മുണ്ടൂരിലെ കഥക്കൂട്ടുകൾ..🌹രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍️

വടക്കെപ്പാട്ട് വീട്ടിൽ താമര ,
വാ തോരാതെ ആൽത്തറയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ , സദസ്സിൽ ഇരുന്ന
ഞാൻ ,
അവൻ പറഞ്ഞ വാചകങ്ങളിലെ ഒളിഞ്ഞു കിടക്കുന്ന ‘വിടൽസ്സുകളെ’ പരതുകയായിരുന്നു.
താമര ഇടതടവില്ലാതെ പറയുമ്പോൾ
ഒന്നു
പിടി കിട്ടി.
അതിൽ കൂടുതലും വിടൽസ്സുകളായിരുന്നു..
അല്ലേലും താമരയിൽ നിന്നു അതെ പ്രതീക്ഷിക്കാവു.
ഇന്ന് പറയേച്ചാ , “തള്ളുകൾ” ആയിരുന്നു
അതൊക്കെ.
വിടൽസ്സുമന്നൻ ,
തള്ളുമന്നൻ ,
അതിന്റെ പിന്നാലെ വരുന്ന
‘തേപ്പുമന്നൻ’
ന്നൊ..ക്കെ ഉള്ള പേരുകൾ താമര ചുരുങ്ങിയ കാലം കൊണ്ടു സമ്പാദിച്ചിരുന്നു.
പറ്റുന്ന രീതിയിൽ അന്നത്തെ കാലത്തിനു നിരക്കും വിധം ട്രോളും വന്നു.
അതൊക്കെ കണ്ടു ഊറിച്ചിരിച്ചത്
ഓർമ്മയിലുണ്ട്.
അതൊക്കെ ഉള്ളൂ മനസിലിട്ടു അയവിറക്കാൻ.
എല്ലാർക്കും ഉണ്ടാവും അങ്ങനെ
ചിലതൊക്കെ..
കഥയില്ലാത്ത മനുഷ്യനുണ്ടോ.. ഈ ഭൂമിയിൽ.
ആണാണേലും , പെണ്ണാണേലും.
പഹയൻ താമരയുടെ വീട് ഇവിടെക്കെത്തന്നെ.
ആൽത്തറയിൽ അങ്ങിനെ വരാറില്ല.
ജനക്കൂട്ടത്തിനിടയിലും.
മനുഷ്യന് ഇത്തിരി weight ഒക്കെ ആവാന്ന ഒരു കോംപ്ലക്സ്ന്റെ ഉടമയായിരുന്നു താമര.
സത്യത്തിൽ
അറിയപ്പെടാത്ത
വികടകവി കൂടി ആയിരുന്നു ആശാൻ.
ആയ കാലത്ത് പണിക്കൊന്നും
പോവാതെ
വടക്കേപ്പാട്ട് വീടിനു
അധികപ്പറ്റായി
താമര തന്റെ മുറിയിൽ ഇരുന്നു കവിത എഴുതുന്നു ന്ന പേരിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു സമയം കളഞ്ഞു.
മരുങ്ങാതെ തീറ്റി നടത്തി ന്നു…ചുരുക്കം.
താൻ കവിയല്ലേ…,
പിന്നെങ്ങിനെ പണിക്കു പോവും..
കുറച്ചിലല്ലേ.
എല്ലാരും ചെയ്യുന്നത് പോലെ ചെയ്താൽ ഞാൻ പിന്നെ മറ്റുള്ളവരിൽ നിന്നു എന്ത് വ്യത്യസ്ഥൻ.
വടക്കേപ്പാട്ട് വീട്ടിലെ മച്ചിൽ തന്നെ
മൂന്ന് തലമുറയ്ക്ക് ഞണ്ണാൻ
ഉള്ള നെല്ലില്ലേ..,?
പിന്നെന്തിനു പണിക്കു പോയി വിയർക്കണം.
ഇനി “Esteem” ആണ് എനിക്ക് വേണ്ടത്.
അത് ഞാൻ കവിതയെഴുതി ഉണ്ടാക്കും.
