കുറുങ്ങാട്ട് വിജയൻ✍
തല്ലുമ്പോള്‍ തിരിച്ചുതല്ലാന്‍ കഴിവില്ലാത്തവനെ തല്ലാന്‍ എളുപ്പമാണ് സാര്‍!
കൂടാതെ, കൈകള്‍ കൂട്ടിബന്ധിപ്പിച്ചുകെട്ടിയാല്‍ വളരെ വളരെ എളുപ്പമാണ് സാര്‍!
തല്ലുകൊള്ളുന്നവന്‍, കറത്തവനെങ്കില്‍, മുടിവെട്ടാത്തവനെങ്കില്‍, മുഖം വടിക്കാത്തവനെങ്കില്‍, മൂക്കുപതിഞ്ഞവനെങ്കില്‍, കുഴിഞ്ഞ കണ്ണാണെങ്കില്‍, പല്ലുതേക്കാത്തവനെങ്കില്‍, എല്ലുന്തിയവനെങ്കില്‍, നെഞ്ച്ചുംകൂടു തള്ളിയവനെങ്കില്‍, വയറൊട്ടിയവനെങ്കില്‍, അല്പവസ്ത്രധാരിയെങ്കില്‍, കുളിക്കാത്തവനെങ്കില്‍ എത്ര തല്ലിയാലും തല്ലുന്നവന്റെ കൈത്തരുപ്പു തീരില്ല സാര്‍!
തല്ലുകൊണ്ട് അവന്‍ ചത്താലും കൈത്തരുപ്പു തീരില്ല സാര്‍!
ജയലക്ഷ്മിയുടെ കാലത്ത് വേനലായിരുന്നെന്നും ബാലന്‍റെ കാലത്ത് വസന്തമാണന്നുമുള്ള ഋതുഭേദകല്പനകളുടെ കാവ്യമല്ല അവര്‍ക്കു വേണ്ടതു സാര്‍!
എത്ര ആദിവാസിയൂരുകള്‍ ഉണ്ടേ എന്നതിന്‍റെ കണക്കുണ്ടോ സാര്‍, അങ്ങയുടെ പക്കം!
അതില്‍ എത്ര കൂരകളില്‍ ഒരുനേരമെങ്കിലും തീ പുകയാറുണ്ടോയെന്നു തിരക്കാറുണ്ടോ സാര്‍!
അതില്‍ എത്രപേരുടെ കൈയില്‍ റേഷന്‍ കാര്‍ഡ് ഉണ്ടേയെന്നതിന്‍റെ കണക്ക് അങ്ങയുടെ പക്കല്‍ ഉണ്ടോ സാര്‍!
ഈ വിഷയങ്ങളൊന്നും സഭയില്‍ ചര്‍ച്ച ചെയ്യേണ്ടേ സാര്‍….???
വേദനയുടെ, പരിഹാസത്തിന്റെ, അവഗണനയുടെ ഗുഹാമുഖങ്ങളില്‍ ഇനിയും ധാരാളം ‘മധു’മാര്‍ ഉണ്ട് സാര്‍!
വിശന്നുപൊരിഞ്ഞ തെറ്റിനു ക്രൂരതയുടെ, കാട്ടാളത്തത്തിന്റെ, മനുഷ്യത്വമില്ലായ്മയുടെ കൂര്‍ത്ത ശരങ്ങളേറ്റവര്‍ ഉണ്ട് സാര്‍!
മനസ്സിന്റെ ദിശാബോധമറ്റുഴറിയ ഒരുവനെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ സഹായത്തോടെ തല്ലിക്കൊന്നിട്ട് എന്തു ന്യായീകാരണമാണ് സാര്‍ പറയുവാനുള്ളത്?
കാട്ടിലെ ഗുഹയ്‌ക്കുള്ളിലായിരുന്ന നാളുകളില്‍ കാട്ടുമൃഗങ്ങള്‍പോലും ഉപദ്രവിച്ചിട്ടില്ല. എന്നിട്ടാണു സാറേ അങ്ങ് ഭരിക്കുന്ന ഈ നാട്ടില്‍ ഇവനീ ഗതി!
വിരുദ്ധകക്ഷിരാഷ്ട്രീയത്തിന്റെ അരാഷ്ട്രീയസംഘബോധത്തിന്റെ നരനായാട്ടില്‍ ഇനി ഇരകളുണ്ടാവാന്‍ പാടില്ല സാര്‍!
ചത്തവന്റെ നിഞ്ചിന്‍ക്കൂട്ടില്‍ ഒരു ചുമപ്പ് റീത്തവച്ചു മടങ്ങിപ്പോരുമ്പോള്‍ നാലുവരി അനുശോചനകുറിപ്പെഴുതി ഫേസ്ബുക്കിലിട്ടാല്‍ തീരുന്ന പ്രശ്നമല്ല സാര്‍ ഇത്!
ഇന്നും ആ വിശപ്പ് ദഹിക്കാതെ തികട്ടിവരുന്നു!
ഭ്രാന്തനെന്നും കള്ളനെന്നും മുദ്രകുത്തി ആട്ടിപ്പായിക്കപ്പെടുന്നവര്‍ ഇപ്പോഴും ആദിവാസിയൂരുകളില്‍ ഉണ്ട് സാര്‍!
ഇതാണോ സാര്‍, അങ്ങ്, സ്വപ്നംകാണുന്ന, ദൈവത്തിന്‍റെ സ്വന്തം നാടെന്ന, മധുരമനോഹരമനോജ്ഞ കേരളം? പറയൂ സാര്‍!
ഈ സര്‍ക്കാര്‍ ‘വല്ലാത്തൊരു ദുരന്തമായിരുന്നു’ എന്നു നാളെയാരെങ്കിലും പറയാതിരിക്കാനെങ്കിലും എന്തെങ്കിലും പറയൂ സാര്‍!
മാര്‍ട്ടിന്‍ ലൂതര്‍ കിംങ്ങിനും നെല്‍സന്‍ മണ്ടേലക്കും വേണ്ടി വിപ്ലവഗാനം പാടിയവരല്ലേ, സാര്‍, നമ്മള്‍. അതുപോലുള്ള വര്‍ണ്ണവെറിയല്ലേ സാര്‍ ഇതും. എന്താണു സാര്‍ ഈ മൌനത്തിന്റെ അര്‍ത്ഥം???
ഈ വിഷയത്തില്‍ മറുപടി പറയേണ്ടവരുടെ ഉപദേശകരില്‍ ആദിവാസികള്‍ ഇല്ലെങ്കില്‍ എത്രയും വേഗം ആരെയെങ്കിലും നിയമിക്കാന്‍ പറയൂ സാര്‍!