രചന :ഉഷാ റോയ് ✍️
ബസ് സ്റ്റാന്റിൽ പത്തു മിനിട്ടോളം നിർത്തിയിട്ടിരുന്ന ബസ്, പുറപ്പെടുന്ന സമയത്താണ് അയാൾ ഓടി വന്ന് കയറിയത്. തന്റെ മെലിഞ്ഞു നീണ്ട ശരീരത്തെ വരുതിയിലാക്കാൻ ആവോളം ശ്രമിച്ച് പരാജിതനായ അയാൾ പിറകിലെ സീറ്റിൽ ഒരു വിധേന ഇരിപ്പുറപ്പിച്ചു. "..... കണ്ടക്ടറെ... ഒരു മാലൂര്...." ബട്ടണുകൾ ഊരിക്കിടക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഉള്ള ഏതാനും നോട്ടുകൾ വാരിയെടുത്ത് ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ കുഴഞ്ഞ ശബ്ദത്തിൽ ബസിന്റെ മുൻഭാഗത്തു നിൽക്കുന്ന കണ്ടക്ടറുടെ ശ്രദ്ധ
ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
രൂക്ഷമായ മദ്യഗന്ധം ബസിൽ പടർന്നു.
യാത്രക്കാർ അസഹിഷ്ണുതയോടെ പുറത്തേക്ക് നോക്കി ഇരുന്നു. പ്രതികരിക്കുന്ന ഒരു ചിരിയോ നെടുവീർപ്പോ പോലും അയാളെ പ്രകോപിതനാക്കിയേക്കാമെന്ന ചിന്ത എല്ലാവരിലും ഭയപ്പാട് ഉളവാക്കി.
ബസ്സിൽ
വച്ച സിനിമാഗാനം അയാൾക്ക് തെല്ലും ഇഷ്ടപ്പെട്ടില്ല. ” ഞാൻ പറയുന്ന പാട്ട് വയ്ക്കണം… ഈ പാട്ട് നിർത്ത്…. “…. അയാൾ വിളിച്ചു പറഞ്ഞു . ആരും അത് വകവയ്ക്കുന്നില്ല എന്ന് തോന്നിയപ്പോൾ മുഖം വികൃതമാക്കി, ഗോഷ്ഠികൾ കാണിച്ച് , ഉലയുന്ന ബസിന്റെ ഉള്ളിൽ മുകളിലെ കമ്പിയിലൂടെ ഊർന്ന് ഉലഞ്ഞ്
അയാൾ ശീഘ്രം മുൻപോട്ട് പോയി…”പറഞ്ഞാൽ മനസ്സിലാകില്ലേ… പാട്ട് മാറ്റിയിട്…”… അയാൾ ഡ്രൈവറോട് അട്ടഹസിച്ചു. ” ഡ്രൈവറെ ബുദ്ധിമുട്ടിക്കല്ലേ”….
പിന്നിൽ നിന്ന് വന്ന കണ്ടക്ടർ പരമാവധി സംയമനത്തോടെ അയാളെ പിടിച്ച് ഒഴിവുള്ള സീറ്റിൽ ഇരുത്തി. ” പാട്ട് മാറ്റിയിടണം… “അയാൾ ആവശ്യപ്പെട്ടു.”വണ്ടി നിർത്തട്ടെ…. അപ്പോൾ മാറ്റാം “…. കണ്ടക്ടർ ശബ്ദം താഴ്ത്തി പറഞ്ഞു.
അടുത്ത പാട്ട് വന്നു…. “കൊഞ്ചി കരയല്ലേ നീ…”…. അയാൾ ഒപ്പം പാടാനും താളം പിടിക്കാനും തുടങ്ങി… …..” ആരും കരയരുത്… എന്നെ നോക്ക്… ഞാൻ ഇന്നു വരെ
കരഞ്ഞിട്ടില്ല… “…എഴുന്നേറ്റ് യാത്രക്കാരുടെ നേരെ തിരിഞ്ഞ് ഇടറിയ സ്വരത്തിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു. ” ആരും കരയരുത്…. “
അയാൾ ഓരോരുത്തരുടെയും നേരെ കൈ ചൂണ്ടി ഉറക്കെ ഉറക്കെ പറഞ്ഞു.
അടുത്ത സ്റ്റോപ്പിൽ നിന്ന് കയറാനുള്ള
സ്ത്രീകൾ,, ബസ്സിൽ മദ്യപനെ കണ്ട് ഭയന്ന് നിന്നു… ” ഇവിടെ ഇറങ്ങിക്കോളൂ…”… കണ്ടക്ടർ തന്ത്രപരമായി ….അയാളുടെ കൈ പിടിച്ച് പതിയെ പുറത്തേക്കിറക്കി, വേഗത്തിൽ യാത്രക്കാരെ കയറ്റി വണ്ടി ഡബിൾ ബെൽ അടിച്ചു. ” ഒരു ഓട്ടോ വിളിച്ചു പൊക്കൊളു… ഇനി ഇത്തിരി ദൂരമേയുള്ളു… ” കണ്ടക്ടർ അയാളോട് വിളിച്ചു പറഞ്ഞു. ചെളി പുരണ്ട ഉടുമുണ്ട് വാരി മാടിക്കുത്തി, രണ്ടുകയ്യും ഉയർത്തി അയാൾ അപ്പോഴും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു… “ആരും കരയരുത്…”….”ഇയാളുടെ വീട്ടിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും..”. ബസിനുള്ളിൽ ചില സ്ത്രീകൾ ആകുലതയോടെ
തമ്മിൽ പറഞ്ഞു.
നേരം ഇരുണ്ടു തുടങ്ങി. അത്ര അകലെയല്ലാതുള്ള കൊച്ചു വീട്ടിലെ ഇല്ലായ്മകൾക്കിടയിൽ ഒരുവൾ കറുത്ത നൂലിൽ കൊരുത്ത താലിയണിഞ്ഞ്…കരുവാളിച്ച മുഖവും, ഉരുകുന്ന മനസ്സുമായി…നെഞ്ചിടിപ്പോടെ….അടുപ്പിൽ വച്ച പാത്രത്തിൽ
യാന്ത്രികമായി ഇളക്കിക്കൊണ്ടിരുന്നു.പുറത്തെ ഓരോ ചെറിയ ശബ്ദത്തിൽ പോലും ഭയപ്പാടോടെ ഞെട്ടിത്തെറിക്കുന്ന രണ്ടു വിളർത്ത കുഞ്ഞുങ്ങൾ പഴകിയ വസ്ത്രങ്ങൾ ധരിച്ച്
അടുക്കള വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു. ഒരു വൃദ്ധ മാതാവ്, നൊമ്പരമാർന്ന നെടുവീർപ്പുകളോടെ…. ശോഷിച്ച കാലുകൾ നീട്ടി വച്ച് വരാന്തയിലെ അഴുക്കു പിടിച്ച ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ച് ഇരുന്നു . അവിടെ വിശപ്പുണ്ട്…. ഭയമുണ്ട്…. ദുഖമുണ്ട്.. എന്നാൽ…. അവർ ആരും പരസ്പരം ഒന്നും പറഞ്ഞില്ല….അവർ ആരും കരഞ്ഞില്ല… വീടിനോട് അടുക്കുന്ന ആക്രോശങ്ങൾക്ക് കാതോർത്ത്, ജീവച്ഛവങ്ങളായി അവർ ഇരുളിലേക്ക് പതുങ്ങി…