതിച്ചോറിൽ
തിരുവോണമാകും
എഴുന്ന ഞരമ്പിലെ ചോര
മരണക്കിടക്കയിലേക്ക്
ജീവനിറ്റിക്കും.
പ്രഭാതഭേരിയിൽ അയാൾ മുഴങ്ങും
ചുവരെഴുത്തിൽ അയാൾ തെളിയും
പാർട്ടിയാപ്പീസിൻ്റെ
പഴയ ഏണിപ്പടി
ഇടറി വീഴാൻ പോകുന്ന
ആ ഉടലിനെ ചെറുതൂവൽ പോലെ താങ്ങും.
അയാൾ വരുമ്പോൾ
മരച്ചില്ലകൾ ഓക്സിജന്റെ സിലിണ്ടർ തുറക്കും
അയാൾ നടക്കുമ്പോൾ വെയിൽ മുള്ളുകളെടുത്തുമാറ്റി
നിലാവാകും.
അയാൾ സംസാരിക്കുമ്പോൾ
അതിർത്തിയില്ലാത്ത ദേശം
സാഹോദര്യത്തിന്റെ
സാർവ്വദേശീയഗാനമാകും.
വിട്ടുപോകാത്ത
ഉറക്കത്തിന്റെ പക്ഷികൾ
ചേക്കേറിയ ആ കണ്ണുകളിലാണ് പ്രകാശങ്ങളുടെ വനം
അതിൻറെ വിത്ത്മുളപ്പിക്കുന്നത് .
കീശയിലെ ഡയറിയിൽ
അയാളെ ബാധിക്കുന്ന .
അക്ഷരങ്ങളും അക്കങ്ങളുമുണ്ടാകില്ല
‘ ഉറങ്ങും മുമ്പെനിക്കേറെ ദൂരമുണ്ട് നടക്കുവാൻ ‘എന്നോ
‘വരൂ ഈ തെരുവിലെ ചോര കാണൂ ‘ എന്നോ
ചില വരികൾ മുഴച്ചു കിടപ്പുണ്ടാകും.
പല പൂക്കളെ ചേർത്ത്
വസന്തത്തിലേക്ക് ചിറകു കുടയുന്ന
തേനീച്ചയെപ്പോലെ
അയാൾ
ഒരു കൊടിമരം നട്ടുനനയ്ക്കുന്നുണ്ട് മനുഷ്യൻറെ പതാക കെട്ടാൻ .

സതീഷ് ഗോപി (വാക്കനാൽ)

By ivayana