അണ്ണാ മൂന്ന് പഴംപൊരിയും രണ്ടു ഗുണ്ടും ,ഈ അഞ്ചു കടിയും എനിക്ക് തന്നെയുള്ളതാണെന്ന ഭാവത്തിൽ അഭിമാനത്തോടെ ഞാൻ അത് പറഞ്ഞിട്ട് ചുറ്റുന്നുമുള്ളവരെ ഒന്ന് നോക്കി, മാധവണ്ണന്റെയും കൗസല്യ ആന്റിടെയും ഉന്തുവണ്ടി കടയിലാ അമ്മയും ഞാനുമൊക്കെ പഴംപൊരി വാങ്ങാൻ വരുന്നേ ,പാവങ്ങൾ ആണെന്നെ അവർക്കു എന്തേലും സഹായം ആയിക്കോട്ടെ എന്ന് ‘അമ്മ എപ്പോഴും പറയും ,കയ്യിലെ പുതുമ മാറാത്ത പത്തിന്റെ നോട്ടെടുത്തു കൊടുത്തപ്പോ ഷെയ് ഈ നോട്ട് അവിടെ വെച്ചിട് ആ പഴയതു കൊടുത്താ മതിയാർന്നു എന്ന് ഒരു ചിന്ത ആ എന്നാലും സാരമില്ല, മൊരിഞ്ഞ ഏത്തക്കാപത്തിന്നു മുന്നിൽ നോട്ടിന്റെ പുതുമ ഒന്നുമല്ല ,അണ്ണന്റെ മടക്കി ഉടുത്ത കടല മാവ് പറ്റിയ ലുങ്കിയും,പാതി തുറന്നിട്ട നരച്ച ഷർട്ടും ഒന്നും തന്നെ പഴം പോരിടെ പകിട്ട് കുറച്ചില്ല,തിളച്ച എണ്ണയിൽ നിന്നും ആ കണ്ണാപ്പ വെച്ച് എണ്ണ ഊറ്റി കളഞ്ഞു ആ ചൂട് പഴം പൊരി കോരി എടുക്കുമ്പോ തന്നെ ഈ അമ്മയ്ക്കു രണ്ടു പഴംപൊരി അധികം വേടിക്കാൻ കാശ് തന്നു കൂടെ എന്ന് വിചാരിച്ചു ഞാൻ , പക്ഷെ ഇന്ന് പഴംപൊരി പൊതിഞ്ഞു തന്നത് നീളൻ മുടിയുള്ള ഒരു പൂച്ച കണ്ണൻ ആയിരുന്നു അയാൾക് നന്നായിട് പൊതിയാൻ ഒന്നും അറിയില്ലാ, അയാളുടെ കൈ ശെരിക്കും അവിടുത്തെ പണികൾക്കൊക്കെ വഴങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു ,അയാൾ പൊതിഞ്ഞതു എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു വീട്ടിൽ എത്തിയിട്ടേ ആ പൊതി ഞാൻ താഴെ വെച്ചുള്ളു ,ആ ചൂട് എനിക്ക് ഇഷ്ടമായിരുന്നു, ഒരറ്റം കേറി ഇറങ്ങിയുമായിരുന്നു അയാളുടെ പൊതി , അയാൾ പൊതി തന്നപ്പോ , നീ സ്കൂളിന്നു നേരെ വേഷം പോലും മാറാതെ നേരെ ഇങ്ങു വന്നോ എന്ന് ചോദിച്ചിട്ടു ചിരിച്ചോണ്ട് കണ്ണിറുക്കി ,അയാളുടെ പൂച്ച കണ്ണും നീളൻ മുടിയും , ഒരു പക്ഷെ അയാൾ മാധവണ്ണാന്റെ മകൻ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു ,പഴംപൊരി മൂന്നെണ്ണംഇത്ര പെട്ടെന്നു എങ്ങനെ തീർന്ന് എനിക്ക് അപ്പോഴും