രചന : ഷബ്‌നഅബൂബക്കർ

സ്വാതന്ത്ര്യമെന്നൊരു സ്വപ്നത്തെ നേടുവാൻ
നിണമെത്ര ഒഴുകിയീ ഭാരതത്തിൽ
സ്വന്തം ജീവനും ജീവിത സൗഖ്യവും
പാടേ മറന്നവർ പൊരുതി നിന്നു.


പാശ്ചാത്യ പട്ടാളം ചൂണ്ടുന്ന തോക്കിന്റെ
മുമ്പിൽ നെഞ്ചും വിരിച്ചു നിന്നു
തെല്ലും പതറാതെ വെടിയേറ്റു വാങ്ങുവാൻ
ധീരത കാട്ടിയാ ദേശ പുത്രർ.


ജന്മനാടിനെ കൊള്ളയടിക്കുന്ന
കാട്ടാള വർഗ്ഗത്തെ ആട്ടിയോടിച്ചിടാൻ
ഇന്ത്യ വിടൂയെന്നുറക്കെ പറഞ്ഞവർ
വെള്ള പട്ടാളത്തിൽ ഭീതി തീർത്തു.


അഹിംസയെന്നൊരു മന്ത്രം ഭയന്നന്ന്
ഹിംസയോ ആകെ വിറച്ചു പോയി
മഹത്മ നേതാജിയും മംഗൾപാണ്ഡെയും
വാരിയൻ കുന്നനും മുന്നിൽ നിന്നൂ.


ഭഗത് സിംഗുമാസാദും ഝാൻസിയും ടിപ്പുവും
ഒന്നായ ലക്ഷ്യം മനസ്സിലേറ്റി
ജന്മാവകാശമാം ഇന്ത്യക്കുവേണ്ടി
ശപഥ മനസ്സോടെ ഒന്നു ചേർന്നു.


ധീരരാം ദേശാഭിമാനികൾ തന്നുടെ
ചങ്കൂറ്റം കണ്ടു ഭയന്നു മാറി
ഭിന്നിച്ചു ചിതറുവാൻ കൗശലം കാണിച്ചു
എങ്കിലും ഇടറാതെ പോരാടിയോർ.


കഷ്ടങ്ങൾ നഷ്ടങ്ങളെല്ലാം സഹിച്ചന്ന്
അടിമയായ് ജീവിച്ചു വന്ന നാളിൽ
നിദ്രയെ പുൽകാതെ സ്വപ്നങ്ങൾ കണ്ടവർ
ജന്മനാടിന്റെ വിമോചനത്തെ.


പിറന്ന മണ്ണിനായ് രക്തം കൊടുത്തവർ
നേടിയതാണീ വിമോചനവും
പുഞ്ചിരിയോടവർ പ്രാണൻ വെടിയുമ്പോൾ
പകരമായ് തന്നു സ്വതന്ത്ര ഇന്ത്യ.

By ivayana