പണിക്കു പോവാത്ത താമരയേ ഉപദേശിക്കാൻ വന്ന അമ്മാവൻമാരെ
താമര വാചക കസർത്തിൽ ,
പ്രസ്തമായ വടക്കേപ്പാട്ടിന്റെ
കോറിഡോറിൽ ഇട്ട് ഉരുട്ടി.
താമര തുടർന്നു…,
“കവി…ന്നു പറഞ്ഞാ ആരാ അറിയോ നിങ്ങൾക്കു…?!
രാജാവാണു ഭരിക്കിണേൽ ,
രാജ്യ സഭകളിലെ വിദൂഷകരാ…ഞാനൊക്കെ.
എന്റെ വില നിങ്ങൾക്കു അറിയാൻ പോണെള്ളൂ”.
….ആക്കാലത്തു ‘താമരവിചാരം’ അങ്ങിനെ.
ജോലിക്ക് പോവാതെ തണുപ്പിലിരുന്നു
നിറയെ കവിത എഴുതി താമര.
മനുഷ്യന് വേണ്ടതും വേണ്ടാത്തതും ആ പേനത്തുമ്പിൽ വിരിഞ്ഞു.
സമയാസമയം വടക്കേപ്പാട്ട് അടുക്കളയിൽ ഉള്ള മുഴുത്ത തീറ്റ അതിനു ഭംഗം വരുത്തി.
രാവിലെ ,
ഉച്ച ,
വൈകുന്നേരം..,
തീറ്റ മുറ തെറ്റാതെ നടന്നു.
പണിയൊന്നും എടുക്കാതെ പുട്ടടിച്ചിരുന്നു… ന്നർത്ഥം.
താൻ ഒരു കവി ന്നുള്ളൊരു എടുപ്പിൽ മുഴുമടിയനായി
താമര
വടെക്കെപ്പാട്ടു വീട്ടിൽ വികടകാവ്യായി കാലം കഴിച്ചു.
ജോലിയിൽ നിന്നു ഒക്കെ രക്ഷപ്പെടാൻ കവി.. ന്നുള്ള മേലാപ്പിൽ കുറെ നടന്നു.
ആളുകൾ കവി വരുന്നു പറഞ്ഞു കണ്ടു നിന്നു.
എന്തൊരു ബുദ്ധി…
ആക്കാലത്തു ചുക്കിനി പ്പറമ്പിലും , ചെറുവരബോടിലും ഉള്ള ഏക കവിയേ ആളുകൾ വിലയിരുത്തി.
താമരയെ ഒന്നു അടുത്തു കാണാൻ ആളുകൾ ആശിച്ചു.
ഏതാ ഈ മഹാൻ..
ഈ ജനുസ്സ്…
ഈ കേമൻ..
വടക്കേപ്പാട്ട് വീടിലെ പുത്തൻ താരോദയം.
പെറ്റപ്പോൾ
നാട്ടിലെ ഭാവി പറയുന്ന ശങ്കരപ്പണിക്കരു പോലും പറഞ്ഞില്ലല്ലോ..
ഈ ലോട്ടറിക്കാര്യം.
അതും വടക്കേപ്പാട്ടിനു.
താമര നടത്തിയ ആൽത്തറ പ്രസംഗത്തിൽ
മൈൻ കുഴിച്ചിട്ടത് എവിടെ ഉണ്ടാവാ…ന്നൊ ന്നും പറയാൻ പറ്റില്ല…
താമര രണ്ടു വാക്ക് പറയാൻ തുടങ്യാ അങ്ങനാ..
ഇവന്റെ ഒരു കാര്യം…
സദസ്സിൽ മുറുമുറുപ്പുണ്ടായി.
“പറയുന്നത് പറയട്ടെ..
അവൻ പറയുന്നെങ്കിലും ഉണ്ടല്ലോ…
മീറ്റിങ്ങിൽ
ആരെങ്കിലും മിണ്ടണ്ടെ..,
സഭാകംമ്പമില്ലാത്തതും
ഭാഗ്യം തന്നെ.
