മുണ്ടൂരിലേ കഥക്കൂട്ടുകൾ… മങ്ങാട്ട് കൃഷ്ണപ്രസാദ് ✍

‘കുപ്പേലച്ചന്റെ
ചായക്കട’…
…ന്നു മാത്രം പറയുന്നതിൽ ഇത്തിരി തെറ്റുണ്ട്.
കുറവുണ്ട്.
ഇഡലിക്കട…ന്നു കൂടി കൂട്ടിച്ചേർത്തു
പറയാവും കൂടുതൽ ശരി.
കുളവൻ മുക്കിലെ ഏതു മൂലയിൽ
പോയി ചോദിച്ചാലും
കുപ്പേലച്ചന്റെ ഇഡലിക്കട പറഞ്ഞു തരും.
പേരുള്ളതാണ്.

ചോദിച്ചാൽ ആരും
മടി കൂടാതെ ചൂണ്ടിക്കാണിക്കും.
അത്രയ്ക്ക് പേര്.
ചില രാശിയുള്ള ബിസിനസ്‌ പോയിന്റുകൾ…
ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
നല്ല അസ്സല്
മണു മണാ… ന്നുള്ള ഇഡലി കിട്ടുമെന്ന പേരിലാണ് ,
മുണ്ടൂരിൽ നിന്നു ചെറുവരബോടിൽ എത്തി ,

വീണ്ടും
മൈലുകൾ
അകലെ ഉള്ള
ഓല കൊണ്ടുള്ള
“ഹോട്ടൽസമുച്ചയ”
ത്തിൽ എന്നെപ്പോലുള്ളവരെ കൊണ്ടെത്തിക്കുന്നത്.
ഒപ്പം കുപ്പേലച്ചന്റെ
പട്ടു പോലുള്ള സ്വഭാവവും
എടുത്തു പറയേണ്ടതാണ്.
‘മണ്ണ്മാന്തി യന്ത്രം’ വിൽക്കാനുള്ള
തത്രപ്പാടിനുള്ള ഓട്ടത്തിനിടെ
ഞാൻ അവിടെയും എത്തി.

വണ്ടിയിൽ
പോവുമ്പോൾ
ഇഡലി ന്ന് കണ്ടപ്പോ ബ്രേക്ക്‌ ഇട്ടതാണ്.
കടയിലെ ചില്ലു കൂടിൽ
നമ്മുടെ ഇഡലി ഇരിക്കുന്നു.
ശാപ്പിടുക തന്നെ.
ചട്ണിയും , മുളക് സമ്മന്തി ഗാന്ധിയും കൂടെ ഒരു പിടി.
അത് പിന്നെ ഒരു ശീലായി.
കുപ്പേലൻസ് ഇഡലിക്കട അന്ന് കാലത്ത് വിശപ്പിന് അഭയമായി.
തീർപ്പായി.

കടക്കു മുന്നിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ഒരു ബോർഡ്‌ എഴുതിയിട്ടുണ്ട്…
കുപ്പേലച്ചൻസ് ഇഡലി… Tea സ്റ്റാൾ എന്ന്.
Tea…2.5 ക
ഇഡലി…2 ക… ന്ന്
… വഴി വക്കിലുള്ള ബോർഡ്‌ ഏകദേശം ആളുകളെ ഒക്കെ മാടി വിളിച്ചു.
കുളവൻമുക്കിലെ ഒരു സംഭവമായി
കുപ്പേലച്ഛ്ൻസ് ഇഡലിക്കട.
ചെയ്യുന്ന പണിയിൽ
അത്രക്കു അങ്ങട് മനസ്സിടാത്തത് കൊണ്ടു ,
ലയിക്കാത്തത് കൊണ്ടു ,
ആളുകൾക്കിടയിൽ മണ്ണ് മാന്തി യന്ത്രം
വിൽക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്… ന്നു
കമ്പനിയിൽ
കേറിക്കൂട്ടിയ
നേരത്തു തന്നെ എനിക്ക് ബോധ്യപ്പെടലുണ്ടായി.
മൂക്ക് കൊണ്ടു ചിലതൊക്കെ വരക്കേണ്ടി വരും..,

ഈ ശനിയനെ വിൽക്കാനെ ന്ന് തുടക്കത്തിൽത്തന്നെ തോന്നിത്തുടങ്ങി.
ഈ മുടിഞ്ഞ
“വിൽപ്പന രസതന്ദ്രം” എടുത്തു പഠിക്കേണ്ടിയിരുന്നില്ല വരെ തോന്നിയിരുന്നു.
ആ ,
കഠിന വെയിലത്തുള്ള ഉഷ്ണയാത്രകൾ അതൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചു.
വില്ലൻ വെയിൽ ശരീരത്തിൽ
വിയർപ്പു ചാലുണ്ടാക്കി.
ഉപ്പിന്റെ മണത്തിൽ അസ്സ്വസ്ഥനായി.

ജോലിയില്ലാതിരുന്ന കാലത്ത് ,
ടൗണിൽ ബിസിനസ്‌ പിടിപാടുള്ള
സുരേന്ദ്രേട്ടന്റെ റെക്കമെന്റിൽ
കിട്ടിയ ജോലിയാണ്
ഈ മണ്ണ് മാന്തി യന്ത്രം
വിക്കൽ.
ചുക്കിനിപ്പറമ്പിലെ ഉണ്ണിക്കാരനവരുടെ
ഒരു അകന്ന ബന്ധു കൂടിയിരുന്നു ആ മഹാൻ.

പണത്തിന്റെ
….കുടപിടിക്കൽ
ഒക്കെ ഉണ്ട്.
നിവിർത്തീ ല്ലല്ലോ..
കയ്യും കാലും പിടിച്ചു ജോലിയിൽ
കേറിയത്‌ കൊണ്ടു അത്ര പെട്ടെന്നു
വിടാനും വയ്യ…
വിട്ടാൽത്തന്നെ
വേറെ കിട്ടാനും.
പോരാത്തതിന്
വിട്ടാൽ സുരേന്ദ്രേട്ടന് എന്ത് തോന്നും…,
ഉണ്ണിക്കാരണവർക്കെന്തു തോന്നും.
ആ ആശങ്ക മറുഭാഗത്തുണ്ട്.
പണിയേ…ന്നെ… ഒടുവിൽ ഞാൻ തീരുമാനിച്ചു.
മണ്ണ് മാന്തിയുടെ തമിഴൻ മാനേജർ എന്നെ മണിക്കൂറിനു മണിക്കൂറിനു ,
പൊരിക്കുന്നുമുണ്ട്.

എവിടെ… എവിടെ..
വിറ്റോ… വിറ്റോ ന്നൊക്കെ ചോദിച്ചു.
നടുക്കടലിൽപ്പെട്ട അവസ്ഥേയിരുന്നു..,
അയാൾക്കത്
പറഞ്ഞാ മതി.
ഞാൻ അല്ലെ അനുഭവിക്കുന്നത്.
ഞാൻ കുപ്പേലച്ചനോട്
ഉള്ളു തുറന്നു.
ആരോടെങ്കിലും ഇതു പറയെ നിവർത്തിയുള്ളു.
കുപ്പേലച്ചൻ
സ്രോതാവായി.

കമ്പനിപ്പണിയിലെ ടാർഗറ്റ് മുട്ടാതെ
വരുന്ന നാളുകളിൽ ഞാൻ രാവിലെത്തന്നെ കുപ്പേലച്ചന്റെ ഇഡലിക്കടയിലേക്ക് വെച്ചു പിടിക്കുക ഒരു
സ്ഥിരം പതിവാക്കി.
ആക്കാലത്തു അതൊരു ആശ്വാസമാണ്.
റിലീഫ് സെന്റർ ആയും പ്രവർത്തിച്ചു ആ കട എന്നും എനിക്ക് തോന്നിയിരുന്നു.
കൈയ്യിലുള്ള ശകടം
കടക്കടുത്തുള്ള പുളിമരത്തണലത്തു പാർക്ക്‌ ചെയ്തിട്ട്
കുപ്പേലച്ചനോട്
അതും…ഇതും പറഞ്ഞിരിക്കുക.

നേരം അന്തിയാക്കുക ,
പറ്റുമെങ്കിൽ
കടയിൽ വരുന്ന
കോറി കോൺട്രാക്ടർമ്മാ ർക്ക്
മണ്ണ്മാന്തി യന്ത്രം എങ്ങനെയെയെങ്കിലും പിടിപ്പിക്കുക.
കൂടെ ,
ഇഷ്ട ഭക്ഷണം
ഇഡലി സമയാ സമയം രുചിക്കുക ,
ഇതൊക്കെ ആണ് അന്ന് ചെയ്‌തോണ്ടിരുന്നത്.
എന്റെ പരാധീനതകൾ കുപ്പേലച്ഛനുമായി
പങ്കിടുക…

ടാർഗറ്റ് എന്ന വില്ലനെ
കുപ്പേലച്ചന് പരിചയപ്പെടുത്തുക..
വൈകുന്നേരം ആവുമ്പോൾ ഓഫീസിലുള്ള അധികാരികളുടെ ഫോൺ സംഭാഷണത്തിനുള്ള ഉത്തരങ്ങൾ കണ്ടെത്തുക..
പറ്റുമെങ്കിൽ കഴിച്ച ഇഡലിയുടെ കാശ് കൊടുക്കുക…
അല്ലേൽ പറ്റുബുക്കിൽ കടം എഴുതിക്കുക..,
സമയം കഴിഞ്ഞാൽ വീട്ടിലേക്കു മണ്ടുക.
ഇതൊരു പതിവായി.

കുപ്പേലച്ചൻന്റെ
ഭാര്യ അലമേലു ആണ് കടയുടെ അണിയറയിൽ ഉള്ളത്.
അലമേലു ഇഡലി ഉണ്ടാക്കിക്കൊണ്ടേയിരിക്കും.
ഉണ്ടാക്കിയത്
ചൂടോടെ വിൽക്കുക , എന്നത് കുപ്പേലച്ചന്റെ പണിയും.
അലമേലു തമിഴ്ജന്മമാണ്.
കുപ്പേലച്ചൻ ചെറുപ്പത്തിൽ കോവയിലെ ചായക്കടയിൽ നിന്ന പരിചയം അലമേലുവിനെ , ഇവിടെ ചെറുവരമ്പോട് എത്തിച്ചു.
കാതലിച്ചു തീരുമണം കഴിച്ചെന്നു…ന്ന്.
ജീവിക്കാൻ വേണ്ടി ഇഡലി കടയിട്ടു.

അറിയുന്ന ജോലിയിൽ അലമേലു കുറച്ചു കുപ്പേലച്ചനെ… കണവനെ ,
മുന്നിൽ നിർത്തി കാശ്യൊക്കെ ഉണ്ടാക്കി.
കടയുടെ ചരട് അലമേലുവിന്റെ കയ്യിലായിരുന്നു.
അലമേലുവിലെ ഷെഫ് കുപ്പേലച്ചനെ വരച്ച വരയിൽ നിർത്തി.
അങ്ങനെ ഇരിക്കെ ഒരൂസം ,
മുൻപ് അങ്ങാടിയിൽ കണ്ടു പരിചയം മാത്രൂള്ള മാണിക്കുഞ്ഞു…ന്ന് പേരുള്ള ഒരുത്തൻ കടയിൽ വന്നു.

വന്ന പാടെ ഒരു ചായ പറഞ്ഞു ,
കുപ്പേലച്ചനിൽ നിന്നു
ഒരു സിഗരറ്റ് വാങ്ങി ഊതി അങ്ങനെ പരിഭര്മത്തോടെ ദൂരത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു.
അയാൾ ആരെയും മൈൻഡ് ചെയ്തതെ ഇല്ല.
ആരുടേയും മുഖത്തു നോക്കുക പോലും ചെയ്തില്ല.
അയാൾ ഊതി വിട്ട പുകയിൽ
വട്ടച്ചുരുളുകൾ ഉണ്ടാക്കി
അങ്ങനെ
കടക്കു അരികെയുള്ള മറവിൽ നിന്നു.

പോലീസിനെ പേടിയുണ്ട് അയാൾക്കു എന്നെനിക്ക് മനസ്സിലായി.
സിഗരറ്റ് ഹാനികരം ന്നും…,
പൊതുസ്ഥലത്തു പാടില്ല എന്നും ഉള്ള രാജ്യത്തെ അച്ചടക്ക നയം.
സിഗരറ്റു വലിയിലെ ആത്മാർഥത
അയാളെ വേഗം
ഈ ഭൂമിയിൽ നിന്നു കെട്ടുകെട്ടിക്കും ന്ന് എനിക്ക് തോന്നി.
ആഞ്ഞു വലിച്ചു ആശാൻ.
അഞ്ചു മിനിറ്റിൽ
രണ്ടു സിഗരറ്റുകൾ അയാൾ അഗ്നിക്കിരയാക്കി.
ഇയാൾ ജോലി വിൽപ്പനയിലോ മറ്റോ ആണോ…
ഇത്രയ്ക്കു ടെൻഷൻ..ഞാൻ അയാളെ ഉൾകൊള്ളാൻ ശ്രമിച്ചു.
പിന്നീട് അത് പാടെ മായ്ച്ചു കളഞ്ഞു.

എന്തോ ആവട്ടെ… ന്ന ചിന്ത..
അയാൾ കാണാൻ നല്ല മാന്യൻ ആയിരുന്നു.
അയാളുടെ അലക്കിത്തേച്ച വസ്ത്രവും ,
ടൈ ഒക്കെ ഇട്ടുട്ടുള്ള നിൽപ്പിൽ ഞാൻ അയാളിൽ നിന്നു കണ്ണെടുത്തില്ല.
എന്നാണെങ്കിലും ഒന്നു പരിചയപ്പെടണം… ഞാൻ മനസ്സിനെ പാകപ്പെടുത്തി.
ഒന്നു രണ്ടൂസം ഉറ്റി നിന്നു.
അയാൾ ഓടിക്കളഞ്ഞു.

‘മാണിക്കുഞ്ഞു വരവ് ‘ അങ്ങനെ രണ്ടൂസം തുടർന്നു.
രണ്ടൂസവും സിഗരറ് പ്രയോഗം തുടർന്നു.
ഇയാൾ കുപ്പേലൻസ് ഓലപ്പുര കത്തിക്കുമോ ന്ന് വരെ എനിക്ക് തോന്നി.
എങ്കിൽ അലമേലു വിട്ടതന്നെ…
ഒരിക്കൽ അലമേലുവിൽ അയാൾ കിഴടങ്ങുമെന്ന് ഞാൻ നിരീച്ചു.
മൂന്നാമത്തെ ദിവസം ഇയാളെ ഇങ്ങനെ വിട്ടാൽ പറ്റില്ല മട്ടിൽ , ഞാൻ അയാളെ പരിചയപ്പെടാൻ ശ്രമിച്ചു.
ശ്രമത്തിനൊടുവിൽ അയാൾ
എന്നെപ്പോലെ തന്നെ , ഹതഭാഗ്യനായ ഒരു വിൽപ്പക്കാരൻ ആണെന്ന് അറിയാൻ കഴിഞ്ഞു.
എന്റെ ഊഹം തെറ്റിയില്ല.

അയാൾ വിൽക്കുന്ന വിൽപ്പനച്ചരക്ക്
പുറത്തു ആളുകളുടെ ഇടയിൽ അങ്ങനെ പറയാൻ കൊള്ളില്ല… ന്നായി അയാളുടെ മട്ട്.
എങ്കിലും മാണി കുറച്ചു കഴിഞ്ഞപ്പോൾ പറഞ്ഞു.
കടയിലുള്ളവർ ചെവിക്കൂർപ്പിച്ചു കേട്ടു.
എന്നിട്ടും കടയിലുള്ള പലർക്കും മനസ്സിലായില്ല…
ഉള്ളാടയ്കൾ എന്നാ അയാൾ പറഞ്ഞത്.
കുപ്പേലച്ചന് പിടികിട്ടി തോന്നുണു.
പക്ഷെ , പറഞ്ഞില്ല.

പോകെ പോകെ മാണിക്കുഞ്ഞു വിൽക്കുന്നത്
മനുഷ്യൻ ഇടുന്ന ഷെഡികളാണെന്ന് എനിക്ക് മനസ്സിലായി.
ഇതിലെന്തിനു നാണിക്കണം…!?
കുപ്പേലച്ചൻ കടയിൽ അയാൾ വരാത്തപ്പം എന്നോട് പറഞ്ഞു.
ഞങ്ങൾ കൂട്ടുകാരായി.
ഉരല് , മദളത്തോടു പറയുന്നതായി പിന്നീടുള്ള അവസ്ഥ.
തുല്യ ദുഖിതർ ഒരു പാതയിൽ.

ആൽത്തറയിൽ വിശേഷം പറയാൻ മനസ്സ് തിടുക്കം കൂട്ടി.
ഒരു വൈസ്രവണനെ പരിചയപ്പെട്ടല്ലോ.
മാനേജർമാരെ ഒക്കെ കുറ്റം പറഞ്ഞു ,
ചെയ്യുന്ന പണിയോട് കൂറ് പുലർത്താതെ
ഞാനും,
മാണിക്കുഞ്ഞും
കുപ്പേലച്ചൻ കടയിൽ ആക്കാലത്തു
നേരം അന്തിയാക്കി.

ഇഡലി വില്പനയിൽ കുതിക്കുന്ന കുപ്പേലച്ചനും , അലമേലുവിനും ഉള്ള കോൺഫിഡൻസ് ഞങ്ങൾക്കില്ലല്ലോ എന്നെനിക്ക് തോന്നി.
പിന്നെന്തിനെ ഇതൊക്കെ പഠിച്ചേ…
ഉത്തരമില്ലാത്തതു തേടാൻ ഞാൻ മടി കാട്ടി.
ടാർഗറ്റ് പേടിസ്വപ്നം തുടർന്നു കൊണ്ടേയിരുന്നു.
ജോലി കൈക്കുമ്പിളിൽ ആവും ന്നതും.
ഓരോ റൂട്ടിൽ ഞങ്ങൾ പോയിക്കൊണ്ടിരുന്നു.
മണ്ണ്മാന്തി വിൽക്കുന്നതിൽ ഞാൻ
അഭിമാനം കൊണ്ടു.
പക്ഷെ , ഒന്നും വിറ്റില്ല.