മനസിലായില്ല ,ആ പൂച്ചക്കണ്ണു അത് തന്നെയാ അയാളെ സുന്ദരണക്കുനെ.. അയാളെ കാണണം എന്നുവെച്ചു ഇനി പഴംപൊരിടെ പേര് പറഞ്ഞാൽ ‘അമ്മ തല്ലി കൊല്ലും ,പഠിച്ചിട് ജോലി കിട്ടാൻ വൈകിയപ്പോ മാധവണ്ണൻ പിടിച്ചു കൂടെ നിർത്തിയത് ആയിരിക്കും എന്ന് ‘അമ്മ തന്ന ഇൻഫർമേഷൻ എനിക്ക് കുറച്ചൊന്നുമല്ല ഉണർവ് തന്നത്, അല്ല പെട്ടെന്നെങ്ങും ജോലി ആവാൻ പോണില്ല ,ഡിഗ്രി പൂർത്തിയാക്കിയ എത്രയെണ്ണമാ പണി ഇല്ലാതെ നാട്ടിൽ വെറുതെ നടക്കുന്നത്.. അയാളെ കാണുമ്പോ ഞാൻ ഗന്ധർവനിലെ നായകനെ പോലെ എനിക്ക് പല തവണ തോന്നിയിട്ടുണ്ട് , ഞാനെന്റെ കൂട്ടുകാരി പ്രിൻസിയോട് പറഞ്ഞപ്പോ അവൾക് സമ്മതിക്കാൻ ഒരു മടി, ഓ പിന്നെ അവളുടെ വീട് ആ ഉന്തുവണ്ടി കടയുടെ അടുത്തായതിന്റെ അഹങ്കരമാ, നോക്കിക്കോ ഞാൻ കാട്ടി കൊടുക്കുന്നുണ്ട് അവള് വരുന്നതിനു മുന്നേ ഞാൻ ഗന്ധർവ്വന്റെ കടയിൽ പോവൂലോ , അടുത്ത തവണ കടയിൽ പോയപ്പോഴും അയാൾ അറിയാതെ ഞാൻ അയാളുടെ നീളൻ മുടി ശ്രദ്ദിക്കുവായിരുന്നു , വെള്ളം കൊണ്ട് വന്നു ഒഴിക്കുന്നതിന്ടയിൽ ഒരു കൈ കൊണ്ട് മുടി ഒതുക്കുന്ന അയാളെ കണ്ടു കൊണ്ടിരിക്കാൻ തന്നെ എന്നാ ചേലാ..മാധവണ്ണനോട് മോൻ ഇവിടെ വരെ പഠിച്ചു്ന്നു ചോദിക്കണം എന്നൊക്കെ ഉണ്ട് , ആ ചോദ്യം ചുണ്ടത്ത് എത്തിയപ്പോഴേക്കും പ്രിൻസി അവളുടെ പുള്ളി ഉടുപ്പ് ഇട്ടേച്ചും ഇളിച്ചോണ്ട് വന്നേക്കുന്നു , എടി റോഷ്‌നി നീ നേരത്തെ എത്തിയോ, സ്കൂളിലെ സ്കിർട്ടൊക്കെ ഒന്ന് മാറ്റിക്കൂടെ എന്ന് അവൾ , പക്ഷെ അപ്പോഴാണ് ആ ഉന്തുവണ്ടിയിൽ പാർട്ടിക്കാരുടെ പോസ്റ്ററുകൾ ഒക്കെ ഒട്ടിച്ചേക്കുന്നത് ഞാൻ ശ്രദ്ദിക്കുനെ , നിനക്കു എന്താ വേണ്ടേ എന്ന ഗന്ധർവ്വന്റെ ചോദ്യം എന്റെ നേർക് തന്നെയാണോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്ന്, വീണ്ടും അയാൾ എന്നോട് ആ സ്കൂൾ വേഷത്തിൽ നിക്കുന്ന നിന്നോട് തന്നെ , ഒരു രണ്ടു മിനുറ്റ് ഞെട്ടലിൽ നിന്ന് വിമുക്തയായിട്ടു ഞാൻ പറഞ്ഞു മൂന്ന് പഴംപൊരി , പ്രിൻസിയെ നോക്കി കൊഞ്ഞനം കുത്തിയിട് ഞാൻ എന്റെ ഗന്ധർവന്റെ പൊതി വാങ്ങി , പൊതിയുന്നതിനടയിൽ അവിടെ ചായ കുടിക്കാൻ വന്ന ആരോടോ അതെങ്ങനെ ശരിയാവുന്നെ ചേട്ടാ, സർക്കാർ പറയുന്നതൊക്കെ അംഗീകരിച്ചു താരം പറ്റുവോ, ഞങ്ങളെ പോലെ ഉള്ള ആൾക്കാരെ ജാതി പറഞ്ഞു തിരിക്കുവാനെന്നാലെ അതിനർത്ഥം എന്ന് ഗന്ധർവ്വൻ പറയുന്നത് കേട്ട് , എന്റെ ഗന്ധറ്‍വൻ ആൾ ഭയങ്കര ധൈര്യശാലി ആണെന്ന് എനിക്ക് മനസിലായി ,ജാതി പറഞ്ഞു തിരിച്ചാൽ ഗന്ധര്വനെന്താ..അയാൾ ഇങ്ങനെ ഒക്കെ ആണെങ്കിൽ വല്യ പ്രശ്നം ആവൂല്ലൊ ഭാവിയിൽ .. രാത്രി കിടന്നിട് ഉറക്കം വന്നില്ല , ചുമ്മാ ബുക്ക് ഒകെ എടുത്ത് മറിച്ചു നോക്കിയപ്പോഴും ആ പൂച്ച കണ്ണുകൾ തന്നെ നോക്കി കണ്ണിറുക്കി , അടുത്ത ദിവസം സ്കൂളിലോട് ഇറങ്ങുന്നതിന്ടയിൽ ,: നിങ്ങൾ അങ്ങൊട് ചെല്ല്, അവിടെ കുടിവെള്ളത്തിനുള്ള ലൈൻ വെട്ടിക്കേ,പഞ്ചായത്ത് പ്രെസിഡന്റിനോട് ഞാൻ പറഞ്ഞിട്ടുണ്ട്, കോര മുതലാളീടെ വീട്ടിൽ മാത്രം പോരാ വെള്ളം , ഇത്രെയും പറഞ്ഞിട്ട് ആ നീളൻ മുടി ഒന്ന് ഒതുക്കിയിട്ടതും ഇടത്തോട് തിരിഞ്ഞു എന്നെ കണ്ടു,ഞാൻ പെട്ടെന്നു എന്റെ തല തിരിച്ചു ദൈവമേ എന്നെ കണ്ടു കാണല്ലേ എന്ന് ഉള്ളിൽ അറിയാതെ പറഞ്ഞു പോയ് , നാണത്തോടെ എന്റെ സ്കര്ട് പിടിച്ചു നേരെ ഇട്ടു, അടിവയറ്റിൽ നിന്ന് എന്തോ നുഴഞ്ഞു കേറുന്നത് പോലെ , പെട്ടെന്നു സ്കൂളിലോട് നടന്നു നീങ്ങി , എങ്കിലും ധൈര്യമുള്ള ആ നീളൻമുടിക്കാരൻ ഗന്ധർവൻ തന്നയായിരുന്നു എന്റെ ഉള്ളിൽ, വൈകിട്ട് ചായ കുടിക്കുന്നതിന്ടയിൽ ഗന്ധർവന്റെ വിഷയം മനഃപൂർവം ഞാൻ തിരുകി കേറ്റി ചോദിച്ചു അത് മോളെ അവൻ കോളേജിൽ പാർട്ടിക്കാരനായിരുന്നു ,കോര സാറിന്റെ വീടിനുള്ളിലൂടെ പൈപ്പ് വെട്ടിച്ചില്ലേ , മിടുക്കനാ അവൻ ,മാധവണ്ണനും കൗസല്യന്റിയും എന്റെ അമ്മായിപ്പാനും അമ്മായി അമ്മയും ആയി കഴിഞ്ഞു , കാരണം അയാളെ എനിക്ക് അത്രയ്ക്കു ഇഷടാണ് ,കല്യാണം കഴിക്കാൻ ഇഷ്ടാണ് പക്ഷെ ഞാൻ പത്താം ക്ലാസ് ആകാൻ ഇനിയും ഒരു വര്ഷം കൂടി കാത്തിരിക്കണം, കുറച്ച കുടി നേരത്തെ ജനിക്കേണ്ടതായിരുന്നു ..