സഭയിൽ രണ്ടു വാക്ക് ഒഴുക്കില്ലാതെ പറയുന്നത് ന്നെ
വല്യ കാര്യാ “…
….ഇതൊക്കെ പറഞ്ഞു ഉണ്ണിക്കാരണവർ താമരയുടെ വിടൽസ്സുകളെ സുസ്വാഗതം ചെയ്തു.
സദസ്‌ ഒന്നു മുഖം ചുളിച്ചു…,
ഉണ്ണിയുടെ ഈ പറച്ചിലിൽ.
….ഒരാളെങ്കിലും പറയുന്നുണ്ടല്ലോ…
ഞാനും നിരീച്ചു.
ബഹുജനത്തിനു മുന്നിൽ സത്യം പറയാ എല്ലാർക്കും പേടിയാ…
കൊന്നാലോ… ന്നുള്ള പേടി…
ശരിയല്ലേ…,
കാലാ കാലം നമ്മുടെ ഇടയിൽ ഓരോന്നു നടക്കുന്നുണ്ടല്ലോ…
നമ്മളതൊക്കെ കണ്ടില്ലാ മട്ടിൽ
പോണോണ്ടല്ലോ.
പൗരധർമ്മം പാലിക്കണം.
നീതി നടപ്പാവണം.
എവിടെ ആണേലും.
ഞാൻ അതിന്റെ പക്ഷത്താ.. നീതിയുടെ.
….ആൽത്തറയുടെ വാർഷികമായിരുന്നു അവിടെ നടന്നത്.
ഞങ്ങൾക്കൊക്കെ സുദിനം ആയിരുന്നു അന്ന്.
എഴുത്തിലെ കമ്പം കൊണ്ടു അന്നുകാലത്ത് ഉണ്ണിക്കാരണവർ
ഒരു
കഥാ പുസ്തകം
എഴുതി അച്ചടിച്ചിരുന്നു.
“പൂട്ടുമന്നനു” പട്ടണത്തിൽ പിടിയുണ്ടല്ലോ…!!
ബുക്കിന്റെ അച്ചടിച്ചിലവ്
ചുളുവിൽ
പട്ടണത്തിലെ
ഒരു പുത്തൻ പണക്കാരനെക്കൊണ്ട് ചെയ്യിച്ചു.
ദുബായിന്നു വന്ന ആയാൾ രാത്രിയും
കുട പിടിച്ചു ,
പണം എറിയുക ആയിരുന്നു… ത്രെ.
ഏറു കൊണ്ട ഉണ്ണി എത്ര ഭാഗ്യവാൻ…
ഞാൻ നിരീച്ചു.
പക്ഷെ ,
ഒരു എല്ലു കൂടുതൽ ഉള്ള പതിയപ്പാറ ഉണ്ണി ആരുടേയും സഹായമില്ലാതെയും അച്ചടിക്കാൻ ഒരുക്കായിരുന്നു.
ചെറുവരമ്പോടുള്ള ഇയ്യിടെ മുളച്ചു പൊന്തിയ , ഒരുപ്പൊക്കാനായാ ധാരാളി ദുബായിക്കാരനെ കണ്ടൊന്നുമല്ല
അയാൾ കഥകൾ എഴുതിയത്.
മനസ്സിൽ നിന്നു ,
ഹൃദയത്തിൽ നിന്നു എഴുതിയതാണ്.
താമര കുനിഷ്ട്ടിച്ചാൽ പുല്ലാണ്.
കഥകൾക്കെതിരാണ് താമര.
ഉണ്ണിയുടെ വളർച്ചക്കും.
അത് വഴിയേ പറയാം.
ഉണ്ണിമനസ്സ് ഉരുക്കാണ്.
ഒന്നുല്ലെങ്കിൽ
രാജ്യം ചുറ്റി യാചിച്ചെങ്കിലും കഥ പുറത്തിറക്കും.
ഇതു ആള് വേറെയാ…ഉണ്ണി പറഞ്ഞു നിർത്തി.
പക്ഷെ , അതൊന്നും വേണ്ടി വന്നില്ല.
