ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വൈദ്യുതി പോസ്റ്റിന്റെ
ഫേസ് ലൈനിലിരുന്ന് രണ്ടു കുരുവികൾ
പ്രണയിക്കുകയായിരുന്നു.

കൊക്കുകളുരുമിയും
ചിറകുകൾ വിടർത്തിയും
തീവ്രമായ പ്രണയം.
അവരുടെ അനുരാഗത്തിന്റെ
അനുരണങ്ങൾ
അവിടെയാകെ വസന്തംവിടർത്തി.
കാറ്റ് പ്രേമഗാനംമൂളി.

പെട്ടെന്ന് ,
മറ്റൊരു ആൺകുരുവി
അതേ പോസ്റ്റിന്റെ
ന്യൂട്രൽകമ്പിയിൽ വന്നിരുന്നു.
അവൻ ഈ കാഴ്ചകളെ
മാന്യതയോടെ ഒളിഞ്ഞുനോക്കി.
ആവർത്തനവിരസതകൾക്കൊടുവിൽ
കുരുവികൾ ‘ മറ്റവനെ’ കണ്ടു.

പെൺകുരുവി അവനെ
കണ്ണുകളാലൊരവലോകനം ചെയ്തു.
കാമുകൻ ചൊടിച്ചു.
മറ്റവനെ എതിരിട്ടു.
കഠിനമായ യുദ്ധം.
അവരുടെ യുദ്ധത്തിന്റെ
മാറ്റൊലിയാൽ അവിടെ
ഗ്രീഷ്മം പടർന്നു.
വസന്തം കൊഴിഞ്ഞു.

പെൺകുരുവി പ്രാർത്ഥിച്ചു :
” ദൈവമേ എനിക്കു യോജിച്ചവനെ തരണേ”
ലൈനിൽ ആ സമയം
വിദ്യുത് പ്രവാഹമുണ്ടായി.
ആൺകുരുവികൾ ആലിംഗനംചെയ്ത്
തലകീഴായി കിടന്നുകൊണ്ട്
സാഹോദര്യം പ്രഖ്യാപിച്ചു.

പെൺകുരുവി
ദൈവത്തിന് നന്ദിപറഞ്ഞു.
തനിക്കൊത്തവനെത്തേടി
പറന്നുപോയി.
കാറ്റടിച്ചു.
തലകീഴായിക്കിടക്കുന്ന
കുരുവികളെ
ലൈൻകമ്പി ഊഞ്ഞാലാട്ടിരസിപ്പിച്ചു.

By ivayana