പപ്പയ്ക്ക് ട്രാൻസ്ഫർ ആയി പിനീട് ഞങ്ങൾ ആ നാട്ടിൽ ഇടയ്ക്കൊക്കെ വരുവായിരുന്നു, പക്ഷെ ആ ഉന്തുവണ്ടി കടയിൽ പോവാൻ സമയം കിട്ടിയിട്ടില്ല, ഗന്ധർവനെ കാണാനും … ,പക്ഷെ ഇന്ന് തരം കിട്ടിയതും ..അമ്മേടെ പേഴ്സിൽ നിന്ന് പത്തിന്റെ നോട്ട് എടുത്തു ആ കടയിലോട്ട് ഓടി , പക്ഷെ ആ ഉന്തുവണ്ടി കട അവിടെ ഇല്ല, അവിടെ കുറെ പാറക്കഷണങ്ങൾ മാത്രം ,സർവ്വേ കല്ലാണെന്നു പിന്നീട് മനസിലായി, പക്ഷെ അവിടെ ഇരുന്ന അപ്പാപ്പൻ പറഞ്ഞു മോളെ ആ കട കുറച്ച വടക്കോട് മാറ്റി , ഞാൻ കടയുടെ ദിക്കിലോട് ഓടി, ഒരിത്തിരി ഓടി അണച്ചെങ്കിലും കട ഞാൻ കണ്ടു , പക്ഷെ അതവർ പനമ്പ് കൊണ്ട് ചുറ്റി മേഞ്ഞു ഒരു വല്യ കട ആക്കിരിക്കുന്നു , ഇരിക്കാൻ തേച്ചു മിനുക്കിയ രണ്ടു ബെഞ്ചും ചായ അടിക്കാൻ പുത്തൻ സമവാറും ഒക്കെ , പഴയ എണ്ണപാട്ട വെച്ച് മറച്ച അടുപ്പിനു പകരം പുത്തൻ അടുപ്പ് സ്ഥാനം പിടിച്ചിരിക്കുന്നു മാധവേട്ടൻ കട ഒക്കെ പുതുക്കിയല്ലോ കൗസല്യ ആന്റി ഒന്ന് മിനുങ്ങിയിട്ടുണ്ട്, പക്ഷെ ഗന്ധറ്‍വൻ എവിടെ …കാണാനില്ലലോ, അണ്ണാ മൂന്ന് പഴംപൊരിയും രണ്ടു ഗുണ്ടും , മാധവേട്ടൻ തന്റെ കൈ ലുങ്കിയിൽ തുടച്ചു കൊണ്ട് പൊതിയാൻ എടുക്കുന്നതിനടയിൽ അച്ഛൻ മാറിക്കോ ഞാൻ എടുത്തു കൊടുക്കാം എന്ന് പറഞ്ഞിട്ട് ഗന്ധർവ്വൻ മുന്നോട് വന്നു, ഒരുപാട് നാൾ കൂടി ആ ശബ്ദം കേട്ടതിന്റെ ആവേശത്തിൽ അടുപ്പിലെ കടലമാവ് മുക്കിയ പഴംപൊരി നോക്കി ആസ്വദിച്ചോണ്ടിരുന്ന ഞാൻ തല വെട്ടിച്ചു നോക്കി : പക്ഷെ പവർ കൂടിയ ഗ്ലാസ് വെച്ച് അയാളുടെ പൂച്ച കണ്ണ് മറച്ചിരിക്കുന്നു ,അയാളുടെ നീളൻ മുടി പറ്റെ വെട്ടി ഇരിക്കുന്നു ,ഡാ മര്യാദയ്ക്കു പൊതിഞ്ഞു കൊടുക്കട എന്ന് മാധവേട്ടൻ പറഞ്ഞപ്പോ പുള്ളിടെ കാഴ്ചയ്ക്കു എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി
അയാൾ പൊതിഞ്ഞു തന്നത് ഞാൻ നെഞ്ചോട് ചേർത്ത് : ദൈവമേ ഞാൻ കണ്ണ് വെച്ചത് കൊണ്ടാണോ , അയാൾക് ആ പൂച്ചകണ്ണുകൾ നഷ്ടമായതു , ആ ചൂട് എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു
അന്ന് തിരിച്ചു പോയപ്പോ അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഞാൻ പ്രിൻസിയോട് മനസില്ലാമനസോടെ ചോദിച്ചു , പാർട്ടിക്കാർ കെട്ടികൊടുത്ത തട്ട് കട ആണെന് അവളോട് പപ്പാ പറഞ്ഞെന്നു , പാർട്ടിക്കാർ തമ്മിൽ അടി നടന്നപ്പോ സോഡാകുപ്പി എടുത്തു അയാളുടെ തലയ്ക്കു അടിച്ചത് മാറി കൊണ്ടതാണെന്ന പ്രിൻസിയുടെ പപ്പാ പറഞ്ഞത് എന്ന്
ആ പനമ്പും കസേരയും മേശയും ബെഞ്ചും ഒക്കെ ആ പൂച്ച കണ്ണ് മാധവേട്ടന് നേടി കൊടുത്തതാ, പാർട്ടിക്കാർ പറയുന്നത് പോലെ അവര്ക് ഒരു രക്തസാക്ഷിയെ കിട്ടി പക്ഷെ എനിക്ക് നഷ്ടപെട്ടത് ആ പൂച്ചക്കണ്ണുള്ള പാവം ഗന്ധർവനെയാ, ഞാൻ അന്നേ പറഞ്ഞതാ അയാൾ ഇങ്ങനെ ആയാൽ ശെരിയാവില്ലെന്നു ,പാവപെട്ടവർക് വെള്ളം കിട്ടിയില്ലെങ്കിൽ എന്താ ഇയാൾ വഴി വെട്ടി കൊടുക്കുവോ , ഇയാൾ ആരാ മഹാത്മാ ഗാന്ധിയോ ..അതോ മാർട്ടിൻ ലുതേരോ ,ഇപ്പൊ എന്തായി കണ്ണ് കാണാഞ്ഞിട് ഒരു മൂലയ്ക്ക് ഇരിപ്പായില്ലെ , ഇപ്പൊ വെള്ളം കിട്ടാൻ ഉള്ളവർക്കു ഒക്കെ വെള്ളം കിട്ടി, പക്ഷെ…എന്റെ ഇഷ്ടം സത്യസന്ധമായിരുന്നു ,അത് ഞാൻ പപ്പയോട് പറഞ്ഞു പക്ഷെ പപ്പാ അതിനെ INFACTUATION ആയിട് തള്ളി ,പ്രഥമ ദൃഷ്ടിയാൽ തോന്നുന്ന ഇഷ്ടം നഷ്ടമാവുമ്പോൾ ഒരേ വേദനയും നൊമ്പരവും ഒക്കെ തന്നെയല്ലേ സമ്മാനിക്കുക ….
ഗന്ധര്വന്മാർക് ആയുസില്ല ,അവരെ തിരിച്ചു വിളിക്കുമ്പോ അവര്ക് പോവേണ്ടി വരും ,ഒരു പക്ഷെ അയാളിലെ ഗന്ധര്വനെയും തിരിച്ചു വിളിച്ചതായിരിക്കാം ,ഭൂമിയിലെ കോര ദേവന് അപ്രീതി വരുത്തിയതിനാൽ..