ഉണ്ണി വീടിലെ തൊടിയിലെ ,
ചമയ വരവും ,
നെൽകൃഷിയിലെ
പാട്ടനെല്ല് വരവും അത്രക്കുണ്ടായിരുന്നു.
കുടിയാൻമാരെ കൊണ്ടു നിറഞ്ഞു ആക്കാലത്തു പതിയപ്പാറ മുറ്റം.
കാഴ്ചക്കുലകൾ കൊണ്ടും.
അത്ഭുദം ലേ…
പൈസക്ക് പതിയാപ്പറയിൽ
പഞ്ഞമില്ലാത്ത കാലം.
ഏതൊരു ആളിനും , വീടിനും അത്തരം യോഗഭാഗ്യം ഉണ്ടാവും.
പതിയാപ്പറയിലേക്ക് ഞാൻ കണ്ണും നട്ടു കൊണ്ടിരിക്കുമ്പോൾ മുത്തശ്ശി പറയും.
ഒരു കുണ്ട് ഉണ്ടേൽ കുന്നു…. മുത്തശ്ശി പറഞ്ഞു നിർത്തി.
പതിയപ്പാറ അനുഭവിച്ച കുണ്ട് മുത്തശ്ശിക്കു
ദൃഷ്ട്ടാന്താണെന്നു.
ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ.
“ഉണ്ണി ജനനം” അതൊക്കെ മാറ്റി മറിച്ചു.
പൈസ ഉള്ളപ്പോൾ നല്ല പണക്കാർ കൂട്ട് തേടി നമ്മളുടെ അടുത്തു വരും.
എത്ര വേണേലും കടം തരും.
കൂട്ട് കൂടും.
ഒരു പക്ഷെ , ജീവനായിരിക്കും നമ്മളെ.
പട്ടണത്തിലെ ഈ പുത്തൻ ദുബായ് പണക്കാരൻ അത്തരത്തിൽ
പ്പെടുത്തിയാൽ മതി.
പൈസ ഇല്ലേൽ മഷി ഇട്ടു നോക്കിയാലും ഇവറ്റകളെ കാണില്ല…
അനുഭവണ്ടു.
ഉണ്ണി എഴുതിയ പുസ്തകത്തിന്റെ വെളിച്ചം കാണിക്കുന്ന ചടങ്ങും അന്നായിരുന്നു.
ആൽത്തറ ചിത്രം കവറോട് കൂടിയ പുസ്തകത്തിനു വില…49 ക.
പുസ്തകത്തിന്റെ
ആദ്യ കോപ്പി
ഏറ്റു വാങ്ങുന്നത് വിടൽസ്സിൽ അത്ര കുറവൊന്നുമില്ലാത്ത
നാട്ടിലെ
സത്യം.. ശിവം.. സുന്ദരം… S. K. നായർ ആയിരുന്നു.
സാഹിത്യത്തിൽ കുറച്ചൊക്കെ ഇതു ഉള്ളത് കൊണ്ടും , വേറെ ആരും ഇല്ലാത്തത് കൊണ്ടും ,
മാളിക മേനോന്റെ ഉരുപ്പടി ആയതു കൊണ്ടും ,
S. K. തന്നെ ഉചിതം ന്നു അന്ന് കാലത്ത് ഉണ്ണി വിചാരിച്ചിരിക്കും.
…..എനിക്കതിൽ എതിർപ്പുണ്ടായിരുന്നു.
S. K കാണുന്നത് പോലെ അത്ര നല്ല മുതലൊന്നുമല്ല.
തരം കിട്ടിയാൽ ,
ഏതു എച്ചിത്തരത്തിനും കൂട്ട് നിൽക്കും.
ഉണ്ണിയുടെ ആ തീരുമാനത്തെ ഞാൻ പുച്ഛത്തോടെ കണ്ടു.
അന്നും…,
കുറെ വർഷങ്ങൾ കഴിഞ്ഞ ഇന്നും…,
ഉണ്ണി വിട്ടുപോയെങ്കിലും ,
എന്റെ തീരുമാനത്തിൽ മാറ്റമില്ല.
