രചന : എൻ. അജിത് വട്ടപ്പാറ✍
ബാല്യകാലം മുതലുള്ള സ്നേഹം
സൗഹൃദം കൂടുന്ന സ്നേഹധാര ,
ജീവൻ മുഴുവൻ പകർന്നു നൽകും
ആത്മാർത്ഥതയുടെ ദിവ്യ നാളം .
കൗമാര മോഹ പ്രപഞ്ചത്തിൻ താലം
സ്നേഹ സതീർത്ഥ്യരോടോപ്പമാകും ,
ആത്മാർത്ഥതയുടെ നാദബന്ധങ്ങൾ
വേർപിരിയാതുള്ള സൗഹൃദയാമം .
സത്യം തിരയുന്ന നാളുകളിൽ
സൗഹൃദം നിത്യവും നീതി ലക്ഷ്യം
രക്ഷകർത്താക്കളും കാണാത്ത ലോകം
ആത്മ സുഹൃത്തിന്റെ ദർപ്പണത്തിൽ .
വിദ്യയിലർപ്പിച്ച സഹന കർമ്മം
സാമൂഹ്യ സംസർഗ്ഗ നന്മ നിത്യം,
ജന്മനാടിൻ മുന്നിൽ അഭിമാനിയായ്
മണ്ണിൽ പ്രതീക്ഷതൻ പ്രസരമേകും.
ആദർശ ഭാവത്തിൽ സന്നിധികൾ
ആവേശ ഭാഗധേയം വളർത്തും,
പ്രകൃതി തൻ പ്രഭയാർന്ന ജ്ഞാനഭാവം
മനുഷ്യനിൽ പരിണാമ മർത്ഥമാകും.
സങ്കുചിത മാനവ നീതിയെല്ലാം
കാറ്റിൽ പറത്തും പ്രവാഹമാകും ,
ദുഷ്ട സംസർഗ്ഗങ്ങൾ മാറിടുമ്പോൾ
ഭൂമിയും ധന്യമായ് അമ്മയാകും.