രചന : മാറാത്തു ഷാജി ✍

വെയിലിന് നല്ല ചൂടുണ്ട്. അലക്ക് കല്ലിനടുത്ത് നില്ക്കാൻ തന്നെ കഴിയുന്നില്ല. അലക്കിയ തുണികൾ ബക്കറ്റിലിട്ട് അവൾ വേഗം വേഗം ഒലുമ്പിയെടുത്തു. പിഴിഞ്ഞെടുത്ത തുണികളെല്ലാം ഒരു ബക്കറ്റിലാക്കി തൂക്കിയെടുത്തു നടന്നു. ഉണക്കാനായി വിരിച്ചിടാൻ ചെന്നപ്പോഴാണ് അഴകെട്ടിയത് പൊട്ടി വീണ് കിടക്കുന്നത് കണ്ടത്. ഇനിയിപ്പോൾ തുണി വിരിച്ചിടാൻ എന്തു ചെയ്യും ? പൊട്ടിക്കിടക്കുന്നത് കാണാഞ്ഞതിനെക്കുറിച്ചോർത്ത് അവൾക്ക് തന്നോടു തന്നെ ദേഷ്യം വന്നു. മുമ്പേ കണ്ടിരുന്നെങ്കിൽ അച്ഛനോട് പറയാമായിരുന്നു. അച്ഛനും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

കണ്ടിരുന്നെങ്കിൽ എങ്ങിനെയെങ്കിലും കെട്ടിയിടുമായിരുന്നു. അഴകെട്ടുന്നത് വല്യ പണിയൊന്നുമല്ല എങ്കിലും അനിമോളെക്കൂടി വിളിച്ചു അവൾ. രണ്ടാളും കൂടി അഴ വലിച്ചു കെട്ടി. അലക്കിയെടുത്ത തുണികളെല്ലാം വിരിച്ചിട്ടു. അകത്തു നിന്നും കുറച്ച് കഞ്ഞി വെള്ളം കൊണ്ടുവന്ന് അച്ഛനുടുക്കുന്ന മുണ്ടുകൾ മുക്കി പിഴിഞ്ഞിട്ടു.
“ചേച്ചി എവിടെയങ്കിലും പോകുന്നുണ്ടാ ഇന്ന്?” അനില അപർണ്ണയോടായി ചോദിച്ചു.
“ഇല്ലല്ലോ? എന്തേ പ്പോ അങ്ങനെ ചോദിക്കാൻ ?” തുണി കുടഞ്ഞിടുന്നതിനിടയിൽ അപർണ്ണ അവളെ തിരിഞ്ഞു നോക്കി.


മാവിൽ നിന്നും ഉതിർന്നു വീണൊരു കണ്ണിമാങ്ങ പെറുക്കിയെടുത്ത് അതിന്റെ ഞെട്ടി ചാരിനിന്നിരുന്ന തെങ്ങിൽ തടിയിൽ ഉരച്ചു കൊണ്ടാണവൾ പറഞ്ഞത്.
“ധ്യതിയിലെല്ലാം ചെയ്യുന്നതു കണ്ടപ്പോൾ ചോദിച്ചതാണേ……”.
“കാക്ക കൂടി കൊള്ളാത്ത വെയിലാണ് . പുറത്തേക്കിറങ്ങിയാൽ കരിയും മനുഷ്യൻ. അതാടീ പെണ്ണേ ….” അനിലയുടെ കളിയാക്കലിനുള്ള മറുപടിയായി അവൾ പറഞ്ഞു.
“കുറച്ചു വെയിലു കൊണ്ടുന്ന് വെച്ചിട്ട് ഒന്നും വരാനില്യ. അലറി പൂ പോലെ വെളുത്തിരിക്കണ ദേഹത്ത് ത്തിരി വെയിലൊക്കെ കൊള്ളാം. ന്നാലും ന്റത്രേം കറുക്കില്ല”. അനിലയുടെ വാക്കുകളിൽ ഒരു ദു:ഖം നിഴലിട്ടു.


അപർണ്ണ അമ്മയെ പോലെ വെളുത്തിട്ടാണ്. അനിമോളാണെങ്കിൽ സുധേട്ടനെപ്പോലെ ഇരുനിറം. അതിന്റെയൊരു സങ്കടം അവളുടെ ഉള്ളിലുണ്ടെപ്പോഴും.
കണ്ണിമാങ്ങ ചവക്കുന്നുണ്ടെങ്കിലും അനിലയുടെ മുഖം മ്ലാനമായത് ശ്രദ്ധിച്ചു അപർണ്ണ .
“നീയതിന് അത്രേം കറുത്തിട്ടൊന്നുമല്ലല്ലോ? പിന്നെ കറുത്താലെന്ത് വെളുത്താലെന്ത്? നിറം മനസ്സിനല്ലേ വേണ്ടത്. ന്റെ പൊന്നുന് നല്ലൊരു മനസ്സുണ്ടല്ലോ… അതു പോരെ?”
ബക്കറ്റുമെടുത്ത് വടക്കേ പുറത്തേക്ക് നടക്കുന്നതിനിടയിൽ അവളേയും ചേർത്തുപിടിച്ചു അപർണ്ണ .


“ന്നാലും ഈ വെളുപ്പിനോടെനിക്ക് ത്തിരി കുശുമ്പാ….” അതും പറഞ്ഞ് അപർണ്ണയുടെ കൈത്തണ്ടയിലൊരു നുള്ളും കൊടുത്തു അനില.
“ടീ നിന്നെ ഞാൻ…..” അപർണ്ണ പിടിക്കാനാഞ്ഞതും കുതറി മാറി ഓടിക്കളഞ്ഞു അനില.
“നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്. കുളിച്ചു വരട്ടെ”. അതും പറഞ്ഞ് ചിരിച്ചുകൊണ്ട് അപർണ്ണ കുളിക്കാനായി കുളിമുറിയിലേക്ക് നടന്നു.


ഉച്ചയൂണിനായി സുധാകരൻ എത്താനല്പം വൈകി. എന്നും ഒരു മണിയോടടുപ്പിച്ച് എത്താറുള്ളതാണ്. ആ സമയത്താണ് ഓട്ടോക്ക് ഓട്ടം വന്നത്. അതുകൊണ്ടു തന്നെ ഇന്ന് രണ്ട് മണിയായി. വെയിലിന്റെ ചൂടിൽ വിയർത്തു കുളിച്ചാണ് അയാളുടെ വരവ്. അച്ഛന്റെ ക്ഷീണം മാറാനായി നാരകത്തിന്റെ ഇലയും ഇഞ്ചിയും പച്ചമുളകുമൊക്കെയിട്ടു സംഭാരമുണ്ടാക്കിക്കൊടുത്തു അപർണ്ണ .


“ഇപ്പോഴിങ്ങനെ ചൂടായാൽ കുംഭം മീനത്തിലെന്താവും ചൂട്”. സംഭാരം കുടിച്ച് വിയർപ്പാറ്റുമ്പോൾ സുധാകരൻ ആത്മഗതം പോലെ പറഞ്ഞു.
“ഊണു കഴിച്ച് ഇത്തിരി കിടന്നോളു അച്ഛാ ….. വെയിലാറട്ടെ ന്നിട്ട് പോയാ മതി”. സുധാകരൻ കഴിക്കാനിരുന്ന മേശ തുടച്ച് ഇല വെക്കുന്ന സമയത്ത് അനില അച്ഛനോട് പറഞ്ഞു.


“അങ്ങനെ നോക്കീട്ട് കാര്യല്യ പൊന്നോ….വെയിലും മഴയുമൊക്കെ അതിന്റെ വഴിക്ക് സുധാകരന്റെ അപ്പു ഓട്ടോ അതിന്റെ വഴിക്ക്”.
സുധാകരൻ തമാശയായി പറഞ്ഞതാണെങ്കിലും ഓരോ ഓട്ടോ റിക്ഷക്കാരന്റേം മനസ്സാണതെന്നും അപർണ്ണക്ക് തോന്നി.
“അപ്പു ഓട്ടോ…. ഒരു രസമില്ലാത്ത പേരാണ്”. അനില പറഞ്ഞു.
“ആ പേരിനെന്താ കുഴപ്പം. ഇനിപ്പോ ആ പേരിന് കുഴപ്പാ ച്ചാൽ വേറെ ഏത് പേരിടും?” സുധാകരൻ ചെറു ചിരിയോടെ അനിലയെ നോക്കി.
“അനിലമോൾന്നാ നല്ലത്”. അച്ഛന്റെ മുഖത്ത് നോക്കാതെ ശീലാന്തിയിലേക്ക് മുഖം ഉയർത്തി നോക്കി അനില പറഞ്ഞു.