ഉണ്ണിയപ്പോലെ
ഉരുക്കു മനസ്സ് ഇല്ലേലും.
അങ്ങനെ ഒക്കെ ഉള്ള പ്രിയപ്പെട്ട
S. K. സദസ്സിന്ന് മുന്നിൽ ഗമയോടെ ഇരിക്കുന്നുണ്ട്.
തൊട്ടടുത്തു
ഇഷ്ടതോഴൻ മാളികയിലെ തമ്പുരാൻ നമ്പർ ആറും…, ഗമയോടെ…ത്ത ന്നെ.
പാട്ട വരവിൽ
മാളിക മനയും മുന്നിലാണല്ലോ.
ലീഡിങ് അല്ലേലും ,
ച്ചാൽ…,പതിയപ്പാറക്കു തൊട്ടു പിന്നിൽ.
മാളികയുടെ റോയലിറ്റി കൂടിയിട്ടേ ഉള്ളൂ. കൊല്ലാ…കൊല്ലം
അത് കൂടുന്നത്
ഞാൻ കണ്ടതാ… അതാ പറഞ്ഞത്.
ലക്ഷ്മിയും ,
സരസ്സ്വതിയും
ഒറ്റ ഇരുപ്പുള്ള ചുക്കിനിപ്പറമ്പിലെ
ഏക പുരയാ
മാളിക മന.
ചല്ലെഞ്ചിനുണ്ടോ..
ഒരുപ്പോക്കനായി
മാളിക മടിക്കുത്തു പരിശോധിക്കാൻ പോയാൽ നാറും.
ഏതവനും.
നാട്ടിലെ വലിയ പടിപ്പുര ഉള്ള മാളികയുടെ ഒരു എടുപ്പേ… ഈശ്വരാ..
ഞാൻ നോക്കീട്ടുണ്ട്.
പിന്നീട് അത് നശിച്ചപ്പൊ
ഉള്ളു നീറിയിട്ടുമുണ്ട്.
താമര പ്രസംഗത്തിനിടയിൽ കഥകളെ വിമർശിക്കുന്നുണ്ട്.
ഉണ്ണികഥകളെ അയാൾക്ക്‌ പുച്ഛമായിരുന്നു.
ഉണ്ണി പറയുന്ന,
എഴുതിയ ,
കഥകൾ ഒക്കെ തള്ളാണെന്നാണ് താമര പക്ഷം.
ഉണ്ണിക്കതു രസിച്ചില്ല.
താമരപ്രസംഗം കഴിഞ്ഞു , പുസ്തകപ്രകാശനം ചടങ്ങും കഴിഞ്ഞു
വല്ലതും പറയാൻ ഉണ്ണിയുടെ ഊഴമായി…,
ആൾക്കാർ ശ്രദ്ധിച്ചിരുന്നു.
മസാല ഉണ്ടാവും ഉറപ്പ്.
ഉണ്ണി താമരക്കിട്ട് മേടും
അതും ഉറപ്പ്…
ജനം കോരിത്തരിച്ചിരുന്നു.
പതിവ് പോലെ
ഉണ്ണി തീ തുപ്പി….
മെല്ലെ തുടങ്ങിയ ഉണ്ണി കൊട്ടിക്കയറി.
“താമരയിലെ
‘വികലാഗ കവി’ ഒന്നറിഞ്ഞാൽ കൊള്ളാം…
കഥയില്ലാത്തത്
ആരാ ഉള്ളത് ഇവിടെ.
മനുഷ്യൻ ഉള്ള കാലം കഥയുണ്ട്.
കവിതയുണ്ട്.
താമര പറഞ്ഞ പ്രസംഗത്തിലാ
തള്ളുള്ളത്.
കവികളെ ഞാൻ വിമർശിക്കുന്നില്ല.
താമരയിലെ കവിയെ ഞാൻ മുരടിപ്പിക്കുന്നുമില്ല.
“സാഹിത്യം “ന്നൊക്കെ പറഞ്ഞാ കുറച്ചൊക്കെ തള്ളാ..
