രചന : ദിലീപ് ✍

പുഴവക്കത്തെ വീട്
ആകാശത്തിന്റെ ഗർഭപാത്രത്തിൽ മഴക്കുഞ്ഞുങ്ങൾ
ചാപിള്ളകളാവണമെന്ന്
പ്രാർത്ഥിക്കാറുണ്ട്,

ചിലപ്പോഴൊക്ക പുഴ
മലമ്പാമ്പിനെപോലെയാവാറുണ്ടത്രെ,

വാലുകൊണ്ട്
ഇക്കിളിയാക്കിയും
അരികിലൂടെ
ഇഴഞ്ഞുനീങ്ങിയും
വീടിനോടൊപ്പം
കളിച്ചിരുന്നു,

രാവുകളിൽ
നിലാവിന്റെ ചുംബനത്തിൽ
നീലിച്ച പുഴ വീടിനോട്
ഏറെ കഥകൾ
പറയാറുണ്ട്,

വെയിൽ പൂക്കുമ്പോൾ
വീടിന്റ നിഴലിലൊതുങ്ങി
ഒന്ന് മയങ്ങാറുണ്ട്,

പുലരികളിൽ
ഓളങ്ങൾക്കൊണ്ട്
കല്ലുകളിൽ ഈണമിട്ട്
വീടിനെ വിളിച്ചുണർത്തും,
വീടിനും പുഴയോട്
സ്നേഹമായിരുന്നു,

വിശക്കുമ്പോൾ മാത്രം
പുഴ വീടിനുനേർക്ക്
നാക്ക് നീട്ടാറുണ്ട്,
അപ്പോഴൊക്കെ
വിദഗ്ദമായി വീട്
ഒഴിഞ്ഞുമാറുകയും ചെയ്യും,

ആകാശം
മഴമേഘങ്ങളിൽനിന്നും
അടർന്നു വീഴുമ്പോഴാണത്രേ
പുഴ മലമ്പാമ്പാവുന്നതും
വീടിനു നേർക്ക്
നാക്ക്നീട്ടുന്നതും,

വീട് ഇപ്പോൾ
പ്രാർത്ഥനയിലാണ്
ആകാശത്തിന്റെ ഗർഭപാത്രത്തിൽ
ചാപിള്ളകൾ പിറക്കാൻ……

ദിലീപ്

By ivayana