രചന : അനില്‍ പി ശിവശക്തി ✍️
മൗനമേ നീ വിടരുന്ന
മാനസ പൊയ്കയില്‍
ഒരു വെണ്‍ചന്ദ്രികയായ്
നിലാവിന്‍ സപ്തസംഗീതം .
പുലരാൻ പുണരുന്ന
അരുണരേണുപോൽ
കാഞ്ചനവർണ്ണേ! നീ
പുലര്‍കാല ഹിമബിന്ദുവായ്
ഉണരാന്‍ കൊതിക്കുന്ന
കുമുദ പല്ലവം
ഇരുളിന്‍ വീഥിയില്‍
കൊഴിയും നിശ്വാസങ്ങള്‍
വ്രണിതമാം നിന്‍ നിമിഷ
പദയാന ശിഞ്ചിതം.
കൊതിക്കുന്നു നിന്നെ
ഒരു കെടാവിളക്കിന്‍
നെയ്ത്തിരി നാളംപോൽ
ഉണര്‍ത്തുന്നു നിന്‍
മൃദു സമേരമെന്‍-
സിരാ രൗദ്രം .
പുളകം പുണരും
നീര്‍ദള കുമിളകള്‍ .
താരകസുന്ദരികള്‍
വിടരും
നിമിഷമീയുലകം .
ഉണരുമുഷസ്സിന്‍ –
തേങ്ങലോ നീ
നഷ്ടമാം രജനിതന്‍
പ്രഭാത പ്രണയമോ?
വിണ്ണിന്‍ നഗ്നമാം
മഴക്കരച്ചിലോ?
മണ്ണിന്‍ വിരഹ
തേങ്ങലോ നീ ?.
ഉരിയാടൂ മൗനപ്രണയമേ
നിന്‍ അക്ഷിതൻ
വശ്യത മയങ്ങുന്ന
പുഷ്പബാണങ്ങളേറ്റ്
ഞാന്‍ തളരുന്നു .
കരള്‍ നിറയും
നിന്‍ സുഗന്ധ സംഗീത- ശയനനിശ്വാസങ്ങള്‍ .
ഒഴുകുമൊരരുവിതന്‍
തേങ്ങലോ?
പടിയിറങ്ങും സൂര്യന്‍റെ
വിരഹനൊമ്പരമായി
ഉഷ്ണം തപിക്കുന്ന
രാപ്പാടി തേങ്ങലോ?
പ്രണയമേ നീയൊരു
രാപ്പാടി നൊമ്പരം.
കദനം അലയാഴിപോൽ
കവരുമെൻ കരളാഴം.
കനിവേ കഥിക്കുക
പ്രണയമിന്നെന്നോട്.