രചന: അഡ്വ കെ. സന്തോഷ് കുമാരൻ തമ്പി✍
” ഞാനൊരു വഴി കണ്ടിട്ടുണ്ട്. “
രാമാനുജൻ തന്റെ ആത്മഗതം അന്നും തുടർന്നു.
രാമന്റെ ഭാര്യ സൗദാമിനി അവന്റെ ആത്മഗതം മനസ്സിലാക്കാൻ തുടങ്ങിയിട്ട് വർഷം 50 കഴിഞ്ഞു.
അതുകൊണ്ട് തന്നെ അവന്റെ ആത്മഗതങ്ങളൊന്നും അവളിൽ ഒരു ഭാവമാറ്റവും ഉണ്ടാക്കിയില്ല.
രാമാനുജൻ സൗദാമിനിയെ കൂടെക്കൂട്ടിയത് തൊള്ളായിരത്തി എഴുപതിലാണെന്നാണോർമ്മ
കല്യാണ ദിവസം ഓർക്കുന്നതു തന്നെ മൂക്കു പോലെ ബോണറ്റുള്ള ഒരു കെ.സി.ടി. വണ്ടി വടക്കോട്ടു പോയ വൈകിട്ടൊരു വെള്ളിയാഴ്ചയാണെന്നാണ്.
സമ്പർക്ക വിലക്ക് ഇല്ലാതിരുന്നതു കാരണം പത്ത് അക്ഷൗഹിണിപ്പട സർവ്വസൈന്യാധിപരായി കൂട്ടായി ഉണ്ടാകുകയും ചെയ്തു.
അവരോഹണ ക്രമണത്തിൽ 8 പെണ്ണും 2 ആണും.
ദൈവാധീനം ഏറിയതുകൊണ്ടാണോ എന്തോ എല്ലാവരും രാമന്റെ ചിറകിൽ കീഴിൽ സസുഖം വാഴുന്നു.
മൂത്തവൾക്ക് കല്യാണപ്രായം കഴിഞ്ഞിട്ടു തന്നെ കൊല്ലം കുറെയായി.
കൃത്യമല്ലെങ്കിലും വയസ്സ് 48 ആയെന്ന് ഊഹിയ്ക്കാം.
ഏറ്റവും ഇളയവന് പ്രായം 30 ആയെങ്കിലും പരാശ്രയമില്ലാതെ നടക്കാൻ പോലും കഴിയില്ല.
പ്രായം 70 കഴിഞ്ഞെങ്കിലും രാമന് കലശലായ അസുഖങ്ങളൊന്നും തന്നെയില്ല. ആകെയുണ്ടായിരുന്നത് അല്പം പഞ്ചസാരേടെ സൂക്കേടു മാത്രമായിരുന്നു.
അതും വേപ്പില ശീലിച്ചതോടെ മാറി.
പിന്നുള്ളത് സൗദയുടെ ചൊറിച്ചിലാ.
തൊലി ചൊറിഞ്ഞു പൊട്ടുന്ന ഒരസുഖം . മഞ്ഞളും വേപ്പിലേം അരച്ച് സമം ചേർത്ത് പുരട്ടിയതോടെ ചൊറിച്ചിലിനും അല്പം ആച്ചായി.
കൊറോണ പരന്നതോടെ വീട്ടിലിരിപ്പ് തുടങ്ങിയതാണ്.
നാട്ടിൽ ലോക്ഡൗണിന് തോൽപ്പിയ്ക്കാൻ കഴിയാഞ്ഞ ഏക ബാർബറും രാമനായിരുന്നു.
അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ.
ഈ തൊഴിൽ സ്വായത്തമാക്കിയിട്ട് കൊല്ലം 55 ആയെങ്കിലും രാമനെ ഭാഗ്യദേവത കടാക്ഷിയ്ക്കാത്തതു കൊണ്ട് കൊറോണക്കാലത്ത് അടച്ചിടാനായി ഒരു കട സ്വന്തമായുണ്ടാക്കാൻ അവന് കഴിഞ്ഞില്ല.
രാമാനുജന് ആകെയുള്ളത് അഞ്ചു സെന്റ് പുരയിടവും അതിലൊരു കൂരയുമാണ്.
