രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️

ഒരു കൈയിൽവടിയുണ്ടു,മറുകൈയിൽ വടിവാളു-
ണ്ടടിയെടാ,വെട്ടടാ,പൊന്നുമോനേ…
അതിരുകടന്നുള്ള ചിലരുടെയാഹ്വാനം,
മതിമതി,യിനിയതു കാണാൻവയ്യേ!
ഗുണ്ടകൾ ചുറ്റിനും മുറ്റിത്തഴയ്ക്കവേ-
യുണ്ടാമോ,ശാന്തിയൊട്ടെങ്ങാൻ നാട്ടിൽ?
ചുടുചോരയൂറ്റിക്കുടിച്ചു തിമിർക്കുന്ന
വിടുവായൻമാരല്ലോ രാഷ്ട്രീയക്കാർ!
അവരുടെ കൈകളിലിക്കൊച്ചുകൈരളി-
ക്കാവുമോ കീർത്തിമത്തായി മാറാൻ?
ഒരു ജാതിയൊരുമത,മൊരുദൈവം മർത്യനെ-
ന്നൊരുനാൾശ്രീ തിരുവള്ളുവരുചൊല്ലി!
അതു പുനരീ,മലയാളക്കരയിലാ-
യെതിവര്യൻ ശ്രീ നാരായണനും ചൊല്ലി!
ജാതി മതങ്ങളെപ്പാലൂട്ടിപ്പോറ്റുന്ന,
വ്യാധൻമാർ രാഷ്ട്രീയക്കോമരങ്ങൾ,
കുതികാലുവെട്ടും ചതിയുമായ് പിന്നെയും
തുടരുകയല്ലീ കരാളനൃത്തം!
മാനവസേവനമല്ല രാഷ്ട്രീയത്തെ-
യാനയിച്ചീടുന്ന സൂത്രവാക്യം
രാഷ്ട്രസമ്പത്തുകൾ കൊള്ളയടിച്ചഹോ-
രാത്രംസുഖിച്ചുവസിക്കലല്ലോ!
പാശ്ചാത്യ ശക്തികളെത്രയോവന്നുപോയ്
സ്വാച്ഛകളിത്ര തഴച്ചതില്ല!
രാത്രി,പകലുകളൊന്നൊന്നുമില്ലാതെ;
മാത്രതോറും കൊന്നൊടുപ്പുനിങ്ങൾ!
മന്ത്രിക്കസേരകൾ സ്വപ്നം കണ്ടല്ലീ,കു-
തന്ത്രങ്ങളൊക്കെ മെനഞ്ഞിടുന്നു!
കാലത്തിൻ കൈകളിൽ നിങ്ങളകപ്പെടും
കാലേ,യതിൻഫലം ചൊല്ലാനാമോ?
പണ്ടൊരു മാവേലിമന്നൻ ഭരിച്ചഭൂ-
ഖണ്ഡമിന്നയ്യയ്യോ കേണിടുമ്പോൾ,
സത്യവും ധർമ്മവും നീതിയുമില്ലാതെ,
മർത്യത മുറ്റിത്തഴച്ചിടുന്നു!
മാരിവന്നാലെന്തു, പാരം ജനമെല്ലാം
തോരാത്ത കണ്ണുനീർ വാർത്താലെന്ത്,
കിട്ടണം കൈനിറെ പണ,മല്ലെന്നാകിലോ,
തട്ടും ചിലരെപ്പണം കൊടുത്തും!
പലരേയുംതല്ലിക്കും പലരേയുംകൊല്ലിക്കും
പലരേയും ജയിലറയ്ക്കുള്ളിലാക്കും
പകലന്തിയോളം പണിയെടുക്കുന്നോർക്കു
പുകിലാണു,തലവേദനയാണിവർ!
കിട്ടുമവാർഡുകൾ കൈക്കലാക്കീടുവാൻ,
പൊട്ടന്മാർ സാംസ്കാരികപ്രമുഖർ,
നിഷ്ക്രിയന്മാരായി നോക്കിനിന്നീടുന്നു,
നിഷ്ഠുരകൃത്യങ്ങൾ കാൺകെയെങ്ങും!ദൈവങ്ങളെയാട്ടിയോട്ടിച്ചു,രാഷ്ട്രീയ-
ഭൂതത്താൻമാർ കൊടികുത്തിവാഴ്കേ;
ഓതുന്നു വീണ്ടുംനാം ദൈവത്തിൻ നാടെന്നീ-
കേരളത്തെയഹോ,നിർലജ്ജരായ്!
ഒരു കൈയിൽവടിയുണ്ടു,മറുകൈയിൽ വടിവാളു-
ണ്ടടിയെടാ,വെട്ടടാ,പൊന്നുമോനേ….
കിട്ടണമിങ്ങധികാരം കൈയിൽ,മറു-
വെട്ടുകളെത്ര തുടർന്നെന്നാലും!

By ivayana