രചന : വി.ജി മുകുന്ദൻ✍

പുരോഗമനത്തിന്റെ വെളിച്ചം
ഊതിക്കെടുത്തി
വേർതിരിവിന്റെ ഇരുട്ടിലേയ്ക്ക്
തള്ളിയിട്ട
പാരമ്പര്യത്തിന്റെ മുറിവുകളുമായ്
തലമുറകൾക്ക് മുമ്പ് നാട് വിട്ടിറങ്ങിയ
അയാൾ…
ചെന്നെത്തിയത്
ഇരുട്ടിലകപ്പെട്ട ലോകത്തിന്റെ
വെളിച്ചം കയറാത്ത
മനസ്സുകളിലേയ്ക്കായിരുന്നു;
അതിജീവനത്തിനായ്
വെയിലും മഴയും കോരികുടിയ്ക്കുന്ന
തമ്മിൽ തല്ലി
സ്വയം തോൽവിയടയുന്ന
ഗ്രാമത്തിന്റെ മനസ്സുകളിലേക്ക്…!
ഇന്നവിടെ…,
സാഹോദര്യത്തിന്റെയും
സന്തോഷത്തിന്റെയും
ആകാശത്ത്
വിത്തുകൾ പാകുന്ന മനസ്സുകളിൽ
വിദ്വേഷത്തിന്റെ
ചെടികൾ മുളയ്ക്കാറില്ല..!
അറിവിന്റെ വെളിച്ചം
സ്നേഹമായ് തെളിയുന്ന
അവരുടെ മനസ്സുകളിൽ നിന്നും
അയാളുടെ പേരറിയുന്നു….
മലയാളി ഭായ്…!!
അയാളവിടെ ,
നട്ടുവളർത്തിയ പൂമരങ്ങൾ
ഇന്നും
പൂത്തുലഞ്ഞു നിൽക്കുന്നു..!
കണ്ണടയ്ക്ക് മുകളിലൂടെ
നോക്കുകയും
കണ്ണടയിലൂടെ ലോകവിശേഷങ്ങൾ
വായിച്ചെടുക്കുകയും ചെയ്തിരുന്ന
മലയാളി മാഷ്…
വെളിച്ചം കേറാത്ത മനസ്സുകളിൽ
പ്രകാശം പരത്തി
സ്വയം
നാടിന് വെളിച്ചമായി മാറിയ
മലയാളി ചേട്ടൻ…
നിരക്ഷരരെ
അക്ഷരങ്ങളുടെ കൂട്ടുകാരാക്കി
അറിവിന്റെ അക്ഷയഖനി
പകർന്നു നൽകിയ,
സാഹോദര്യത്തിന്റെ
വിത്തുപാകി
സ്നേഹത്തിന്റെ
കാന്തിക
വലയം തീർത്ത്‌
വെറുപ്പിനെ നാടുകടത്തിയ
മലയാളി ഭയ്യ…
അവരുടെ സ്വന്തം
മലയാളി ഭായ്…!!
~~~
തലമുറകൾക്ക് മുമ്പ് ജാതി കോമരങ്ങൾ ഉറഞ്ഞുതുള്ളി ഊതിക്കെടുത്തിയ വെളിച്ചം, മറ്റൊരു നാടിന് നൽകിയ (സ്വന്തം നാടുപേക്ഷിച്ചു പോകേണ്ടി വന്ന മലയാളി) ഒരു മലയാളി.

വി.ജി മുകുന്ദൻ

By ivayana