ഷീറ്റ് മേഞ്ഞ് വെടിപ്പാക്കിയ വീട്ടിൽ ആകെയുള്ള നാല് മുറികളിലായാണ് പന്ത്രണ്ട് പേരുടെ കിടപ്പും കഴിപ്പുമെല്ലാം നടന്നു പോകുന്നത്.
ആഡംബരപ്രിയർക്കായി ഒരുങ്ങുന്ന അതിശീഘ്ര വണ്ടിക്കായി നിർമ്മിക്കുന്ന പാളത്തിനായി കിടപ്പാടം പോകുമോ എന്ന ശങ്കിച്ചു കഴിയുന്നതിനിടയിൽ രാമാനുജന്റെ ഹൃദയമിടിപ്പ്
രണ്ട് വെട്ടം കൂടി.
അവാസവ്യവസ്ഥയും അടിസ്ഥാന സൗകര്യവുമൊക്കെ അധികാരത്തിന്റെ മുന്നിൽ അടിയറവു പറയുന്നതു കണ്ടിട്ടും രാമൻ തന്റെ ആത്മഗതം തുടർന്നുകൊണ്ടിരുന്നു.
” ഞാനൊരു വഴി കണ്ടിട്ടുണ്ട് “
സൗജന്യ റേഷൻ കിട്ടിയ 15 കിലോ അരിയിലാണ് രാമന്റെ ദുരിത വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. മുളകും ഉള്ളീം ചതച്ചരച്ചു വെളിച്ചെണ്ണ ചേർത്തുള്ള ചോറുണ്ണൽ ശീലമായതു കൊണ്ട് ചെറിയൊരു നെഞ്ചെരിച്ചിൽ കുറെ ദിവസമായുണ്ട്.
പതിവിലും നേരത്തേ എഴുന്നേറ്റു .
പതിവ് പഴംകഞ്ഞി ആഞ്ഞൊരു പിടി പിടിച്ച് കൈ കഴുകി കത്തിയും കത്രികയും കടലാസു കഷണത്തിൽ പൊതിഞ്ഞു ഭദ്രമാക്കി.
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്ന കാഴ്ചപ്പാടിൽ അന്നം മുട്ടാതിരിയ്ക്കാൻ വടക്കോട്ട് വെച്ചു പിടിച്ചു.
തെക്കേ തോടിന്റെ കരയിലൂടെ കിഴക്കോട്ടിറങ്ങുമ്പോൾ ചിറയ്ക്കലെ ഭദ്രന്റെ വിധവ ദാക്ഷായണി ശകുനമായി വന്നതോടെ രാമാനുജന് പ്രതീക്ഷയേറി.
ദാക്ഷായണിയുടെ ദർശനം നല്ലൊരു ദക്ഷിണയാന്നെന്നാണ് നാട്ടിലെ പാട്ട്.
രാമൻ നേരേ നടന്നത് കൊച്ചാപ്പിയുടെ വീട്ടിലേയ്ക്കാണ്. കൊച്ചാപ്പിയെ കൊച്ചാപ്പിയെന്നാരും നേരിട്ട് വിളിക്കാറില്ല.
പക്ഷെ കെ.നാരായണൻ നായർ എന്ന കൊച്ചാപ്പിയുടെ യഥാർത്ഥ പേര് നാട്ടിലാർക്കും വല്യ പരിചയമില്ലതാനും.
കൊച്ചാപ്പിയെന്ന ഇരട്ടപ്പേരാണ് എല്ലാവർക്കും പഥ്യം.
പട്ടാളത്തിൽ നിന്ന് സുബേദാർ മേജറായി അടിത്തൂൺ പറ്റി നാട്ടിലെത്തിയിട്ട് വർഷങ്ങളായി.
അന്നുമുതൽ കൊച്ചാപ്പിയുടെ തലയൊരുക്കലും മുഖം മിനിക്കലും മീശയിലും താടിയിലും ഇടംപിടിച്ച് വളരുന്ന വെളുമ്പന്മാരെ കറപ്പിയ്ക്കുന്നതുമൊക്കെ രാമനാണ്.
