രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍

പിന്നെയും പിന്നെയും ഞങ്ങൾ വിളിക്കുന്നു
ഇന്ത്യ മുഴുവനും കാതോർത്തിരിക്കുന്നു
നേതാജി! നിൻറെ വരവിനായി
അത് വ്യർ‍ത്ഥമാമൊരു മോഹമാണെങ്കിലും
ആയുദൈർഘ്യത്തിലസാദ്ധ്യമെന്നാകിലും

‍ഞങ്ങളിപ്പഴും വിശ്വസിക്കുന്നു
വിശ്വസിച്ചേറെ ആശ്വസിച്ചീടുന്നു
ഈ വിശാലവിശ്വത്തിൽ
ഏതോ ദുരൂഹമാം കോണിൽ
നീയിപ്പഴും ഒളിവിലുണ്ടെന്ന്

കാണ്മു ഞങ്ങളുൾക്കണ്ണിൽ
നന്മ തിന്മയെക്കീഴ് പ്പെടുത്തീടും
വിജയഭേരി മുഴക്കുന്ന നാളിൽ
ഒരു സുപ്രഭാതത്തിൽ നീയെത്തും
ഞങ്ങളെ വീണ്ടും നയിക്കാൻ
ഈ നാടിന്‍റെ ചുക്കാൻ പിടിക്കാൻ

ഞങ്ങടെ ചുവരുകളിലുണ്ടല്ലൊ നിൻ ചിത്രം
കണ്ണട വച്ച വയസ്സുതീണ്ടാ മുഖം
ഉച്ചഫാലത്തിൻറെ താഴ്വരയിൽ
കത്തിജ്ജ്വലിക്കും നിന്നക്ഷിപ്രകാശത്തിൽ
ഉദ്ദീപ്തമാകുന്നു രാഷ്ട്രബോധം
ഞങ്ങൾ
കാത്തു സൂക്ഷിക്കുന്ന രാജ്യസ്നേഹം

ആർക്കും പിടികൊടുക്കാതെ
ധീരസാഹസവീര്യങ്ങൾ കാട്ടി
എന്നുമേ മായാത്ത ഹരിതാഭമാം
ഒരിതിഹാസമായി നീ മാറി
ഞങ്ങൾക്കുള്ളിൽ സ്വയം പ്രതിഷ്ഠിച്ചു
എന്നിട്ടെങ്ങോട്ട് നീ പോയ് മറഞ്ഞു
ഒന്നും മിണ്ടാതെ പോയെങ്ങൊളിച്ചു

ഇന്നും വിളങ്ങിനിൽക്കുന്നു ഞങ്ങൾക്കുള്ളിൽ
നിന്‍റെ പരിപൂതപാവനത്വം
നീ മടങ്ങിയില്ല ചളിയണിയാൻ
മറ്റു കുത്സിത നേതാക്കന്മാരെപ്പോലെ
ചപലയാം രാഷ്ട്രീയപ്പെണ്ണിനെ സാമോദം
പുൽ‍കിപ്പുണർന്ന് അവൾ വീശിയെറിയുന്ന
പാഴപ്പക്കഷണം പെറുക്കാൻ

ഭാരതമെന്നും തളരാത്തൊരത്ഭുതം
ഞങ്ങൾക്ക് പുനര്‍ജനിയിൽ‍ പൂർണവിശ്വാസം
ആയുസ്സലട്ടാത്ത ശാശ്വതത്വം
നിൻറെ പുനരാഗമനം സുനിശ്ചിതത്വം

എത്തിയിരിക്കാം നീ ഇന്നിവിടെ
കാത്തിരിക്കുന്നൊരീ ഗംഗാഭൂവിൽ
ഈ പെരുത്ത വിശാലരാഷ്ട്രത്തിൽ
ഏതു കുടിലിൽ ഏതോരു തൊട്ടിലിൽ‍
ഇപ്പോൾ ഒരുണ്ണിയായ് നീയുറങ്ങുന്നു?

കാതോർത്തിരിക്കുകയാണുഞാൻ‍ നേതാജി
നിൻറെ പോർവിളിയൊച്ചകൾ‍ കേൾക്കാനായി
പാറിപ്പൊളിഞ്ഞു തകർന്നു വീഴുന്നൊരെൻ
വൃദ്ധശരീരം മരിക്കും മുമ്പേ
എത്തുമോ വീണ്ടും നീ പണ്ടെപ്പോലെ
ഞങ്ങടെ പൊട്ടിത്തകർന്ന കിനാവുകളെപ്പേറി
ഈ വിസ്തൃതരാജ്യവക്ഷസ്സിലൂടെ
ആഞ്ഞടിക്കും ചുഴലിക്കൊടുംകാറ്റായ്
മാറ്റത്തിൻ‍ ഭേരി മുഴക്കാൻ?

ഈ സ്വപ്നത്തെ വ്യർത്ഥമാക്കൊല്ലെ
നേതാജി! ഇത് വ്യാമോഹമായിക്കാണൊല്ലെ
പർവതങ്ങളെ പന്താടുവാനുള്ള
ഈ ത്വര ഇന്ത്യതന്നിച്ഛാശക്തി

എത്തുക വേഗം നേതാജീ
ഏതുരൂപത്തിലായാലും
ഹതഭാഗ്യ ഭാരതമണ്ണിൽ
അവൾ കണ്ണിരിൽ മുങ്ങുന്നൊരമ്മ
വ്യർത്ഥസ്വപ്നങ്ങളെ പുൽ‍കിയുറങ്ങുന്ന
ഞങ്ങടെ പ്രിയമേറും പാവമമ്മ.

മഠത്തിൽ രാജേന്ദ്രൻ നായർ

By ivayana