ഒരു കാലത്ത്
നടന്ന മെസ്സേജ് ഉള്ളത്
തള്ളായി പറയുന്നു മാത്രം.
പൊടിപ്പും തൊങലും ഉണ്ടെങ്കിലെ കഥ സാധാരണക്കാരൻ വായിക്കു.
ട്വിസ്റ്റും ,
കോപ്പും ഒക്കെ അതിന്റെ കൂടെയുള്ളത്.
ഒന്നു നിർത്തി
ഉണ്ണി വീണ്ടും തുടർന്നു..,
നമ്മെ
ആഹ്ലാദിപ്പിക്കുന്ന സിനിമയുടെ കാര്യം എടുക്കു.
രണ്ടര മണിക്കൂർ ഒരു കസേരയിൽ പിടിച്ചിരുത്തുന്നത്
തള്ള് ഉള്ളത് കൊണ്ടല്ലേ…!?
സിനിമയിലെ ആട്ടവും , പാട്ടും ഈ പറഞ്ഞ ജീവിതത്തിൽ ഉണ്ടോ…?
അത് പറഞ്ഞു
സിനിമ മോശമാണോ…?!
ആൾക്കാർ കാണുന്നില്ലേ..
കഥക്കൊരു ത്രെഡ് ഉണ്ടാവും.
അതിനെ വികസിപ്പിക്കുന്നത് കഥാകാരന്റെ മിടുക്ക്.
ഇനി കഥകൾ, കവിതകൾ…ഒക്കെ
താമര തള്ളെന്നു പറയരുത്.
ഉള്ളറിഞ്ഞു എഴുതുന്നവരാ എഴുത്തുകാർ.
…അത് പഠിക്കു ആദ്യം.
എല്ലാരേം
ബഹുമാനിക്കാൻ പഠിക്കു.
….താമര
മൂഢസ്വർഗ്ഗത്തിൽ ജീവിക്കരുത്.
പ്രാക്ടിക്കൽ ആവൂ.
പരീക്ഷയിൽ
തോറ്റു പോയ സബ്ജെക്ടുകൾ എഴുതിയെടുത്തു ജോലി നേടി ,
വയസ്സായ വീട്ടുകാരെ
ആനന്ദിപ്പിക്കു.
…ന്നിട്ടൊരു കുട്ടീം കുടുംബോ…ക്കെ ആവു.
Make your parents happy…, dear Young Man.
അവരൊന്നും
അധിക കാലം ഇല്ല.
…ഇത്തിരി മുൻപ്
താമര വിളമ്പിയത്
ആൽത്തറയിൽ ആയതു കൊണ്ടു ശരി.
വേറെ എവിടെങ്കിലും ആണേൽ പുറത്തു
അടി വീഴും”.
….പ്രസംഗത്തിനൊടുവിൽ എല്ലാരോടും നന്ദി പറഞ്ഞിറങ്ങിയ ഉണ്ണിയുടെ അടുത്തേക്കു ജനം ഓടിക്കൂടി.
പെരുത്ത് പെയ്ത
മഴ , തോർന്നപോലെ ആയി ആൽത്തറ.
ഉണ്ണിയുടെ പറച്ചിലിൽ താമര ഒന്നു ചൂളി…,
തല കുനിച്ചിരുന്നു.
ഉണ്ണിയുടെ കയ്യിൽ നിന്നു നല്ല കൊട്ടാ കിട്ടിയത്.
പറഞ്ഞൊതൊക്കെ അവിടെയിട്ടു…
കുറച്ചൊക്കെ
ഏറ്റെടുത്ത്
ആൽത്തറ സംഗമം അന്ന് പിരിഞ്ഞു.
ഞാൻ മനസ്സിൽ പലതും ചിന്തിച്ചു ആൽത്തറ വിട്ടു.
നടക്കുന്നതിനിടയിൽ മനസ്സ് ഒന്നു മന്ത്രിച്ചു…
അത് ഇതായിരുന്നു…,
“ഉണ്ണ്യേപ്പോലാവണം.”

By ivayana