കൊച്ചാപ്പിയുടെ വീടിന്റെ പടിയ്ക്കലെത്തിയപ്പോൾ സാമൂഹ്യ അകലം പാലിക്കാൻ രാമൻ മറന്നില്ല.
ഉമ്മറത്തെ കോലായിൽ വാളൻപുളി തോടുകൾ പൊട്ടിച്ച് ഒരുക്കി ഉണക്കുന്നതിനുള്ള പുറപ്പാടിലായിരുന്നു കൊച്ചാപ്പിയും ഭാര്യ കുസുമവും.
ഇരുവരേയും കണ്ടപാടേ പതിവു ശൈലിയിൽ രാമൻ തന്റെ വലതു കൈപ്പത്തി ചെവിയുടെ പിറകിലൂടെ ഇടത്തേയ്ക്ക് ഓടിച്ച് ആഞ്ഞ് ചൊറിഞ്ഞ് അട്ടഹാസത്തോടെ ഒന്നു ചിരിച്ചു. ഇത് രാമാനുജന്റെ മാത്രം മാസ്റ്റർപീസാണ്.
ഈ ചൊറിച്ചിലും ചിരിയുമില്ലെങ്കിൽ പിന്നെ രാമനില്ല.
അവനെ കണ്ടപാടേ ചോദ്യോത്തരമില്ലാതെ തന്നെ കൊച്ചാപ്പി മൊഴിഞ്ഞു.
” എടോ വെട്ടലും വടിക്കലുമൊക്കെ ലോക് ഡൗൺ കഴിഞ്ഞിട്ടാകാം. “
ശരിയെന്നോതി പിറകിലേയ്ക്ക് കണ്ണോടിച്ചപ്പോൾ പിന്നാമ്പുറത്തെ പുളിയുടെ തണല് പറ്റി കൊച്ചാപ്പിയുടെ മൂത്ത മകന്റെ തലമുടി ഇളയവൻ വെട്ടിയൊതുക്കിക്കഴിഞ്ഞിരുന്നു.
പതിവു ചിരി ചിരിച്ച് തല ചൊറിഞ്ഞ് ഗേറ്റ് കടന്നിറങ്ങുമ്പോൾ അങ്ങ് ദൂരെ മറ്റാരു തല മനസ്സിൽ കണ്ടിരുന്നു.
പക്ഷെ ലക്ഷ്യം മാർഗ്ഗം തെറ്റി സഞ്ചരിച്ചു കൊണ്ടേയിരുന്നു.
തന്റെ കത്തിയും കത്രികയും ഓടിക്കളിച്ച തലകൾ പലതും ഉടമകൾ സ്വയം വെട്ടാൻ ശീലിച്ചു തുടങ്ങി.
ക്ഷുരക വൃത്തിയിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിച്ചോയെന്ന് രാമന് സംശയമായി.
ദിവസങ്ങൾ കടന്നുപോയി.
ലോക് ഡൗൺ അനുസ്യൂതം തുടർന്നുകൊണ്ടേയിരുന്നു.
രാമന്റെ ഓലമേഞ്ഞ കൂരയ്ക്കു മുന്നിലൂടെയുള്ള വഴിയിലൂടെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും സർക്കാർ സേവകരും ചിക്കനും മട്ടനും മത്തിയും ചേർന്ന ചോറു പൊതികളും ബിസ്ലേരി വെള്ളക്കുപ്പികളുമായി അതിഥി ത്തൊഴിലാളികളുടെ താവളങ്ങളിലേയ്ക്ക് ഒഴുകിക്കൊണ്ടേയിരുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നകന്ന് വടക്കേയിന്ത്യയിൽ എവിടെയെങ്കിലും ജനിച്ച് അതിഥിയായി ഈ നാട്ടിലെത്താൻ കഴിയാതെ പോയതിൽ അവൻ അത്യയധികം പശ്‌ചാത്തപിച്ചു.
പട്ടിണി പരിചയമായതോടെ ഒട്ടിയ വയറിന് ശുദ്ധവായു ശരണമായതു പോലെ രാമന് തോന്നി.
രാത്രിയുടെ ദൈർഘ്യം നീണ്ടു കൊണ്ടേയിരുന്നു.
ഏറെ ആലോചിച്ചു കിടന്നു.
