രചന : ദീപക് രാമൻ…✍️

നീ സഹ്യൻ്റെ പുത്രി,
വശ്യമനോഹരി,സുന്ദരി ,
നിൻ മടിത്തട്ടിലെ
കവികോകിലങ്ങൾ
പാടിപ്പുകഴ്ത്തി മലർമാല
ചാർത്തിയ പുണ്യഭൂമി…
പുലരിക്ക് വനമാല കോർക്കുന്ന
പൂഞ്ചോല, സന്ധ്യക്ക് കുങ്കുമം
ചാർത്തുന്ന വാനം.നീയെത്ര
മനോഹര കേദാര ഭൂമി;
വശ്യമനോഹരി സഹ്യപുത്രീ…
കരിമലക്കൂട്ടവും മലരണിക്കാടും
തുടികൊട്ടിഒഴുകുന്ന നിളയും(2)
പുണ്യപാപങ്ങൾ ചുമക്കുന്ന പമ്പയും,
പാപദോഷത്തിൻ്റെ വിത്തുകൾ മർത്ത്യരും
എന്നും നിനക്കുനിന്റോമനമക്കൾ..
ഞങ്ങൾ കവർന്നുനിൻ മരതകപ്പട്ടും
തുള്ളിക്കളിക്കും അരഞ്ഞാണവും
ഞങ്ങൾ മലീമസമാക്കിനിൻ ദേഹവും
നിൻ്റെ സിരയിൽ ഒഴുകുന്ന ഉറവയും
ജീവൻ്റെ ആധാരമാകുന്ന വായുവും
പ്രതലം കരിഞ്ഞ് ഉരുകുന്നമണ്ണ് നീ
മഴയെ പ്രണയിച്ചുകഴിയുന്ന പെണ്ണ് നീ
വഴിതെറ്റിയെത്തുന്ന വർഷകാലം
നിന്നിലനുരക്തനായി പുണർന്നിടുമ്പോൾ,
ഓരോ പെരുമഴത്തുള്ളിയിൽ നിന്നും
ഓരോ പ്രളയം പിറന്നിടുന്നു..
ഞങ്ങൾ അമ്മേയെന്നാർത്ത് കരഞ്ഞിടുന്നു…
നീ സഹ്യൻ്റെ പുത്രി,
വശ്യമനോഹരി,സുന്ദരി ,
നിൻ മടിത്തട്ടിലിനി പിറക്കും
കവികോകിലങ്ങൾക്ക്
പാടിപ്പുകഴ്ത്തുവാൻ ,നീ
ഇനിയെത്ര നാളുകൾ കാണും….

By ivayana