ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. ആറാം തവണയാണ് അബുദാബി ഈ നേട്ടം സ്വന്തമാക്കുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് ഈ സ്ഥാനത്ത് എത്തിയത്. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനം ആക്കിയാണ് ഈ സർവ്വേ നടന്നത്. 459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചികാ പട്ടികയിൽ 88.4 പോയിന്റ് നേടിയാണ് അബുദാബി മുന്നിൽ എത്തിയത്. ജനത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ യു എ ഇ ഭരണാധികാരികളെ അബുദാബി പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്‌റൂയി പ്രശംസിച്ചു.
ഗാലപ്പിന്റെ 2021 ലെ ഗ്ലോബൽ ലോ ആൻഡ് ഓർഡർ റിപ്പോർട്ടിലും 95% താമസക്കാരും രാജ്യത്തിന്റെ ആ സുരക്ഷയെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു. 93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യു എ ഇ രണ്ടാം സ്ഥാനത്ത് എത്തി. 93 പോയിന്റാണ് യു എ ഇയ്ക്ക് ലഭിച്ചത്. 94 പോയിന്റ് നേടി നോര്‍വേ ഒന്നാം സ്ഥാനത്തെത്തി. ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം അടിസ്ഥാനം ആക്കിയാണ് സൂചിക തയ്യാറാക്കിയത്. എന്നാൽ, നാലാം സ്ഥാനത്ത് ഷാർജയും എട്ടാം സ്ഥാനം ദുബായും കരസ്ഥമാക്കി.