രചന : മായ അനൂപ്. ✍

ജയ ജയ ഭാരത മാതാ നിൻകൊടി-
യെന്നും പാറിപ്പറക്കട്ടെ വാനമതിൽ
നിന്നുടെ മാഹാത്മ്യഗാഥകൾ അനുദിനം
പരന്നിടട്ടെ പാരിലെങ്ങുമെങ്ങും

ഈ ഭാരതാംബ തൻ മടിയിൽ പിറന്നൊരു മക്കളാം നമ്മൾ,
നാം സോദരങ്ങൾ
ഈ പുണ്യഭൂവിതിൽ ജന്മമെടുക്കാൻ
കഴിഞ്ഞയീ നമ്മളോ ഭാഗ്യവാൻമാർ

ഗംഗയും പമ്പയും കാളിന്ദിയും തീർത്ഥ-
ജലത്താൽ പൂജിച്ചൊരു പുണ്യനാട്
ഇത് തന്നെ വേദവും വേദാർത്ഥസാരവും
പിറവിയെടുത്തൊരു പുണ്യഭൂമി

ഈ പുണ്യഭൂമി തൻ തൃക്കാൽ കഴുകിടും
കടൽതിരമാലകൾ എന്നുമെന്നും
അവളെ ഹാരങ്ങൾ അണിയിച്ചൊരുക്കുമാ
നദികളും കുഞ്ഞു കുഞ്ഞരുവികളും

വർണ്ണ വൈരുദ്ധ്യവും ഭാഷവൈരുദ്ധ്യവും
വേഷവൈരുദ്ധ്യവും ഉള്ളവർ നാം
എങ്കിലുമീ നാനാത്വത്തിലുമേകത്വം
കാത്തു സൂക്ഷിച്ചൊരു നാടിതല്ലോ

ഐക്യവും ഒരുമയും കാത്തു സൂക്ഷിച്ചിടാം
എന്നുമീ നാടിൻ കരുത്തതല്ലോ
പോരാടി നേടിയൊരീ ജന്മഭൂവിതിൻ
അഭിവൃദ്ധിയ്ക്കായെന്നും പരിശ്രെമിക്കാം…

By ivayana