രചന : അജികുമാർ നാരായണൻ✍

മലനാടിൻ മാനം കാക്കാൻ
മലങ്കാറ്റായി കുതിച്ച് ,
കുടക് പാളയത്തിലിരച്ചുകയറി
ശത്രുസംഹാരമാടിയവൻ
മന്ദപ്പൻ!
കതിവനൂരിന്റെ വീരമകൻ!

ദാഹനീർ യാചനയുടെ
മറുപുറങ്ങളിൽ
എണ്ണക്കാരിയുടെ സൗന്ദര്യഭ്രമത്തിൽ
ഉപാധികളോടെയുള്ളൊരു
പാണിഗ്രഹണത്താൽ
കുടകിന്റെയും , മലനാടിന്റെയും
വശ്യസൗന്ദര്യങ്ങളെ ലയിപ്പിച്ചവൻ !

ചരിത്രമായിത്തീർന്ന
പടക്കുതിപ്പിന്റേയും,
പടക്കിതപ്പിന്റേയും
നേരറിവാർന്നവൻ.
ചതിക്കപ്പെട്ടു മരണം വരിച്ച്
വീരേതിഹാസം രചിച്ച ധീരൻ !

ചെന്തലയോന്തിന്റെ
വഴിമുറിച്ചോട്ടത്തിൽ
ചെമ്മരത്തിയാം പാതിയുടെ അടയാളവിലക്കുകളുടെ
ശാപവചനങ്ങളിലും
തളരാതെയുറച്ച
പോരാട്ടവീര്യം !

ജേതാവായിട്ടു പീഠമേറിയിട്ടും
മുദ്രാംഗുലമറ്റവന്റെ
ജന്മാഭിമാനപ്പെരുമയുടെ
മോതിരവിരൽ തേടിയുള്ള
തിരിച്ചു പോക്ക് !

പടനിലത്തിലെ ചതിക്കണ്ണുകളിൽ
സൂക്ഷ്മതയുടെ തിരയിളക്കങ്ങൾ.
വന്യവും ക്രൂരവുമായ
ശാപവചനങ്ങളുടെ പൂർണ്ണത !

ആറു മുറിക്കറുപത്താറും
നൂറ് മുറിക്ക് നൂറ്റെട്ടും കഷണങ്ങളായ്
പടക്കളത്തിൽ ചിതറിത്തെറിച്ച്,
ഭാര്യാവചന ലംഘനത്തിന്റെ
രക്തസാക്ഷി!
കതിവന്നൂർ വീരൻ !

അജികുമാർ നാരായണൻ

By ivayana