ഉറക്കം വന്നില്ല.
കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റ് തീപ്പെട്ടിക്കൊള്ളിയുടെ വെളിച്ചത്തിൽ സൗദാമിനിയുടെ മുഖത്തേയ്ക്ക് നോക്കി.
പ്രസന്നവദനയായി വിശപ്പിന്റേയും ദാഹത്തിന്റേയും ക്ഷീണത്തിന്റേയും അസ്കിത ഒട്ടുമില്ലാതെ അവൾ നന്നായുറങ്ങുന്നു.
പണ്ടൊക്കെ ആഴ്ചയിൽ നാലഞ്ചു ദിവസം ഡോക്ടറെ കാണാതെ ഉറങ്ങാൻ കഴിയാതിരുന്ന സൗദയ്ക്കിപ്പോൾ മരുന്നു വേണ്ട. ചൊറിച്ചിലില്ല
പാൽചായ വേണ്ട, മധുരം വേണ്ട … അങ്ങനയങ്ങനെ എന്തെല്ലാം മാറ്റങ്ങൾ?
മക്കൾക്കുമുണ്ടായി ഒത്തിരി മാറ്റങ്ങൾ. പള്ളിക്കൂടത്തിന്റെ പടിവാതിൽ കാണാത്ത മക്കളു പോലും വല്യ സാറമ്മാരായ പോലെ രാമന് തോന്നി.
വേദനയേയും വിശപ്പിനേയും പൊരുതി തോൽപ്പിക്കാൻ അവർ പഠിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
ഏതു പ്രതിസന്ധിയേയും അതിജീവിക്കാൻ കുടുംബം പര്യാപ്തമായെന്ന തിരിച്ചറിവ് രാമന് കൈവന്നു.
രാവിലെ അഞ്ച് മണിക്ക് മുസ്ലീം പള്ളിയിലെ ബാങ്കുവിളി കേട്ടാണ് രാമൻ ഉണരുന്നത്.
പ്രഭാത കർമ്മം കഴിഞ്ഞാൽ
കോയാ മോലാളിയുടെ ചായപ്പീടികയിലേയ്ക്ക് രാമൻ നടക്കും.
സൊറ പറഞ്ഞ് ചായേം കുടിച്ച് വീട്ടിൽ വന്നു കേറിയാൽ പിന്നെ കുളി കഴിഞ്ഞ് കത്തീം കത്രികേം ചുരുട്ടി ഒറ്റപ്പോക്കാണ്.
കുടുംബത്ത് കഞ്ഞി വെയ്ക്കാനുള്ള വക കണ്ടെത്തിയേ രാമൻ മടങ്ങാറുള്ളൂ.
കൊറോണ അതെല്ലാം നശിപ്പിച്ചു കളഞ്ഞു.
അന്ന് അവൻ വൈകിയാണ് ഉണർന്നത്. കുളി കഴിഞ്ഞ് കത്തീം കത്രികേം മടിക്കുത്തിൽ ചൊരിഞ്ഞ് മുറ്റത്തേക്കിറങ്ങി.
“ഞാനൊരു വഴി കണ്ടിട്ടുണ്ട്. “
രാമാനുജൻ തന്റെ ആത്മഗതം തുടർന്നു.
തെക്കേച്ചിറയുടെ ഓരം ചേർന്ന് കിഴക്കോട്ടിറങ്ങുമ്പോൾ രാമന് അഭിമുഖമായി നടന്നടുത്തത് മുട്ടക്കാരൻ പൈലി മാപ്പിളയായിരുന്നു.
35 കിലോ അരിയും പലവൃജ്ഞനങ്ങളടങ്ങിയ കിറ്റും തൂക്കി ഗമയിലായിരുന്നു പൈലി മാപ്പിളയുടെ നടത്തം .
പൈലി മാപ്പിളയുടെ കൈയ്യിൽ തൂങ്ങുന്ന അരിക്കിറ്റ് രാമനെ നോക്കി അട്ടഹസിച്ചോ എന്നൊരു സംശയം.
മുട്ട വിറ്റ് നടന്ന പൈലി മാപ്പിളയുടെ കെട്ടിടം മട്ടുപ്പാവായി.
