‘ബ്രിയോണ ടെയ്‌ലര്‍, നിന്റെ ജന്മദിനത്തില്‍ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം’ വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം ചെയ്തുകൊണ്ട് ഡി.സി മേയര്‍ മ്യൂറിയല്‍ ബൗസര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.അമേരിക്കയില്‍ വംശീയ വിവേചനത്തിന് ഇരയായി 26ാം വയസ്സില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ആഫ്രോ- അമേരിക്കനാണ് ടെയ്‌ലര്‍. അമേരിക്ക എങ്ങനെയാണോ ആവേണ്ടത് അങ്ങനെ ആക്കുക എന്നതു തന്നെയാണ് തീരുമാനമെന്നും ബൗസര്‍ കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാഷിംഗ്ടണ്‍ ഡി.സി മേയര്‍ ബൗസറും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് തെരുവിന് പുതിയ പേര് നല്‍കിക്കൊണ്ട് പ്രതിഷേധങ്ങള്‍ക്കുള്ള തന്റെ പിന്തുണ ബൗസര്‍ വ്യക്തമാക്കിയത്.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യമാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍. മഞ്ഞ നിറമുപയോഗിച്ച് തെരുവില്‍ ഈ മുദ്രാവാക്യം വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുമുണ്ട്.
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ആദരസൂചകമായിട്ടാണ് തെരുവിന്റെ പേര് മാറ്റിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞത്.
”ഞാന്‍ ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയാണ്, എന്റെ കുടുംബത്തിന് വേണ്ടിയാണ്, എന്റെ രാജ്യത്തിന് വേണ്ടിയാണ്. ഇത് വളരെ മുന്നേ ഞാന്‍ ചെയ്യേണ്ടതായിരുന്നു” റെഡ്ഡിറ്റ് സഹസ്ഥാപകനും ടെന്നീസ് താരം സെറീന വില്യംസിന്റെ ഭര്‍ത്താവുമായ അലക്സിസ് ഒഹേനിയന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിത്.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഒഹേനിയന്റെ രാജി പ്രഖ്യാനം.
കറുത്തവംശജര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഒഹേനിയന്റെ രാജി. തന്റെ പദവി ഒരു കറുത്ത വംശജന് നല്‍കണമെന്ന് ഒഹേനിയന്‍ ആവശ്യപ്പെട്ടു.