“ഹ… ഹ…ഹ…” സുധാകരൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു “എന്നും വണ്ടി കഴുകുന്നത് ആരാ?”
“ചേച്ചി”. അലസമായ ഭാഷയിൽ അനില മറുപടി പറഞ്ഞു.
“അപ്പോ പിന്നെ വണ്ടിക്ക് അവളുടെ പേരല്ലേ ഇടേണ്ടത്”. സുധാകരൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.
“അങ്ങനെയൊക്കെയുണ്ടോ?”അവളുടെ മുഖത്ത് പരിഭവത്തിന്റെ ലാഞ്ചന നിഴലിട്ടു.
“അങ്ങനാച്ചാൽ ഗായത്രി ബസ്സ് എന്നും കഴുകുന്നത് ഗോപാലേട്ടനല്ലേ ….ന്നിട്ടെന്തേ ആ ബസ്സിന് ഗോപാലൻ ബസ്സ് എന്ന് പേരിട്ടില്ല ?”
അനിലയുടെ തർക്കം സുധാകരന് രസിച്ചു. അയാളുറക്കെ ചിരിച്ചു.


“ഇനി കാണുമ്പോൾ മേൻന്നോടു ചോദിക്കാം. പോരേ ?” സുധാകരൻ തമാശയായി പറഞ്ഞ് ഊണു കഴിക്കാൻ തുടങ്ങി.
അനില പരിഭവം മാറാതെ നില്ക്കുന്നത് കണ്ടപ്പോൾ അയാൾക്ക് സങ്കടം തോന്നി. അവളെ വിളിച്ച് അടുത്തിരുത്തി. ഒരുരുള ചോറ് അനിമോൾക്ക് കൊടുത്തു. ഇടതു കൈകൊണ്ട് പതിയെ അവളുടെ തലയിൽ തലോടി.


“മോളു വിഷമിക്കണ്ട അടുത്ത കൊല്ലം പുതിയ പെയിന്റടിക്കുമ്പോൾ വണ്ടിക്ക് ന്റെ പൊന്നുന്റെ പേരിടാം ട്ടാ”
അത് കേട്ടപ്പോൾ അവളുടെ കണ്ണിൽ സന്തോഷം തിളങ്ങി.
“പെണ്ണിനെ കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കുകയാണ് അച്ഛൻ”. ഇവരുടെ സംസാരമൊക്കെ കേട്ടു കിടക്കുകയായിരുന്ന സുധാകരന്റെ ഭാര്യ അകത്ത് നിന്നും പറഞ്ഞു.
“ഒന്നിനൊക്കോണം വളർന്നു. ന്നിട്ടും കുട്ടിക്കളി മാറീട്ടില്ല. ആ പെണ്ണൊറ്റക്കാ എല്ലാ പണിയുമെടുക്കുന്നത്. അവളെ സഹായിക്കണമെന്നും തനിക്കെല്ലാം പഠിക്കണമെന്നോ തോന്നണുണ്ടോ ? വേറൊരു വീട്ടിൽ ചെന്നു കയറേണ്ടവളല്ലേ ? അങ്ങനെ വല്ല വിചാരവുമുണ്ടോ അവൾക്ക് ?”
“ഓ തുടങ്ങി”. അമ്മയുടെ ചോദ്യ ശരം കേട്ടപ്പോൾ ഇനിയിവിടെ നില്ക്കുന്നത് പന്തിയല്ലെന്ന്കണ്ട് അവളെഴുന്നേറ്റ് പോയി.


“നീയെന്തിനാ അവളെ വഴക്കു പറഞ്ഞത് ? അവൾക്ക് വിഷമമായിട്ടുണ്ടാകും”. ഊണു കഴിഞ്ഞ് കൈ കഴുകി വന്ന് സുധാകരൻ ഭാര്യയോടായി ചോദിച്ചു.
“വഴക്കല്ല സുധേട്ടാ…. മറ്റൊരു വീട്ടിൽ ചെല്ലുമ്പോ അവര് നമ്മളെ പറയില്ലേ ?”
“അതൊക്കെ അവൾ പഠിച്ചോളും. അപർണ്ണ പഠിച്ചില്ലേ ? സാഹചര്യം വരുമ്പോൾ അവളും പഠിക്കും”. സുധാകരൻ പറഞ്ഞു.


