രാജേഷ് കെ എ ✍

നിലമ്പൂർ കരുളായിവനമേഖലയിലെ കരിമ്പുഴ ഭാഗത്തെ ഗുഹയില്‍ താമസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസി മൂപ്പൻ കരിമ്പുഴ മാതന്‍ (90) കാട്ടാനയുടെ ആക്രമണത്തിൽ അന്തരിച്ചു .ഇന്നലെ റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങുവാൻ മാഞ്ചീരിയിലേക്ക് പോകുമ്പോള്‍ പാണപ്പുഴ വാള്‍ക്കെട്ട് ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. എല്ലാ ബുധനാഴ്ചയും വനം വകുപ്പും ഐ ടി ഡി പി യും ചേര്‍ന്ന് ചോലനായ്ക്ക ആദിവാസി സമൂഹത്തിന് ആവശ്യ ഭക്ഷ്യവിഭവങ്ങള്‍ മാഞ്ചീരി കോളനിയില്‍ എത്തിക്കാറുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായി പങ്കെടുക്കാനുള്ള അവസരവും മാതനും ഭാര്യ കരിക്കയ്ക്കും ലഭിച്ചിരുന്നു.ഏഷ്യയിലെ തന്നെ ഏറ്റവും സവിശേഷ പ്രാധാന്യമുള്ള പ്രാക്തന ഗോത്ര വിഭാഗങ്ങളിലൊന്നാണ് ചോലനായ്ക്കര്‍. ഗുഹയില്‍ ജീവിക്കുന്ന അപൂര്‍വ ഗോത്രവിഭാഗങ്ങളിലൊന്നാണിവര്‍. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു (അളകള്‍) പ്രധാനമായും ഇവരുടെ വാസസ്ഥലം. ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കന്‍ ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത്.

By ivayana