രചന : ഷാജി നായരമ്പലം ✍

ഭാരതസ്വാതന്ത്ര്യത്തിന്നേടുകൾ, ചരിത്രത്തിൻ
തേരുരുളുളൊളിപ്പിച്ച വീരഗാഥകൾ തേടി-
പ്പോവുക നിങ്ങൾ ദൂരെ ചിറ്റഗോങ്ങിലെ കുന്നിൽ
ജലാലാബാദിൽ, രക്തചന്ദനം പുരട്ടിയോർ
പത്തുകുട്ടികൾ വെറും ബാല്യകൗമാരങ്ങളിൽ
വിപ്ലവത്തിളക്കങ്ങൾ വിണ്ണിലേക്കുയർത്തിയോർ…

ചങ്കിലെത്തിളക്കുന്ന വീരരക്തമേ, മണ്ണിൻ
നെഞ്ഞിടം നനക്കുവാൻ പോന്നുവോ? മടിക്കാതെ
സൂര്യനസ്തമിക്കാത്ത ഗർവ്വിനെ നടുക്കിയ
മാതൃസ്നേഹമോ നിങ്ങൾ കാഴ്ച്ചയായ് നിവേദിച്ചൂ?
കൊന്നൊടുക്കുവാൻ യന്ത്രത്തോക്കുകളിരുട്ടിന്റെ
പിന്നിലായ് നിലയ്ക്കാത്ത ഗർജ്ജനം മുഴക്കവേ,
നിർഭയം നിരായുധരെങ്കിലുമുറക്കെയാ
ഉത്തരം “വന്ദേ ഭാരതാംബ” യെന്നലറിയും
നേർക്കുനേരിരുട്ടിന്റെ വായ്ത്തല മടക്കുവാൻ
ഏറ്റുവാങ്ങിപോൽ വെടിയുണ്ടകളിളംനെഞ്ചാൽ..

ഇന്ത്യതൻ റിപ്പബ്ലിക്കന്നാർമ്മിയാണവർ, ധീരർ
ഒറ്റരാത്രിയെങ്കിലും കയ്യടക്കിപോൽ, ചിറ്റ-
ഗോങ്ങിലെ വെടിക്കോപ്പുശാലകൾ, യോദ്ധാക്കളായ്
പാരതന്ത്ര്യത്തിൻ നുകം തച്ചുടയ്ക്കുവാൻ പോന്നൂ..

കണ്ടുവോ ചരിത്രത്തിൻ താളിലായ് നിണം ചിന്തി-
പ്പണ്ടിവർ വിരചിച്ച ചിറ്റഗോങ്ങിലെ ചിത്രം?
കണ്ടുവോ വെറും മണ്ണിൽ നായ്ക്കളെപ്പോലെ വെള്ള-
പ്പട്ടികളിവരുടെ ജഡങ്ങൾ കരിച്ചതും
പിന്നെയോ അഹിംസതൻ വേദമന്ത്രങ്ങൾ ചൊല്ലി
നിന്നവർ തമസ്കരിക്കുന്നതും ചരിത്രത്തെ……

ഗുജറാത്ത് 1930 ഏപ്രിൽ 26

ഗാന്ധിയെത്തുന്നൂ, ധീര
രക്തസാക്ഷിതൻ വീട്ടിൽ
“വിത്തൽ ദാസ് ” മരിക്കാത്ത
ഓർമ്മയാണത്രെ, മദ്യ-
വർജ്ജനം നടപ്പാക്കാൻ
തെങ്ങുവെട്ടവേ , കൊടും
ദുർവ്വിധി, മഴു കാലിൽ-
ക്കൊണ്ടു ചത്തുപോയയാൾ !!

2017ജനുവരി 26

ഇന്നിതാ പുലർകാലേ
മണ്മറ,ഞ്ഞേതോ പ്രഭാ-
വെണ്മയൂഖങ്ങൾ തീർത്താ
തേരുരുൾക്കിലുക്കങ്ങൾ
വന്നുമാഞ്ഞുവോ? വെറും
സ്വപ്നമല്ല,തുല്യമാ-
മുൾക്കാരുത്തുമായ് ധീര
രക്തസാക്ഷികൾ നില്പൂ.
ശംഖൊലി മുഴക്കിയും,
രക്തപുഷ്പങ്ങൾ പറി-
ച്ചൊപ്പമായ് നിവേദിച്ച
ജീവനും സ്വപ്നങ്ങളും
തൂക്കി നോക്കുന്നു; പിന്നെ-
യാകുലം മരവിച്ച
ഭാരതാംബയെ നോക്കി
യീവിധം വിലപിപ്പൂ –

“ഞങ്ങളന്നുയർത്തിയ
സൌധശീർഷ‍ത്തിൽ ധ്വജം
മങ്ങിയോ, നിറം കെട്ടു
വീണുവോ? നിരർത്ഥകം
നെഞ്ഞിലെച്ചെഞ്ചോരയിൽ –
ച്ചാലിച്ചു പണിഞ്ഞതു
വർണ്ണലസൌധമോ വെറും
ചില്ലുകൊട്ടാരങ്ങളോ?

ഷാജി നായരമ്പലം

By ivayana