“പഠിച്ചാൽ അവൾക്ക് നല്ലത്. അല്ലെങ്കി അവനോൻ തന്നെയാണ് ബുദ്ധിമുട്ടുക”.
ഭാര്യയുടെ സംസാരത്തിന് സുധാകരൻ മൂളുക മാത്രം ചെയ്തുകൊണ്ട് അയാൾ പോകാനായി എഴുന്നേറ്റു.
“ഇന്നന്തേ ധ്യതി?” ഭാര്യ ചോദിച്ചു.
“ഓട്ടമുണ്ട്”. സുധാകരൻ മറുപടി പറഞ്ഞു.
“വെള്ളത്തേരിക്കാരുടെ വീട്ടിൽ കുടുംബ സംഗമം നടക്കുകയാണ്. ഇരുനൂറ്റി ചില്വാൻ വീടുകളുണ്ട് ഇപ്പോൾ. പലസ്ഥലങ്ങളിലായി പരന്നുകിടക്കുകയായിരുന്നു. എല്ലാവരേയും ഏകോപിപ്പിക്കണമെന്ന് കാർത്ത്യായനി അമ്മയാണ് ആദ്യം പറഞ്ഞത്. പാമ്പുംകാവ് അന്യാധീനപ്പെട്ട് കിടക്കുകയാണ്. അതിന്റെ അസ്കിതകൾ കുംടുംബത്തിനുണ്ടെന്ന് പ്രശ്നം വെച്ചപ്പോൾ കണ്ടിരുന്നു. ഇത്രയും ആൾക്കാരുള്ള ഒരു കുടുംബത്തിന്റെ പാമ്പുന്മാർക്ക് ഇങ്ങനെ കഴിയേണ്ട ഗതികേടുണ്ടാക്കരുത്.

ഏകോപിപ്പിച്ച് നല്ല രീതിയിൽ പൂജയും കാര്യങ്ങളും നടത്തണം. കാർത്തുവിന്റെ വാക്കുകൾ നടപ്പിലാക്കാനായി പ്രകാശനും സുരുവും നന്ദുവുമൊക്കെ മുന്നിട്ടിറങ്ങി. അങ്ങിനെയാണ് എല്ലാവരേയും ഏകോപിപ്പിച്ച് ഇങ്ങനെയൊരു കൂടിച്ചേരൽ നടത്താൻ സാധിച്ചത്. എന്നിട്ടും മുഴുവൻ പേരേയും പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല എന്നാണ് പ്രകാശൻ പറഞ്ഞത്. താവഴികളായി പിരിഞ്ഞുപോയ പലരും പല നാടുകളിലായിട്ടാണ് കഴിയുന്നത്. കാലങ്ങൾക്ക് ശേഷം പലരേയും കണ്ടുമുട്ടിയ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ട്. ഉച്ചയ്ക്ക് ശേഷം, വിശേഷങ്ങൾ വീണ്ടും കണ്ടുമുട്ടുമ്പോൾ പറയാമെന്ന് പറഞ്ഞ് പലരും പിരിയാൻ തുടങ്ങിയിരുന്നു.


വെള്ളത്തേരിയിൽ നിന്ന് ചിറ്റണ്ടക്ക് ഓരോട്ടമുണ്ട്. ശശിയേട്ടനെക്കണ്ട് വിശേഷങ്ങൾ അന്വേഷിക്കുകയും ജയേട്ടന്റെ മറുപടി വല്ലതും വന്നോന്ന് തിരക്കുകയും വേണം”.
അതും പറഞ്ഞ് കാക്കി ഷർട്ടെടുത്തിട്ട് ചൂടിനെ വകവെക്കാതെ അയാൾ മുറ്റത്തേക്കിറങ്ങി.
പരന്ന് കിടക്കുന്ന പാടത്തപ്പോൾ നട്ടുച്ചവെയിലിന്റെ വെള്ളിവെളിച്ചം തിളങ്ങിക്കിടന്നു. കണ്ടോരന്റെ രണ്ടു പോത്തുകൾ മാത്രം കോരൻ കുളത്തിലെ വെള്ളത്തിൽ നീന്തി നടക്കുന്നുണ്ടായിരുന്നു.

By ivayana