രചന : ജ്യോതി മദൻ ✍
ഒരു സ്ത്രീ പോകുന്നിടത്തെല്ലാം
അവളുടെ വീട് കൂടെ പോകുന്നുണ്ട്
എടുത്താൽ പൊങ്ങാത്ത ഭാരമായും
എടുത്തു മാറ്റാനാവാത്ത ചിന്തയായും.
കവിതാ ക്യാമ്പിൽ, ഗെറ്റ് ടുഗെതറിൽ,
ലേഡീസ് ഓൺലി യാത്രകളിൽ,
സ്ത്രീശാക്തീകരണ സമ്മേളനങ്ങളിൽ,
രാത്രികളിലെ പെൺനടത്തങ്ങളിൽ….
എന്തിനേറെ
കൂട്ടുകാരിയുടെ വീട്ടിൽ പോലും!
പോകുന്നിടത്തെല്ലാം
വീടിനെ പൊതിഞ്ഞ് കെട്ടി
അവൾ കൂടെക്കൂട്ടുന്നു ;
മറ്റൊരാളെ കാണുമ്പോൾ
മൂത്രസഞ്ചി തൂക്കി നടക്കുന്ന രോഗിയെപ്പോലെ
വീടിനെ ഒളിപ്പിയ്ക്കാൻ
അവൾ പാട് പെടുന്നു.
കുടഞ്ഞ് കളയാനാവാത്ത വിധം
പറ്റിച്ചേർന്നെന്ന് പരിതപിയ്ക്കവേ,
വീടിന് ചുറ്റും
അദൃശ്യ ചരടിനാൽ ആരം വരച്ച്
അവളുടെ വൃത്തങ്ങൾ,
അവളുടെ ചലനങ്ങൾ.
മറന്ന് വെയ്ക്കാൻ പോലുമാവാത്തത്ര
അവളെ പൊതിയുന്ന വീട്.
എവിടേയ്ക്ക് പോകാനായുമ്പൊഴും
നീട്ടിവിട്ട റബർബാൻഡ് പോലെ
വീട്ടിലേയ്ക്ക് തന്നെ ചെന്നടിയുന്ന അവൾ.
ഉണക്കാനിട്ട തുണികളും
നനയ്ക്കാൻ മറന്ന ചെടികളും
അടിച്ചുവാരിയിട്ടും
അകങ്ങളിൽ കുമിഞ്ഞ പൊടിയും
കാൽമുട്ട് ശസ്ത്രക്രിയ ചെയ്ത അമ്മയും
ബോർഡ് എക്സാമെഴുതാനുള്ള മകളും…
ഹൊ!
എന്തൊരു ഭാരമാണ് അവളുടെ വീടിന് !!
എങ്കിലും…..
ക്ഷണിയ്ക്കപ്പെടുന്നിടങ്ങളിൽ
വീടുമായല്ലാതെ അവളെങ്ങനെ??
(വാക്കനാൽ)