മൂത്ത മകന് വിദേശത്ത് സ്വന്തം കമ്പനിയായി. ഇളയ മോനും മരുമോളും നഴ്സുമാരായി. എന്നാൽ ഭരണപക്ഷ പാർട്ടിയിൽ സ്വാധീനമുള്ളതു കൊണ്ട് പൈലി മാപ്പിളയുടെ റേഷൻ കാർഡ് മാത്രം മാറ്റമില്ലാതെ അന്നയോജനയായി ഇന്നും തുടരുന്നു.
രാമന്റെ ലക്ഷ്യം ഒരു ഹോട്ട് സ്പോട്ടിലേയ്ക്ക് അടുത്തു കൊണ്ടിരുന്നു.
കുന്നു കേറി റെയിൽവേ ട്രാക്കിന്റെ മറുപുറമെത്തിയപ്പോൾ വിജനമായ പ്രദേശത്തെ കിളിച്ചുണ്ടൻ മാമ്പഴമാവിന്റെ ചില്ലയിൽ അണ്ണാറക്കണ്ണന്മാർ ഓടിച്ചാടിക്കളിയ്ക്കുന്നുണ്ടായിരുന്നു.
ഒട്ടിയ വയറ് മാലോകരെ കാണിക്കാതിരിക്കാൻ വയറിനു മീതേ മുറുക്കിക്കെട്ടിയിരുന്ന തോർത്തുമുണ്ടഴിച്ച് തെറുത്തു ചുറ്റി മാവിൻ മുകളിലേയ്ക്ക് കയറുമ്പോൾ നീറുകൾ ഒഴിഞ്ഞുമാറിക്കൊടുത്തു.
സ്വന്തം നാട്ടിൽ പിറന്നവരുടെ ക്ഷേമവും സുരക്ഷിതത്വവും കരുതലുമല്ല ഭരണവർഗ്ഗത്തിന്റെ ലക്ഷ്യമെന്ന തിരിച്ചറിവ് രാമാനുജനെ വല്ലാതെ അസ്വസ്തനാക്കി.
കുട്ടികളും കുടുംബവും പോലും നാട്ടിൽ സുരക്ഷിതരാവില്ലെന്ന് അവൻ ആശങ്കപ്പെട്ടു
ആത്മഗതം അറിയാതെ ഉച്ചത്തിലായി.
” ഞാനൊരു വഴി കണ്ടിട്ടുണ്ട് “
മാവിന്റെ മുകളിലെ ബലമുള്ള ചില്ലകളിലൊന്നിൽ അവൻ ലക്ഷ്യസ്ഥാനം കണ്ടെത്തി.
കഴുത്തിൽ കുരുക്ക് മുറുക്കി രാമാനുജൻ താഴേയ്ക്കു കുതിയ്ക്കുമ്പോൾ നാലു മുറികളിലൊതുങ്ങിയ കൂരയ്ക്കുള്ളിലെ അടുക്കളയിലെ പാതകത്തിനടിയിൽ അതി ശീഘ്ര റെയിലിന്റെ കോൺക്രീറ്റ് കട്ടകൾ ഇടം പിടിച്ച് കഴിഞ്ഞിരുന്നു.
തൊട്ടടുത്തായി അതിഥിത്തൊഴിലാളികൾ മതിയാവോളം കൊതിയുള്ള ഭക്ഷണങ്ങൾ കഴിച്ചും സുഖ സൗകര്യങ്ങളിൽ അഭിരമിച്ചും അക്രമവാസനകൾ ആവർത്തിച്ചും ആർത്തുല്ലസിയ്ക്കുന്നുണ്ടായിരുന്നു.
അതിഥികൾ മദ്യലഹരിയിൽ അഴിഞ്ഞാടി കത്തിച്ചെറിഞ്ഞ തീപ്പന്തങ്ങളേറ്റ് കത്തിയമരുന്ന ശകടപാളികളിൽ നിന്നും തീജ്വാലകൾ ഉയർന്നു പൊങ്ങുമ്പോഴേയ്ക്കും രാമാനുജൻ നിത്യനിദ്രയിൽ ലയിച്ചു കഴിഞ്ഞിരുന്നു.
അതിഥി ദേവോ ഭവ: