കണ്ണട മൂക്കിലേക്ക് ഒന്നുകൂടിയമർത്തി വാഹനം പടക്കം കോവാലന്റെ കടയോരം ചേർത്ത് നിർത്തുമ്പോൾ കാണായി വിവിധയിനം.. പൈനാപ്പിൾ പടക്കം, തേങ്ങാ പടക്കം, ആപ്പിൾ അങ്ങിനെ പോകുന്നു നീണ്ട നിര. കുറച്ചു ദിവസങ്ങളായി അയാൾ തീരുമാനിച്ചതാണ് തന്റെ അതിർവരമ്പുകളിൽ ഓരോ പടക്കം ഫിറ്റ് ചെയ്യണമെന്ന്. ഉപകാരമില്ലാത്ത ഒരാളും തന്റെ അതിർത്തി ഭേദിക്കരുത്. ഏതെടുക്കുമെന്ന ചിന്തയായി.പൈനാപ്പിൾ തന്റെ കൊച്ചുമകനിഷ്ടമാണ്. അവനെടുത്താലോ..? വേണ്ട ആപ്പിളെടുക്കാം. പക്ഷെ ആപ്പിൾ അടുത്ത വീട്ടിലെ കമലയുടെ മകനിഷ്ടമാണ്. അവനെടുക്കില്ലേ..? ആ… സംഗതി അവനു തന്നോട് വലിയ സ്നേഹമൊക്കെയാണ്. എന്നാലും അവന്റെ തല പൊളിഞ്ഞാൽ തനിക്കെന്താണ്. ‘നാലാപ്പിൾ’ വേഗം പൊതിഞ്ഞുവാങ്ങി മടങ്ങുമ്പോൾ വീണ്ടും ആലോചനയിലാണ്ടു ആ പാവം ‘മനുഷ്യൻ’. ‘ആരൊക്കെയാണ് തനിക്കുപകാരികൾ…!’ തെങ്ങ് കയറുന്ന വേലായുധൻ, അലക്കുകാരി ജാനു, പിന്നെ മീൻകാരൻ, പച്ചക്കറി, പാൽക്കാരൻ അവരെല്ലാം പോന്നോട്ടെ. തനിക്കുപകാരമില്ലാത്തവരെല്ലാം തലപൊളിഞ്ഞു ചാകട്ടെ. താനും തന്റെ കുടുംബവുമൊഴികെ മറ്റുള്ളവർക്കെല്ലാം ശ്വാസം മുട്ടിക്കോട്ടെ. തനിക്കെന്താണ്… ! “അങ്ങിനെ പോയി ആ പാവം മനുഷ്യന്റെ ചിന്ത” (അവളിലെ മാതൃത്വത്തെ കുറിച്ചോർത്തു നാം സങ്കടപ്പെട്ടപ്പോൾ പിതൃത്വം ഓർക്കപ്പെടാതെപോയോ..? ) Binu Surendran