യാസിർ എരുമപ്പെട്ടി ✍

“കുടുംബവും കുട്ടികളുമാകുമ്പോൾ മൊത്തം ഫ്രീഡവും പോയിക്കിട്ടും” എന്നത് പുട്ടിന് തേങ്ങാപ്പീരപോലെ പലയിടത്തും കേൾക്കുന്നതും, തമാശിക്കുന്നതുമായ ഒരു ‘പഞ്ച്’ ഡയലോഗാണ്.
കുടുംബമായപ്പോൾ സ്വസ്ഥത നഷ്ടമായവരും, സമാധാനം വണ്ടി കയറിയവരും ഒരു ഭാഗത്തുണ്ട് എന്നത് കാര്യമാണ്.

എന്നാൽ കുടുംബവും കുട്ടികളുമാകുമ്പോൾ വണ്ടി കയറിപ്പോകുന്ന ഒന്നല്ല ഫ്രീഡം എന്നത് ഇനിയുമേറെപ്പേർക്ക് മനസ്സിലാകേണ്ടതുണ്ട്.
കുടുംബവും കുട്ടികളുമാകുമ്പോൾ ആകാശത്തിന്റെ നിറം മാറുന്നില്ല… ഭൂമിയുടെ പരപ്പും കുറയുന്നില്ല…
പിന്നെയോ…?
ഉറക്കത്തിന്റെ സമയം മാറും…

ഉണർന്നിരിക്കുമ്പോഴൊക്കെ കുഞ്ഞുങ്ങളുടെ കലപില കേൾക്കും…
വൈകിയെത്തുന്ന ദിവസങ്ങളിൽ ഫോൺ വിളികൾ കൊണ്ടൊരാൾ ആധിപങ്കിടും…
താടിപിടിച്ചു വലിച്ചും,വയറിന്മേൽ കയറി നിന്നും കുഞ്ഞുങ്ങൾ അമ്പലവും പള്ളിയും പണിയും…
ഷർട്ടും പേന്റും മാത്രം നോക്കി നടന്നിരുന്നൊരാൾ ചുരിദാറും,മാക്സിയും,ഉടുപ്പും കണ്ണിലെത്തിക്കും…

അളവറിയാതെ ഒരു ഷർട്ട് പോലും തനിയെ വാങ്ങാത്തവൻ ചങ്കിലുള്ള അളവ് കൊണ്ട് കുഞ്ഞിന് ഉടുപ്പ് വാങ്ങും..
“എവിടെയെത്തി,എപ്പോഴാ വരാ,എവിടെയാ” എന്നൊക്കെ ദിവസവും പത്തും ഇരുപതും തവണ കേൾക്കേണ്ടിവരും…
സ്വന്തം ചന്തി മാത്രം കഴുകിയിരുന്നൊരാൾക്ക് കഴുകാനൊക്കെയും കുഞ്ഞു കുഞ്ഞു ചന്തികൾ കിട്ടും..

മൂക്കൊലിച്ചതും ശർദ്ധിച്ചതും അറപ്പില്ലാതെ അപാരമായ ഹുബ്ബ്‌ കൊണ്ട് തുടക്കപ്പെടും…
മെറ്റേർണിറ്റി പാഡുകളും വിസ്പറും മോശമായ വസ്തുവല്ലന്നും, പിരീഡ് അറപ്പിന്റെയല്ല എന്നും തിരിച്ചറിവുണ്ടാകും…
നാല് ദിവസത്തിനപ്പുറം ഒരു ഡേറ്റ് ഓർമിക്കാൻ കഴിയാത്തൊരാൾ മക്കളുടെ ജനന ദിവസവും വിവാഹ വാർഷികദിവസവും ഹൃദയത്തിൽ കൊത്തിവെക്കും…
ഉമ്മയുടെയും ഉപ്പയുടേയും റോളുകളൊക്കെയും ഇത്രയേറെ വേരും ആഴവുമുള്ളതാണെന്ന തിരിച്ചറിവുകൊണ്ട് മനസ്സ് കഴുകും…
തോൽക്കാനും ജയിക്കാനും പഠിക്കും…
തോറ്റ് കൊടുക്കുന്നതിനും അപാരമായ കിക്കുണ്ടെന്ന് തിരിച്ചറിയും…

കുഞ്ഞുങ്ങളുടെ ഒരൊറ്റ വിളികൊണ്ട് എത്ര വലിയ ഡിപ്രഷനും ഇടങ്ങേറും കാക്ക കൊണ്ടോവും…
കൊഞ്ചിക്കാനും ചിണുങ്ങാനും കളിക്കാനും കളിപ്പിക്കാനും പഠിക്കും…
അങ്ങനെയങ്ങനെ ആകാശം ഒന്നൂടെ വലുതാവും..
ഭൂമിക്ക് ഒന്നൂടെ പരപ്പും നീളവുമുണ്ടാകും…
മഴയുണ്ടാകും… വെയിലുണ്ടാകും….!!

ഇത്രയേറെ വൈവിധ്യപൂർണ്ണമായ ഉന്മാദംകൊണ്ട് തിരക്കിലായിപ്പോകുന്ന ഒരാളെ നോക്കി നിങ്ങൾക്കെങ്ങിനെയാണ് “കുടുംബവും കുട്ടികളുമാകുമ്പോൾ മൊത്തം ഫ്രീഡവും പോയിക്കിട്ടും” എന്ന് പച്ചപ്പൊള്ളുപറയാൻ കഴിയുന്നത്….
കുടുംബത്തോളം ഇമ്പമേറിയ എന്ത് സന്തോഷമാണീ ദുനിയാവിൽ പടച്ചോൻ പടച്ചിട്ടുള്ളത്….!!

By ivayana