അത്രയ്ക്ക് പാഷൻ ഒന്നും ഉണ്ടായില്ല.
ഷെഢി വിൽക്കുന്നതിലെ ജാള്യത ഞാൻ
മാണിക്കുഞ്ഞിന്റെ മുഖത്തു കണ്ടു.
പക്ഷെ ,
ഒന്നു നടന്നു…
എന്നെക്കാൾ വേഗത്തിൽ മാണിക്കുഞ്ഞു
കുപ്പേലച്ചനുമായി അടുത്തു.
ടാർഗറ്റ് എന്നൊക്കെ പറഞ്ഞു ഒരൂസം ഞങ്ങൾ കടയിലുള്ളപ്പോൾ , ആലമേലു
കുപ്പേലച്ചനെ
അടുക്കളക്കുള്ളിലേക്ക് വിളിച്ചു.
എന്തോ ഒന്നിന്റെ തർക്കം ആയിരുന്നു അവിടെ.
തർക്കം കഴിഞ്ഞു കുപ്പേലച്ചൻ അണിയറയിൽ നിന്നു വന്നു.
അയാളുടെ മുഖം ചുവന്നിരുന്നു.
ഒരു ഫൈറിങ്ങിന്റെ ബാക്കിപത്രം.
ആയി അയാൾ.

അപ്പൊ തന്നെ
സ്വയം ഉണ്ടാക്കിയ കട്ടൻ അടിച്ചു ,
ഉഷാറായി
കുപ്പേലച്ചൻ രഹസ്യമായി ഞങ്ങളോട് പറഞ്ഞു…,
…..മക്കളെ… എനിക്കും ഉണ്ട് ടാർഗറ്റ്…
ഒരൂസം ഇത്ര
ഇഡലി വിൽക്കണമെന്ന്…
അലമേലു ഇല്ലേൽ കഞ്ഞി തരില്ല.
ചെറുവരമ്പോട് ഇത്ര ഇഡലി വിറ്റേ പറ്റു ന്ന കമാൻഡ്.
പഠിക്കാത്ത അലമേലു കുപ്പേലച്ചനെ
ടാർഗറ്റി ന്റെ പൊരുൾ അറിയിക്കുന്നു…
Committed ആക്കുന്നു.
ഞാൻ അന്തം വിട്ടു.

കുപ്പേലച്ചൻ നിർത്തിയില്ല…
തുടർന്നു…,
ടാർഗറ്റ് പേടി സ്വപ്നം നിങ്ങൾക്കോക്കെ ഉറക്കം കെടുത്തി ന്നുള്ളത് ശരി തന്നെ.
പക്ഷെ , നിങ്ങളൊക്കെ എത്ര അതിനു വേണ്ടി
ആത്മാർത്ഥമായി ശ്രമിച്ചു…?
പണിതു…?
കുപ്പേലച്ചൻ ഞങ്ങളോട് ചോദിച്ചു.
ഞാൻ കൈ മലർത്തി.
മാണി ടെൻഷൻ കൊണ്ടു ഒരു സിഗരറ്റിനു കൂടി തിരി കൊളുത്തി.
കുപ്പേല ഉപദേശത്തിൽ പൊരുളില്ല പറഞ്ഞു , ഞാൻ മാണിക്കുഞ്ഞുമായി ഏകദേശം ഒരു കൊല്ലം കറങ്ങി…
ഉഴപ്പി പണിതു.

ഞങ്ങളാണ് ശരി… ന്നു ള്ള ഒരു തെമ്പിൽ വിൽക്കാൻ ഊരു ചുറ്റി.
ഞാൻ അയാളിൽ നിന്നു കുറെ പഠിച്ചു.
ബിസിനസ്‌ ആക്യൂമെൻ ഉണ്ടായിരുന്നു അയാൾക്ക്‌…
എന്നിട്ടും..
അയാളുടെ വിധി ഇതായിരുന്നു….,
ഞങ്ങൾക്ക് എവിടേയോ താളം തെറ്റി.
….വില്പന പോരാ ന്നു പറഞ്ഞു അയാളെ കമ്പനി വീട്ടിലേക്കു പറഞ്ഞയച്ചു.
എന്റെ ഉഴപ്പിന്ന് മറുപടിയെന്നോണം ഞാനും കമ്പനി വിട്ടു…
ഒറ്റയ്ക്ക് പണിയെടുക്കാൻ ഞാൻ മടിച്ചു.
ആന ചിത്രമുള്ള
മണ്ണ് മാന്തി ആർക്കും വേണ്ടാണ്ടെ ആയി.
അവർ വിടുവിച്ചു…,
അതാ സത്യം.

ആ മാസത്തെ ശമ്പളവും ,
യാത്രപ്പടിയും തന്നു കമ്പനിയിൽ നിന്നു അവസാനമായി ഇറങ്ങുമ്പോൾ ഇനി എവിടേക്ക് ന്നുള്ള ചിന്ത എന്റെ മനസ്സിനെ അലട്ടി.
മുണ്ടൂർ പിടിക്കാൻ മനസ്സ് മടിച്ചു.
അപ്പോൾ മാണിയെ ഓർത്തു.
കുടുംബമുള്ള , കുട്ടികളുള്ള , അയാൾക്ക്‌ എത്ര സങ്കടമുണ്ടാവും.
കമ്പനിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
ലോക മാന്ദ്യം സംഭവിച്ചിരിക്കുകയാണ്
അമേരിക്കയെ ഭീകരർ ആക്രമിച്ചിരിക്കുന്നു.
അതിൽ ഞാനും , മാണിയും ഇരയായി മാത്രം.
ലോകത്തു കുറെ
പേർക്ക് ജോലി പോയി.

മനസ്സറിഞ്ഞു , കുപ്പേലച്ചൻ പറഞ്ഞു തന്ന
തന്ത്രങ്ങൾ
പയറ്റാത്തത് കൊണ്ടു
ഒരു കൊല്ലേ ഞങ്ങളുടെ ഊരു ചുറ്റലിനു ആയുസ്സുണ്ടായിരുന്നുള്ളു… മാത്രം.
തെമ്പ് അവിടെ തീർന്നു.
ആൽത്തറയിൽ ഞാൻ ഉണ്ണിയോടും , മറ്റുള്ളേരോടും
ചെയ്ത തെറ്റിനെ അംഗീകരിച്ചു.
വരും ദിവസങ്ങളിൽ ആൽത്തറയിൽ കിടന്നു നക്ഷത്രമെണ്ണാൻ മനസ്സിനെ പാകപ്പെടുത്തി.
വല്ലാത്തൊരു സമയമായിരുന്നു അത്.
കാലങ്ങൾ കഴിഞ്ഞു , ചെറുവരമ്പോട് വഴി പോവുമ്പോൾ ഞാൻ കുപ്പേലച്ചനെ ഓർത്തു.
കട വിപുലീകരിച്ചു മക്കൾ നടത്തുന്നു.

കുപ്പേലച്ചനും ,
അലമേലുവും വിശ്രമജീവിതം നയിക്കുന്നു.
ടാർഗറ്റ് അവരെ എത്തേണ്ടിടത്തു എത്തിച്ചു.
“അവരുടെ കടമ അവർ ടാർഗറ്റിലൂടെ ചെയ്തു.
ടാർഗറ്റ് അവരെ ഭരിച്ചില്ല.
കണ്ടു പഠിക്കണം അവരെ”…
ആൽത്തറ സംഗമം എന്നെ ബോധവൽക്കരിച്ചു.
അന്നത്തെ ദിവസം അവിടെ അവസാനിക്കുകയാ യിരുന്നു.
ചുക്കിനിപ്പറമ്പിലെ ആകാശത്തു നക്ഷത്രങ്ങൾ മിന്നിത്തുടങ്ങി.
ആൽത്തറയിൽ ഇരുട്ട് പടർന്നു..,
നേരം അന്തിയായി തുടങ്ങി…,
….ഉണ്ണിയെ കൂട്ട് പിടിച്ചു ,
ആ ആകാശവെട്ടത്തിൽ ,
മൺ പാതയിലൂടെ ഞങ്ങൾ കുറച്ചു ദൂരം നടന്നു…

By ivayana